ഈയിടെ എല്ലായിടത്തും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിക്ഷേപനിലവറകള്‍ തുറന്നതിന്റെ വിശേഷങ്ങളുടെ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച വര്‍ത്തമാനങ്ങളേ കേള്‍ക്കാനുള്ളൂ. പത്രങ്ങളും ടിവിയുമൊക്കെ നിത്യേന പുതിയ പുതിയ കഥകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചരിത്രപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ആ സമ്പദ് ശേഖരത്തെ എങ്ങിനെ ഉപയോഗിക്കണമെന്ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ളവര്‍പോലും അഭിപ്രായ പ്രകടനങ്ങളിലൂടെ ജനങ്ങളെ അമ്പരപ്പിക്കുകയാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാക്ഷേത്രമാണല്ലോ പത്മനാഭസ്വാമിക്ഷേത്രം. കമ്പളക്കടുത്ത് നായ്ക്കാപ്പിലെ അനന്തപത്മനാഭക്ഷേത്രം മുതല്‍ അതിന്റെ വ്യാപ്തിയുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ അക്കരെയും ഇക്കരെയുമുള്ള തുളുബ്രാഹ്മണരാണവിടത്തെ കര്മികള്. കേരളത്തിലുടനീളമുള്ള നമ്പൂതിരികുടുംബങ്ങള്‍ തിരുവനന്തപുരത്ത് മുറജപത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. ഇങ്ങനെ അവകാശങ്ങള്‍ നിലനിന്ന മറ്റൊരു ക്ഷേത്രവുമില്ല.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ പറ്റി അങ്ങയറ്റത്തെ മായിക പ്രഭ നിലനിന്ന ഒരു അന്തരീക്ഷമായിരുന്നു ബാല്യകാലത്ത്. പള്ളിക്കൂടങ്ങളില്‍ അധ്യാപകര്‍ അതുവളര്‍ത്തുകയും ചെയ്തു. ശ്രീപത്മനാഭാമുകുന്ദാമുരാന്തകാ നാരായണാ നിന്മെയ് കാണുമാറാകണം എന്ന കീര്‍ത്തനം നിത്യേന സന്ധ്യക്ക് ആലപിച്ചിരുന്നു.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 904ല്‍ അധികാരമേറ്റ് ഉടവാളേറ്റെടുക്കുമ്പോഴും, പത്മനാഭസ്വാമിയുടെ പള്ളിവേട്ടയ്ക്ക് ശംഖും മുഖത്തേക്കെഴുന്നെള്ളുമ്പോഴും എട്ടുവീട്ടില്‍ പിള്ളമാരും തമ്പിമാരും ചേര്‍ന്ന് അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമൊക്കെ ചരിത്രത്തില്‍ വളരെ സ്തോഭജനകമായി അധ്യാപകര്‍ പഠിപ്പിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ ഏറ്റവും വിശിഷ്ടമായ നടപടിയായി അന്നുപഠിച്ചത് വിസ്തൃതമാക്കപ്പെട്ട രാജ്യം ശ്രീപത്മനാഭന് തൃപ്പടിദാനം നല്കിയ സംഭവമാണ്. തൃപ്പടിദാനത്തിന്റെ രേഖയും അക്കാലത്തു വായിക്കാനിടയായി. അതില്‍ അന്നത്തെ മലയാളഗദ്യത്തിന്റെ മാതൃകയും നമുക്കുകാണാം. ”
ശ്രീപണ്ടാരക്കാര്യം ചെയ്വാര്‍കളായ വാല മാര്‍ത്താണ്ടവര്‍മ്മരായ തിരുപ്പാപ്പൂര് മൂപ്പില്‍നിന്ന് താങ്കള്‍ക്കുള്ള തോവാളകോട്ടയ്ക്ക് പടിഞ്ഞാറ് കവിണാറ്റിനു (മൂവാറ്റുപുഴയാറിന്റെ കൈവഴി) കിഴക്കൊള്ള ഈരാച്യത്തിനകത്തൊള്ളത് നാളതുവരെ നമുക്കവകാശമായിട്ട് അനുപവിച്ചുവരുന്ന വത്തുകൃത്യങ്ങളും താനമാനങ്ങളും മറ്റു എപ്പേര്‍പ്പെട്ടതും പെരുമാള്‍ ശ്രീപണ്ടാരത്തിലേയ്ക്ക് ചര്‍വച്വാര്‍പണമാകത്തചന്തിരാര്‍ക്കമേ എഴുതിക്കൊടുത്താര്‍… അന്ന് കരപ്പുറവും (ചേര്‍ത്തല) ആലങ്ങാട് പറവൂര്‍ താലൂക്കുകളും മാര്‍ത്താണ്ഡവര്‍മയ്ക്കധീനമായിട്ടില്ല. പിന്നീട് ധര്‍മ രാജാവിന്റെ കാലത്താണ് അവിടം തിരുവിതാംകൂറിന്നധീനമായത്. ആ ഭാഗങ്ങള്‍ ധര്‍മരാജാവ് തൃപ്പടിദാനം ചെയ്യുകയായിരുന്നു.
പത്മനാഭസ്വാമിക്ഷേത്രത്തെപ്പറ്റി അത്ഭുതവും വിസ്മയവുമാണ് മനസ്സില്‍ നിലനിന്നത്. രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ തിരുവനന്തപുരം വര്‍ണന മനസ്സില്‍ പതിഞ്ഞു കിടക്കുന്നു.
ചൊല്ക്കൊണ്ട പണിപ്രകാരം
ചൊല്ലുകെളുതല്ലാരാലും
ഇക്കണ്ടപാരിലിങ്ങിന്നില്ലി
പ്പോഴെങ്ങും
ഒറ്റക്കല്ലിങ്ങോടിവന്നു മുഖണ്ഡപം ഭവിച്ചു മറ്റൊന്നതില്‍ പരം മന്നാര്‍ക്കാജ്ഞകൊണ്ടാമാ
തുടങ്ങിയവരികള്‍ പഠിച്ചപ്പോള്‍ അതെന്നു കാണാന്‍ കഴിയുമെന്ന ആകാംക്ഷയായി.
ഇപ്പോള്‍ നിലവറകള്‍ തുറന്ന് നിക്ഷേപങ്ങളുടെ വിവരം പുറത്തുവന്നപ്പോള്‍ വാര്യരുടെവാക്കുകള്‍ പരമാര്‍ഥമാണെന്ന് ലോകം മുഴുവന്‍ തലകുലുക്കി സമ്മതിക്കുന്നു. ഒരു നിലവറ എങ്ങിനെ തുറക്കാമെന്ന് ഇനിയും ആര്‍ക്കും പിടികിട്ടിയിട്ടില്ലല്ലൊ.
അറുപതുവര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് പഠിക്കാന്‍ എത്തിയപ്പോള്‍ തിരുവിതാംകൂര്‍ രാജ്യം ഇല്ലാതായിക്കഴിഞ്ഞിരുന്നു. മഹാരാജാവ് രാജപ്രമുഖനായിക്കഴിഞ്ഞു. എന്നാല്‍ ചില പ്രത്യേകാവകാശങ്ങളും സ്ഥാനമാനങ്ങളും നിലനിന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ഭരണഘടനാ ഭേദഗതിയിലൂടെ ആ അധികാരാവകാശങ്ങള്‍ നിര്‍ത്തല്‍ ചെയ്തു. എന്റെ പഠനകാലത്ത് രാജകീയ പ്രൗഢി അസ്തമിച്ചിരുന്നില്ല. ചിത്തിരത്തിരുനാളിന്റെ കോവിലെഴുന്നെള്ളത്ത് ദിവസം രണ്ടുനേരവും നടന്നുവന്നു. പോലീസ് ഗതാഗതനിയന്ത്രണം ചെയ്തു. റോഡിനിരുവശത്തും ജനങ്ങള്‍ വരിയായിനിന്ന് അദ്ദേഹത്തെ വാക്കൈപൊത്തി വണങ്ങിനിന്നു.
ആദ്യമായി ക്ഷേത്രത്തില്‍കയറിയത് തികഞ്ഞ അമ്പരപ്പോടെയായിരുന്നു. അന്നു ഗോപുരം ജീര്‍ണോദ്ധാരണത്തിലാണ്. മുഴുവന്‍ മുളകൊണ്ട് നിലകളുണ്ടാക്കി ഓലമറച്ചിട്ടുണ്ട്. ഇഷ്ടിക, സിമന്റ്, കുമ്മായം മുതലായ പണിസാധനങ്ങള്‍ കപ്പിയും കയറും ഉപയോഗിച്ചുള്ള ഒരു സംവിധാനത്തിലൂടെ മുകളിലേക്കയക്കുകയും, കാലിപ്പാത്രങ്ങള്‍ താഴെക്കിറക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. ആ പണികാരണം, അകത്തേക്ക് പ്രവേശം ഒരു വശത്തുകൂടെയായിരുന്നു. അടുത്തുവരുന്ന മുറജപത്തിനു മുന്നോടിയായുള്ള തയാറെടുപ്പിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണികളാണവ. ലക്ഷദീപത്തിന് വേണ്ടി വൈദ്യുതീകരണം കൂടി അക്കൂട്ടത്തില്‍ നടത്തിയിരുന്നു. അകത്തുകയറി വിസ്തരിച്ചു ദര്‍ശനം നടത്തി.
മഹാരാജാവിന്റെ എഴുന്നെള്ളത്ത് കാണാന്‍ പറ്റിയസമയത്ത് ക്ഷേത്രത്തില്‍ കയറണമെന്നാഗ്രഹിച്ചിരുന്നു. അന്നു പ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കറുമൊരുമിച്ചാണ് പോയത്. മഹാരാജാവ് ക്ഷേത്രത്തില്‍ വരുന്നതിനു മുമ്പുതന്നെ വടക്കെഗോപുരത്തിലൂടെ അകത്തുകയറി. അവിടത്തെ കാവല്ക്കാര് ഞങ്ങളെയെല്ലാം, ശീവേലിപ്പുരക്കടുത്തുള്ള മണ്ഡപത്തിലേക്കു നീക്കിനിര്‍ത്തി. എഴുന്നെള്ളത്ത് കഴിഞ്ഞ് രാജാവ് പുറത്തുപോകുന്നതുവരെ ഏതാണ്ട് ഒന്നരമണിക്കൂര്‍ അവിടെ നില്ക്കേണ്ടിവന്നു. ഒറ്റവസ്ത്രം ധരിച്ച് വേഷ്ടി അരയില്‍ കെട്ടി തൊഴുകയ്യോടെ സ്വാമിദര്‍ശനത്തിന് എത്തിയ വെളുത്തുമെലിഞ്ഞ തിരുമേനിയാണ് മഹാരാജാവ് എന്നു ദത്താജിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം എത്ര ദണ്ഡനമസ്ക്കാരങ്ങളാണ് നടത്തിയതെന്ന് പറയാന്‍ വയ്യ. ഓഛാനിച്ച് വാക്കൈപൊത്തിയ അനുചരന്മാര് ഓരോചലനവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മഹാരാജാവ് തിരിച്ചെഴുന്നെള്ളിയശേഷമേ ഞങ്ങള്‍ക്ക് മണ്ഡപത്തില്‍നിന്ന് പുറത്തുവരാനും, അകത്തുകയറാനും കഴിഞ്ഞുള്ളു.
1954ല്‍ കുറച്ചുമാസങ്ങള്‍. വഞ്ചിയൂരിലെ കാര്യാലയത്തിലാണ് ഞാന്‍ താമസിച്ചത്. അക്കാലത്തു മാധവജിയായിരുന്നു പ്രചാരകന്. മിക്ക ദിവസങ്ങളിലും അതിരാവിലെ കുളികഴിഞ്ഞ് മാധവജിയും പി.രാമചന്ദ്രനുമൊത്ത് ക്ഷേത്രദര്‍ശനം നടത്തുമായിരുന്നു. മാധവജി താന്ത്രികകാര്യങ്ങള്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ സൂക്ഷിച്ചു മനസ്സിലാക്കുകയും , അതിന്റെ തത്വങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരികയും ചെയ്തിരുന്നു. ഉത്സവകാലത്തും മുറജപത്തിനും മറ്റും നടത്തപ്പെടുന്ന സദ്യക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സ്ഥലത്ത് വലിയ ചെമ്പുകളും വാര്‍പ്പുകളും അടുപ്പത്തുതന്നെ വെച്ചിട്ടുള്ളത് കാണാം. സാമ്പാറും കാളനും മറ്റും തയ്യാറാക്കി സൂക്ഷിക്കുന്ന വലിയ കല്‍തൊട്ടികള്‍ ഒരു വശത്തുണ്ട്. വലിയ കയിലുകള്‍ ഉപയോഗിച്ച് മുക്കി വിളമ്പുപാത്രങ്ങളിലേക്കു പകരുന്നതിനുമുമ്പ് തൊട്ടിയുടെ വക്കില്‍ ചുവടുരച്ചതിന്റെ ഫലമായി അവിടെ വന്ന തേയ്മാനം നമ്മെ അത്ഭുതപ്പെടുത്തും.
ആദ്യകാലത്ത് ശാഖയില്‍ വരികയും പിന്നീട് കമ്മ്യൂണിസ്റ്റ് ചിന്തയിലേക്കു തിരിയുകയും ചെയ്ത ബാലകൃഷ്ണന് പോറ്റി, മുഖ്യശ്രീകോവിലിനരികത്തുള്ള നരസിംഹക്ഷേത്രത്തിലെ ശാന്തിക്കാരനായി പ്രവര്‍ത്തിക്കുന്നത് മാധവജിക്കു കാട്ടികൊടുത്തു. മാധവജിയെ കണ്ട് പോറ്റിയുടെ മുഖത്ത് ഒരു പരുങ്ങലുണ്ടായി. നരസിംഹസ്വാമിനടയിലെ തീര്‍ത്ഥം പാല്‍തന്നെയാണ്. അതു കുറേകൂടുതല്‍തന്നെ ഞങ്ങള്‍ക്കു തരുമായിരുന്നു. പഴവങ്ങാടിയിലെ പവര്‍ഹൗസ് റോഡില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ താമസിച്ചുവന്ന ഒരു വീട്(കമ്യൂണ്‍) ഉണ്ടായിരുന്നു. പോറ്റിയുടെ ഒരു ബന്ധുവും അവിടെ താമസമായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍നിന്നു കിട്ടിവന്ന അവകാശച്ചോറും കറികളും പതിവായി കമ്മ്യൂണില്‍ എത്തിക്കുമായിരുന്നു. ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ആത്മകഥയില്‍ ഈ വിവരം വായിച്ചപ്പോള്‍ ബാലകൃഷ്ണന് പോറ്റിയെ ഓര്‍മ്മവന്നു.
ഉത്സവക്കാലത്തു ക്ഷേത്രത്തിന്റെ നാടകശാലയില്‍ നടക്കുന്ന കഥകളി കാണാനും മാധവജിയും രാമചന്ദ്രനുമൊത്തു പോകുമായിരുന്നു. അവിടെ ചെണ്ടകൊട്ടിയിരുന്നവരില്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന മാധവന്‍നമ്പൂതിരി പിന്നീട് പ്രസിദ്ധരായ വാരണാസിസഹോദരന്മാരില്‍ ഒരാളായി.
പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷം അടല്‍ജി തിരുവനന്തപുരം സന്ദര്‍ശിച്ചയവസരത്തില്‍ ക്ഷേത്രദര്‍ശനം നടത്തി. രാമന്‍പിള്ളയും ഞാനുമാണദ്ദേഹത്തെ അനുഗമിച്ചത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അടല്‍ജിയെ മുഴുവനും കൊണ്ടുനടന്നു കാണിച്ചു. സാധാരണ അവസരങ്ങളില്‍ ലഭിക്കാത്ത സൗകര്യങ്ങളോടെ അന്നുക്ഷേത്രദര്‍ശനം സാധിച്ചു.
രാജമാതാ വിജയരാജേസിന്ധ്യയുടെ സന്ദര്‍ശന സമയത്തും ക്ഷേത്രദര്‍ശനം സാധിച്ചു. അന്നു അഡിമിനിസ്ട്രേറ്റര് തന്നെ അനുഗമിച്ചു. ഒറ്റക്കല്‍മണ്ഡപത്തിന്റെ മേല്‍തട്ടുതൂണുകളും സ്വര്‍ണം പൊതിയുന്ന ജോലികള്‍ നടക്കുന്ന സമയമായിരുന്നു അത്. രാജമാതാ ആ പ്രവൃത്തികളെപ്പറ്റി ചോദിച്ചുമനസ്സിലാക്കി. പിന്നീട് കവടിയാര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനവുമുണ്ടായി. രാമന്‍പിള്ളയും ഞാനും, ബിജെപി കൗണ്‍സിലര്‍ അശോക് കുമാറുമാണ് രാജമാതാവിനോടൊപ്പം പോയത്. ചിത്തിരതിരുനാളും മാര്‍ത്താണ്ഡവര്‍മ ഇളയരാജാവും കാര്‍ത്തിക തിരുനാളും രാജമാതാവിനെ സ്വീകരിച്ചു. പത്മനാഭസ്വാമി പഴയ തിരുവിതാംകൂറിന്റെ പ്രിസൈഡിംഗ് ഡീറ്റിയായിരുന്നുവെന്ന് മഹാരാജാവ് അവരെ ധരിപ്പിച്ചു.
ഒരായിരത്തിലേറെ വര്‍ഷക്കാലത്തെ ചരിത്രമുള്ള മഹാക്ഷേത്രമാണ് അത്. കേരളത്തിലെ 13 പതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ഭാരതത്തിലെങ്ങും നിന്ന് ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന ശ്രീപത്മനാഭപ്പെരുമാളിന്റെ ഈടുവെപ്പിലുള്ള കാണിക്കകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഇത്രനാളും അവ സംരക്ഷിക്കപ്പെട്ടതുപോലെ ഇനിയും സാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. ഹൈന്ദവജനതയുടെ ആശങ്കകള്‍ തീര്‍ക്കുന്നതിന് നിലവറതുറക്കാന്‍ കല്പിച്ച സുപ്രീം കോടതി തന്നെ നടപടികള്‍ എടുക്കണം.
-പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: