ഇടുക്കി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാളെ തുടരും. കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കാന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് മൂന്നാറിലെത്തും. രാത്രി ഏഴരമണിയോടെയാകും മന്ത്രി മൂന്നാറിലെത്തുക.
ജില്ലാ കളക്ടര്‍, എ.ഡി.എം, സബ് കളക്ടര്‍ എന്നിവര്‍ക്ക് പുറമേ ദേവികുളം, ഉടുമ്പന്‍ ചോല തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും മന്ത്രി മൂന്നാറിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നൂറ്റമ്പതോളം വരുന്ന കയ്യേറ്റങ്ങളുടെ പട്ടികയില്‍ നിന്ന് ഉടന്‍ ഒഴിപ്പിക്കാന്‍ തക്കവിധം നടപടികള്‍ പൂര്‍ത്തീകരിച്ചവരുടെ പട്ടിക ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് നല്‍കും.
മൂന്നാര്‍, ചിന്നക്കനാല്‍ പ്രദേശങ്ങളിലെ ഏതാനും കയ്യേറ്റങ്ങളാവും മന്ത്രി ബോര്‍ഡ് വച്ച് ഏറ്റെടുക്കുക. ഇതിനുള്ള ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. ബോര്‍ഡ് വച്ച് ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കാവുന്ന ഉത്തരവാദിത്വവും ഇത്തവണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നുണ്ട്.
ഒഴിപ്പിച്ച് ഏറ്റെടുക്കുന്ന ഭൂമി വേലികെട്ടി സംരക്ഷിക്കണമെന്നും വീണ്ടും കയ്യേറപ്പെട്ടാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റവന്യൂ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: