Categories: Varadyam

അവിശ്വാസിയുടെ താഴ്‌വര

Published by

തോട്ടുവരമ്പിലൂടെ ആളുകള്‍ എവിടേയ്‌ക്കോ വേഗത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. മനോഹരനും മുരളിയും ജയനുമൊക്കെ അക്കൂട്ടത്തിലുണ്ട്‌. ആരെങ്കിലും ഒന്നു വേഗത കുറച്ചെങ്കിലല്ലേ കാര്യം അന്വേഷിക്കാന്‍ പറ്റൂ. ഓ, വല്ലമരണമോ മറ്റ്‌ അത്യാഹിതമോ ആവാനാണ്‌ സാധ്യത. കൂട്ടത്തില്‍നിന്നും മുരളി അപ്പോഴാണ്‌ അപ്പുണ്ണിയെ കണ്ടത്‌.

“അപ്പുണ്ണി അറിഞ്ഞോ പൂമംഗലത്തെ നമ്മുടെ സീതാരാമന്‌ ഭ്രാന്തായിരിക്ക്ണു….രണ്ടുമൂന്നു ദിവസായത്രെ!”

“സീതാരാമന്‌ ഭ്രാന്തോ?..ഏയ്‌ അവന്‌ അങ്ങനെ വരാന്‍ തരമില്ല.”

അപ്പുണ്ണിയെ തീരെ വിശ്വാസം വന്നില്ല.

“ഞങ്ങളവിട്യേയ്‌ക്കാ….പോരുന്നില്ലേ…..”

മുരളി ആള്‍ക്കൂട്ടത്തിലൂടെ ഒഴുകി.

ഗ്രാമത്തില്‍നിന്നും ആദ്യമായിട്ട്‌ ഒരു സര്‍ക്കാരു പണി കിട്ടിയ സീതാരാമന്‍. തന്നോടൊപ്പം പത്താംതരം വരെ ഒരേ ക്ലാസില്‍ പഠിച്ചവന്‍…അവന്‍ കോളേജിലേക്ക്‌ പോയപ്പോള്‍ അപ്പുണ്ണി കലാസാംസ്ക്കാരിക പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവുമായി നാട്ടില്‍ തന്നെ ഒതുങ്ങിക്കൂടി. രണ്ടുപേരും ആഴ്ചയിലൊരിക്കലെങ്കിലും ഒന്നിച്ച്‌ കൂടാറുണ്ട്‌. ആ പതിവ്‌ സീതാരാമന്‍ ഔദ്യോഗികമായി ദൂരെ സ്ഥലത്തേയ്‌ക്ക്‌ സ്ഥലംമാറ്റം കിട്ടി പോകുന്നതുവരേയും തെറ്റിയ്‌ക്കാറില്ല.

ഭദ്രകാളീ ക്ഷേത്രത്തിലെ കഴകക്കാരനായ നാരായണമാരാര്‍ വീട്ടിലെ ഇല്ലായ്മകള്‍ അറിയിക്കാതെയാണ്‌ ഏക മകനായ സീതാരാമനെ വളര്‍ത്തിയത്‌. ക്ഷേത്രത്തിലെ മാലകെട്ടും അടിച്ചുതളിയും മഠങ്ങളിലെ അടുക്കള ജോലിയുമൊക്കെ ചെയ്തു കിട്ടുന്ന വരുമാനവും സീതാരാമന്റെ വിദ്യാഭ്യാസത്തിന്‌ ഒരു താങ്ങായി അമ്മ സരോജിനിയും നിര്‍വഹിച്ചു പോന്നു. സ്കൂളിലെ പഠിത്തകാലത്ത്‌ ഭക്ഷണപ്പൊതി കൊണ്ടുവരുന്നതുപോലും വിരളമായിരുന്നു. കൂട്ടുകാരില്‍നിന്നും കിട്ടുന്ന ചോറാണ്‌ പലപ്പോഴും വിശപ്പിന്‌ ഉപകരിക്കുക. ചിലപ്പോഴൊക്കെ വീട്ടിനടുത്ത അച്യുതന്‍ നായരുടെ വീട്ടില്‍നിന്നാവും ഉച്ചപ്പൊതി. നായരുടെ സുന്ദരിയും അല്‍പ്പം മുടന്തിയുമായ മകള്‍ ശകുന്തളയും സഹപാഠിയായിരുന്നു. സീതാരാമന്റെ ദേവീഭക്തരായ അച്ഛനമ്മമാര്‍ അവന്റെ വിദ്യാപുരോഗതിയ്‌ക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥനയിലാണ്‌. സീതാരാമനാകട്ടെ ദൈവങ്ങളോടും ജാതിയിലും മതത്തിലും ഒന്നും വിശ്വാസമില്ലാത്തവന്‍.

ജീവനില്ലാത്ത കല്ലിനെ പൂജിക്കുന്നതിനേക്കാള്‍ മനുഷ്യരെ പൂജിക്കുന്നതാണ്‌ നല്ലതെന്നൊക്കെ അയാള്‍ പറയുമായിരുന്നു.

ജാതിയും മതവും ദൈവങ്ങളുമൊക്കെ മനുഷ്യസൃഷ്ടിയാണെന്നും ലോകത്ത്‌ ആകെ രണ്ടുജാതിയേയുള്ളൂ അത്‌ ആണും പെണ്ണും ആണെന്നുമൊക്കെ പുതിയ ദര്‍ശനം കിട്ടിയ തത്വജ്ഞാനിയെപ്പോലെ പറഞ്ഞു നടന്നപ്പോള്‍ സീതാരാമനില്‍ ആളുകള്‍ വേറിട്ടൊരു വ്യക്തിയെ കണ്ടുതുടങ്ങി……”അനുഭവങ്ങള്‍ ഉണ്ടാവുമ്പോ ഓരോരുത്തരും ദൈവത്തില്‍ വിശ്വസിക്കാന്‍ തുടങ്ങും. തീയില്‍ തൊട്ടുനോക്കുന്നതുവരെ കുട്ടിയോട്‌ അതില്‍ തൊടരുത്‌ കൈപൊള്ളും എന്നുപറഞ്ഞാല്‍ കുട്ടിയ്‌ക്ക്‌ മനസിലാവില്ല, കൈപൊള്ളിത്തന്നെ അനുഭവിക്കണം…” അപ്പുണ്ണി പല അവസരങ്ങളിലും സീതാരാമനെ ഉദാഹരണങ്ങള്‍കൊണ്ട്‌ നേര്‍വഴിക്കാക്കാന്‍ നോക്കിയിട്ടുണ്ട്‌.

ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും എങ്ങുമെത്താതെ അവസാനിപ്പിക്കുകയാണ്‌ പതിവ്‌. ഒരുപക്ഷെ വ്യക്തിബന്ധംപോലും വിശ്വാസവിശ്വാസത്തിന്റെ കരിംപാറയില്‍ തട്ടി തകര്‍ന്നുപോകുമോ എന്ന്‌ രണ്ടുപേരും ആശങ്കപ്പെട്ടിരുന്നു.

അങ്ങനെ സീതാരാമന്റെ സ്വഭാവരീതികളെ കുറിച്ച്‌ ഓരോന്ന്‌ ഓര്‍ത്തുനില്‍ക്കുകയായിരുന്നു അപ്പുണ്ണി. “തന്തയ്‌ക്കും ഇതന്ന്യെയായിരുന്നല്ലോ സൂക്കേട്‌……”കുതിരവട്ടത്ത്‌ കൊണ്ടോയി കറണ്ടടിപ്പിച്ചിട്ടാ ഭേദമായത്‌….”

നാട്ടിലെ സംസാരം അങ്ങനെ തുടരവെ അപ്പുണ്ണിയും പൂമംഗലത്തേയ്‌ക്ക്‌ ആഞ്ഞുനടന്നു. മുറ്റത്തും പറമ്പിലും തോട്ടുവരമ്പിലും നല്ല ആള്‍ക്കൂട്ടം……അപ്പുണ്ണി നേരെ സീതാരാമന്റെ മുറി ലക്ഷ്യമിട്ടു നടന്നു.

“അപ്പുണ്ണീ…ഒറ്റയ്‌ക്കങ്ങ്ട്‌ കേറണ്ട….ഭയങ്കര പരാക്രമമാ…ഇന്ന്‌ രാവിലേം കൂടി നാരായണേട്ടനെ ശരിക്ക്‌ ഉപദ്രവിച്ചിട്ടുണ്ട്‌……മറ്റാര്‍ക്കും അങ്ങ്ട്‌ അടുക്കാന്‍ കഴിയണില്യ…..കയ്യീ കിട്ടിയത്‌ വച്ച്‌ ആക്രമിക്കുകയാ…..”

സ്ഥലം പഞ്ചായത്തു മെമ്പര്‍ കുമാരന്‍ അപ്പുണ്ണിയെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു.

ആത്മാര്‍ത്ഥ സ്നേഹിതന്റെ പരിതാപകരമായ ഈ അവസ്ഥയില്‍ അപ്പുണ്ണിയ്‌ക്ക്‌ വല്ലാത്ത ഉല്‍കണ്ഠ തോന്നി.

ഈയിടയ്‌ക്ക്‌ അമ്പലത്തിലേക്ക്‌ പോകുന്ന വഴി കവലയില്‍ വച്ച്‌ കണ്ട്‌ കാര്യങ്ങള്‍ സംസാരിച്ചതാണ്‌. അമ്മയ്‌ക്ക്‌ തുണയായി എവിടെനിന്നെങ്കിലും നല്ല തറവാട്ടില്‍നിന്ന്‌ കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞതാണ്‌. ഉള്ളില്‍ ഒരല്‍പ്പം അസൂയ തോന്നാതിരുന്നില്ല അപ്പുണ്ണിയ്‌ക്ക്‌. സ്ഥിരമായി ഒരുദ്യോഗമുണ്ട്‌. കാണാന്‍ യോഗ്യന്‍…അച്ഛനമ്മമാര്‍ക്ക്‌ അരുമയ്‌ക്കരുമയായവന്‍…..തന്റെ കാര്യവുമായി തട്ടിച്ചുനോക്കിയപ്പോ സീതാരാമന്‍ ഏതുകൊണ്ടും ഭാഗ്യവാന്‍! ഇപ്പോള്‍ ഇവനിങ്ങനെ വരാന്‍……”എന്റെ അപ്പുണ്ണീ….എന്റെ വയറ്റിപ്പിറന്നില്ലെന്നേയുള്ളൂ….നീയും അവനും എനിക്ക്‌ ഒരുപോലെയാ…..നീ വിചാരിച്ചാലേ അവനെ രക്ഷിക്കാന്‍ കഴിയൂ….അവന്റച്ഛന്‍ ഉറക്കമിളച്ച്‌ ചാകാറായി. മോന്റെ അസുഖം മാറാന്‍ അമ്പലത്തില്‍ ഭജനമിരിക്കുകയാ….ഇത്രേം കാലം ഭഗവതിയെ സേവിച്ചിട്ട്‌ ഇങ്ങനെയായല്ലോടാ മോനേ…..”

മാറത്തടിച്ച്‌ നിലവിളിച്ച്‌ അപ്പുണ്ണിയെ കെട്ടിപ്പിടിച്ച്‌ സീതാരാമന്റെ അമ്മ അലമുറയിട്ടു.

ശരിയാണ്‌. സീതാരാമന്റെ അമ്മയ്‌ക്ക്‌ വളരെ സ്നേഹവും ഇഷ്ടവുമായിരുന്നു അപ്പുണ്ണിയെ. അതുപോലെ അപ്പുണ്ണിയുടെ അമ്മയ്‌ക്ക്‌ സീതാരാമനോടും. “അമ്മേ സമാധാനപ്പെടൂ……അവനെ ഞാനൊന്നു കാണട്ടെ…..അവന്റെ അസുഖമൊക്കെ ഞാന്‍ മാറ്റിയെടുക്കും…..”അപ്പുണ്ണി അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“അവനെ എവിടെയെങ്കിലും കൊണ്ടുപോയി എത്ര ചെലവായാലും സൂക്കേടു ചികിത്സിച്ചു മാറ്റണേ മോനേ…. എല്ലാവരും പരിശ്രമിച്ചു നോക്കിയതാ. ആ മുറീന്ന്‌ ഇറങ്ങീട്ടുവേണ്ടേ….രണ്ടുമൂന്നു ദിവസമായി ആഹാരം കഴിച്ചിട്ട്‌. എവിടെ പോയാലും എത്ര താമസിച്ചു വന്നാലും രണ്ടുനേരം തേച്ചുകുളി നിര്‍ബന്ധമായിരുന്നവനാ….ഇപ്പോ കുളിയുമില്ല തുണി കഴുകലുമില്ല….. എന്റെ കുട്ടിയ്‌ക്ക്‌ എന്തു പറ്റിയെന്റെ ദൈവങ്ങളെ…..” ആ അമ്മയുടെ കണ്ണീരുകണ്ട്‌ അപ്പുണ്ണിയും വല്ലാതെ അസ്വസ്ഥനായി.

അവന്റെ അസുഖം എന്താണെന്ന്‌ മനസ്സിലാക്കി അതിന്‌ ചികിത്സ കണ്ടെത്തിയേ മതിയാവൂ….

അപ്പുണ്ണി രണ്ടും കല്‍പ്പിച്ച്‌ സീതാരാമന്റെ കിടപ്പുമുറിയിലേക്ക്‌ മെല്ലെ നടന്നു.

ആളുകള്‍ പഞ്ചപുച്ഛമടക്കി നിന്നു. നടക്കാന്‍ പോകുന്ന പൂരം എന്തായിരിക്കുമെന്ന ആകാംക്ഷയും ഉല്‍ക്കണ്ഠയും കനംവച്ചുനിന്ന നിമിഷങ്ങള്‍.

അകത്തുനിന്ന്‌ അടച്ചുകുറ്റിയിട്ടിരിക്കുന്ന വാതിലില്‍ അപ്പുണ്ണി തുരുതുരെ മുട്ടി.

“ഇതു ഞാനാണ്‌ സീതാരാമാ…..പടിഞ്ഞാറ്റിലെ അപ്പുണ്ണി….കതക്‌ തുറക്കൂ….”

വാതിലിന്‌ പുറത്ത്‌ കാതോര്‍ത്തുനിന്നു. വാതില്‍ തുറക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക?

സര്‍വശക്തിയും സ്വരുക്കൂട്ടി അപ്പുണ്ണിനിന്നു.

അല്‍പ്പസമയത്തിനുള്ളില്‍ വാതില്‍ തുറക്കപ്പെട്ടു. അപ്പുണ്ണി മുറിക്കുള്ളില്‍ കടന്നതോടെ വാതില്‍ അകത്തുനിന്നും സീതാരാമന്‍ തന്നെ അടച്ചുകുറ്റിയിട്ടു.

“ങാ….നീയോ…..എന്റെ ശവമടക്കലിനെങ്കിലും നീ വരുമെന്നെനിക്കറിയാമായിരുന്നു…”

അകത്ത്‌ താറുമാറായി കിടന്ന കസേരകളിലൊരെണ്ണം നീക്കിയിട്ട്‌ അപ്പുണ്ണി അതിലിരിക്കുന്നതിനിടയില്‍ സീതാരാമന്‍ പറഞ്ഞു.

മദ്യത്തിന്റേയും കഞ്ചാവിന്റേയും സിഗരറ്റിന്റേയും വിയര്‍പ്പിന്റേയും അസഹനീയ ഗന്ധം മുറിയ്‌ക്കുള്ളില്‍ പടര്‍ന്നുനിന്നു.

ഷേവു ചെയ്ത്‌ മുഖം വെടിപ്പാക്കാറുള്ള സീതാരാമന്റെ താടി രോമങ്ങള്‍ക്ക്‌ നീളം വച്ചിരുന്നു.

“ശവമടക്കലിനോ?…..ആരുടെ?”

അപ്പുണ്ണി സീതാരാമന്റെ മനോനില അളക്കുന്നതിനുവേണ്ടി ചോദിച്ചു.

“എന്റ്യെന്നെ….ആത്മാര്‍ത്ഥ സുഹൃത്തെന്നൊക്കെ പറയണത്‌ വെറുതല്ല്യെ….എനിക്കൊരാപത്തു വന്നപ്പോ നിനക്കൊന്ന്‌ തിരിഞ്ഞുനോക്കാന്‍ നേരം കിട്ട്യോ? ഒരാഴ്ചയായി ഞാന്‍ ആപ്പീസില്‌ പോയിട്ട്‌….നിയ്‌ക്ക്‌ ജോലി വേണ്ട….ഞാനിങ്ങനെ തന്നെയങ്ങ്ട്‌ ചാവും…..അത്രന്ന്യെ…..”

ആളുകള്‍ പറഞ്ഞ യാതൊരു പ്രകോപനവും സീതാരാമനില്‍നിന്നുണ്ടായില്ല എന്നതോര്‍ത്ത്‌ അപ്പുണ്ണി ആശ്വസിച്ചു.

“ഞാന്‍ മറ്റൊന്നും അറിഞ്ഞിട്ടോ ആരുംപറഞ്ഞിട്ടോ ചോദിക്ക്യാണന്ന്‌ വിചാരിക്കരുത്‌…നിനക്ക്‌ ശരിയ്‌ക്കും എന്താണ്‌ സംഭവിച്ചത്‌?..” അപ്പുണ്ണി ആരാഞ്ഞു. “ഭ്രാന്ത്‌….മുഴുത്തഭ്രാന്ത്‌…അതന്ന്യെ…..നിനക്ക്‌ വിശ്വാസം വരണില്ലല്ല്യെ..? എന്റെ അച്ഛനമ്മമാരും പുറത്ത്‌ നീ കണ്ട ആളുകളുമൊക്കെ എനിക്ക്‌ മുഴുത്ത ഭ്രാന്താണെന്നാണ്‌ പറേണത്‌…….അതീക്കൂടുതല്‌ തെളിവെന്താ വേണ്ടത്‌….?”

ആദ്യം സഹതാപം തോന്നിയെങ്കിലും അപ്പുണ്ണിയ്‌ക്ക്‌ ചിരിക്കാനാണ്‌ തോന്നിയത്‌.

“നിനക്കോ…? ഭ്രാന്തോ?…….ഞാനൊരിക്കലും അത്‌ വിശ്വസിക്കണില്ല്യ. നീ കാര്യങ്ങളെന്താണെന്ന്‌ എന്നോട്‌ തുറന്നു പറഞ്ഞേ പറ്റൂ….അതെന്താണെന്നറിഞ്ഞിട്ടേ ഞാനിവിടുന്ന്‌ പുറത്തിറങ്ങൂ…..ദൃഢനിശ്ചയം ചെയ്ത്‌ ഒരു മനഃശാസ്ത്രജ്ഞനെപ്പോലെ അപ്പുണ്ണി തന്റെ നിലപാട്‌ ഉറപ്പിച്ചു.

“തീര്‍ച്ച?”

“ങാ….തീര്‍ച്ച”

ചെറിയ എന്തോ വിഭ്രാന്തി സീതാരാമന്റെയുള്ളില്‍ കടന്നുകയറിയിട്ടുണ്ടെന്നുള്ളത്‌ നേര്‌. ഗൗരവമേറിയതോ ലാഘവമായതോ എന്തുമാകട്ടെ അത്‌ കണ്ടുപിടിച്ചേ മതിയാവൂ.

തന്റെ സാന്നിധ്യംകൊണ്ട്‌ സീതാരാമനില്‍ പ്രകടമായിരുന്നുവെന്ന്‌ പറയപ്പെടുന്ന വികാരവിക്ഷോഭങ്ങള്‍ക്ക്‌ നേരിയ പരിണാമം സംഭവിച്ചതുപോലെ….”നീ അത്‌ തുറന്നു പറഞ്ഞില്ലെങ്കില്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടേണ്ടിവരും…അതിലും പരിഹാരമായില്ലെങ്കില്‍….പിന്നെ നിനക്കറിയാമല്ലോ, മാനസിക രോഗാശുപത്രി വാസം….ഷോക്ക്‌ ട്രീറ്റ്മെന്റ്‌…അങ്ങനെപോകും…അതോടെ നിന്റെ ജീവിതം…..” അപ്പുണ്ണിയുടെ സമീപനം ഏകദേശം കളികാര്യമാകുന്ന മട്ടുണ്ടെന്ന്‌ സീതാരാമന്‌ പിടികിട്ടി.

“ശരി, നീ പറയുന്നതുപോലെ ഞാന്‍ കേള്‍ക്കാം……എപ്പോഴും എന്നോടൊപ്പമുണ്ടാകണം….”

“ഉണ്ടാവും…”

“ഉറപ്പ്‌?”

“എന്നാല്‍ തല്‍ക്കാലം എനിക്കിവിടെനിന്നും ഒരു മോചനം വേണം…”

“എവിടേയ്‌ക്ക്‌….?”

“നീ നിശ്ചയിക്കുന്ന ഒരു സ്ഥലത്ത്‌ സ്വസ്ഥമായിരുന്ന്എനിക്ക്‌ കുറേ കാര്യങ്ങള്‍ നിന്നോട്‌ പറയാനുണ്ട്‌. നീ അത്‌ ക്ഷമയോടെ, ഗൗരവത്തോടെ കേട്ടതിനുശേഷം പരിഹാരവും കണ്ടെത്തണം…” “വിഷയം കേട്ടതിനുശേഷമല്ലേ പരിഹാരത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുള്ളൂ. കേള്‍ക്കട്ടേ!”

സീതാരാമന്‍ ധരിച്ചിരുന്ന മുഷിഞ്ഞ കള്ളിമുണ്ടും കീറിത്തുടങ്ങിയ ഷര്‍ട്ടുമൊക്കെ മാറ്റി പുതിയ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച്‌ അപ്പുണ്ണിയോടൊപ്പം അജ്ഞാതമായൊരു യാത്രയ്‌ക്ക്‌ മുറിയില്‍നിന്നും പുറത്തേയ്‌ക്കിറങ്ങി. അപ്പുണ്ണിയുടെ മുന്‍പിലായി ആരുടേയും മുഖം നോക്കാതെ ആരോടും യാത്ര പറയാതെ സീതാരാമന്‍ നടന്നു.

മദയാനയെ പാട്ടിലാക്കാന്‍ പുറപ്പെടുന്ന പാപ്പാനെ കാണുന്നതുപോലെ ജനം സ്തബ്ധരായിനിന്നു. വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ ഇരുവരും ഒന്നും ഉരിയാടിയില്ല.

കവലയില്‍നിന്നും വൈകുന്നേരം മൂന്ന്‌ മണിക്ക്‌ നഗരത്തിലേയ്‌ക്കൊരു ബസ്സുണ്ട്‌. നഗരത്തിനടുത്ത മൈതാനത്തിനരികിലെ സ്റ്റോപ്പിലേയ്‌ക്ക്‌ ടിക്കേറ്റ്ടുത്തു. ബസ്‌ സ്റ്റോപ്പിലിറങ്ങി തൊട്ടടുത്ത ചായക്കടയില്‍നിന്നും വയറുനിറയെ ദോശയും കോഴിയിറച്ചിയും കഴിച്ചു. സീതാരാമന്റെ ഭക്ഷണത്തോടുള്ള ആര്‍ത്തി കൗതുകത്തോടെ നോക്കിയിരുന്നു അപ്പുണ്ണി. “ഹാവൂ……എത്ര ദിവസമായി വയറുനിറച്ചു ഭക്ഷണം കഴിച്ചിട്ട്‌…..കിട്ടാഞ്ഞിട്ടല്ല…., ഒന്നും അങ്ങോട്ടിറങ്ങൂന്നില്ല്യ അത്ന്യെ….”

സീതാരാമന്റെ അത്യാര്‍ത്തിയുടെ രഹസ്യം അപ്പോഴാണ്‌ അപ്പുണ്ണിയ്‌ക്ക്‌ മനസ്സിലായത്‌.

ഇരുവരും മൈതാനത്തിന്റെ ഒഴിഞ്ഞമൂലയിലുള്ള ആല്‍മരത്തിന്റെ ചോട്ടിലിരുന്നു.

“ഉം, ഇനി നിന്റെ ഭ്രാന്തിനടിസ്ഥാനമായ അറിയപ്പെടാത്ത ആ രഹസ്യം കേള്‍ക്കട്ടെ….”

അപ്പുണ്ണി തന്നെ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടു.

“ഞാന്‍ വളരെക്കാലമായി നിന്നോട്‌ പറയണമെന്ന്‌ കരുതിയെങ്കിലും ഒളിച്ചുവച്ചിരുന്ന ഒരു രഹസ്യമുണ്ട്‌. നീ എന്നെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ഒരുപക്ഷെ എന്നെ പൊതിരെ തല്ലുമെന്നും എനിക്കറിയാം.”

“നീ എന്റെ സ്വഭാവം മാറ്റിയ്‌ക്കരുത്‌ സീതാരാമാ…..നിനക്ക്‌ പറയാനുള്ളത്‌ വളച്ചുകെട്ടാതെ പറഞ്ഞുതുലയ്‌ക്ക….” അപ്പുണ്ണിയ്‌ക്ക്‌ ശുണ്ഠിവന്നു.

“കിഴക്കേതിലെ അച്യുതന്‍നായരെ അറിയോ നിനക്ക്‌. പുലിയൂര്‍ മഠത്തിലെ വാല്യക്കാരന്‍ അച്യുതന്‍ നായരെ…?”

“ഉം…..”

“അയാളുടെ മോള്‌ നമ്മുടെ കൂടെ ഒരുമിച്ച്‌ പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഞൊണ്ടിക്കാലുള്ള ശകുന്തളയെ നീ ഓര്‍ക്കുന്നുണ്ടോ..?”

“ഉവ്വ്‌…..”

“കുറെക്കാലമായി അവള്‍ക്ക്‌ എന്നോടൊരു പ്രേമം. രാത്രികാലങ്ങളില്‍ ഞങ്ങള്‍ പുലിയൂര്‍മഠത്തിന്റെ കിഴക്കേ സൈഡിലുള്ള കുളക്കരയില്‍ സന്ധിക്കാറുണ്ടായിരുന്നു. രാത്രിയെന്നുവച്ചാ ഒരു പന്ത്രണ്ടുമണി ഒരു മണി….”

“എന്നിട്ട്‌?”

“അവള്‍ കല്ല്യാണം കഴിയ്‌ക്കുന്നുണ്ടെങ്കില്‍ അത്‌ എന്നെ മാത്രമേ ആയിരിക്കൂന്ന്‌ ഒരേ പിടിവാശി…..എന്റെ അന്തസ്സിന്‌ അല്‍പ്പം മുന്തിയ ഒരു കുടുംബത്തീന്ന്‌ ഒരെണ്ണമാവണോന്ന്‌ അമ്മയ്‌ക്ക്‌ നിര്‍ബന്ധം. അവളുമായിട്ടുള്ള അടുപ്പം മറ്റാര്‍ക്കും അറിയില്ലായിരുന്നു. ഒരു നിലാവുള്ള രാത്രിയില്‍ അവളുടെ വീടിന്റെ പിന്നാമ്പുറത്തെ അറപ്പുരയില്‍ ഞങ്ങള്‍ സന്ധിച്ചു.” “പിന്നെ?” അപ്പുണ്ണിയ്‌ക്ക്‌ ജിജ്ഞാസ കൂടിക്കൂടി വന്നു. “ന്നെ ചതിയ്‌ക്കരുതെന്ന്‌ അവള്‍….ഒരിക്കലും അങ്ങനെയുണ്ടാവില്ലെന്ന്‌ ഞാന്‍….രാമേട്ടനെ ഞാന്‍ ദൈവത്തെപ്പോലെ വിശ്വസിക്കുകയാണെന്ന്‌ അവള്‍. അങ്ങനെ….പ്രലോഭിപ്പിച്ച്‌…..അവളെ പ്രാപിക്കുകയായിരുന്നു…ഒന്നല്ല; പല ദിവസങ്ങളിലും…..” സീതാരാമന്‍ ഒന്നുനിര്‍ത്തിയിട്ട്‌ തുടര്‍ന്നു.

“പിന്നെ എനിക്ക്‌ സ്ഥലംമാറ്റം വന്ന്‌ ദൂരേയ്‌ക്ക്‌ പോകേണ്ടിവന്നതിനാല്‍ രണ്ടുമൂന്നുമാസത്തേയ്‌ക്ക്‌ അവളെക്കുറിച്ച്‌ വിവരങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല….നാലഞ്ചുദിവസങ്ങള്‍ക്കുമുമ്പ്‌ എനിക്കൊരു കത്തുകിട്ടി…..അവളുടെ വയറ്റില്‍ എനിക്കുള്ള ഒരു കുഞ്ഞ്‌ വളരുകയാണെന്ന്‌ കത്തില്‍നിന്ന്‌ വായിച്ചപ്പോള്‍ ഇടിത്തീവീണതുപോലെയായി ഞാന്‍….അപ്പോള്‍ തന്നെ ലീവെടുത്ത്‌ നാട്ടിലേയ്‌ക്ക്‌ പോന്നു. ഞാന്‍ വല്ലാത്ത ധര്‍മസങ്കടത്തിലാണ്‌ അപ്പുണ്ണീ….എന്നെ രക്ഷിക്കണം…”

സീതാരാമന്‍ വല്ലാതെ വിങ്ങുകയായിരുന്നു.

“ധാര്‍മികമായി ചിന്തിക്കുകയാണെങ്കില്‍ എനിക്ക്‌ പറയാനുള്ളത്‌ നീ അവളെ കല്ല്യാണം കഴിക്കണമെന്നാണ്‌. അതുമാത്രമേ എനിക്ക്‌ പരിഹാരമായി പറയാനുള്ളൂ..”

“ആ ഞൊണ്ടിയെ വിവാഹം കഴിയ്‌ക്കണമെന്നാണോ നീ പറയുന്നത്‌…?” അതിലും ഭേദം ആത്മഹത്യയാണ്‌ നല്ല പരിഹാര മാര്‍ഗം….”

“അവളും ആ അവസ്ഥയിലാണല്ലോ? നിന്നെ ദൈവത്തെപ്പോലെ വിശ്വസിച്ചതിന്‌ കിട്ടിയ പ്രതിഫലവും പേറി ഒരു പക്ഷെ അവളും അങ്ങനെ ചെയ്തുകൂടെന്നുണ്ടോ?”

സീതാരാമന്‍ ഒന്നും മിണ്ടിയില്ല.

പടിഞ്ഞാറ്‌ ചെങ്കനല്‍ വിതറി സൂര്യന്‍ കെട്ടടങ്ങുമ്പോള്‍ പ്രശ്നപരിഹാരത്തിന്റെ തുരുത്തുകള്‍ തേടി സീതാരാമനെപ്പോലെ അപ്പുണ്ണിയും നിശ്ശബ്ദതയുടെ കയങ്ങളിലേക്ക്‌ മുങ്ങിത്താഴുകയായിരുന്നു.

-പേരുമല രവി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts