Categories: Kerala

ഉപാധികളില്ലാത്ത മാതൃഭാഷാ പഠനം സാധ്യമാക്കുക: ബാലഗോകുലം

Published by

കണ്ണൂര്‍: മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബാലഗോകുലം സ്വാഗതം ചെയ്യുന്നതായി കണ്ണൂരില്‍ നടക്കുന്ന 36-ാ‍ം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗം വ്യക്തമാക്കി. അതോടൊപ്പം ഭാഷാ പഠനത്തിന്‌ കല്‍പിച്ചിട്ടുള്ള പരിമിതികള്‍ നീക്കം ചെയ്യപ്പെടേണ്ടതാണ്‌. ഏത്‌ തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്തും ഉപാധികളില്ലാതെ സാര്‍വത്രികമായ മലയാള പഠനം സാധ്യമാകണം.

ഭാഷ കേവലം ആശയവിനിമയത്തിനപ്പുറം ഒരു സംസ്കാരവും വികാരവുമാണെന്ന ബോധം പൊതുജനങ്ങളിലും അധ്യാപകരിലും ഉണ്ടാവണം. സ്കൂളില്‍ വിശ്രമനേരങ്ങളില്‍ സമയം കണ്ടെത്തിയുള്ള പഠനത്തിന്‌ ആത്മാര്‍ത്ഥതയില്ല. ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും പൊതുധാരാ വിദ്യാലയങ്ങള്‍ക്കും ഒരേ മാനദണ്ഡങ്ങളായിരിക്കണം കൈക്കൊള്ളേണ്ടത്‌. യോഗം ചൂണ്ടിക്കാട്ടി. ബാലപീഡനത്തിനെതിരെയും ബാലഗോകുലം നിര്‍വ്വാഹക സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു.

കണ്ണൂരില്‍ നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം കുട്ടികളുടെ സാംസ്കാരിക പഠനത്തിന്‌ വേണ്ട മാര്‍ഗ്ഗരേഖ പുറത്തിറക്കുവാനും പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ന്‌ രാവിലെ 9 മണിക്ക്‌ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവര്‍ത്തക സമ്മേളനം കഥാകൃത്ത്‌ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ സി.വി.രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിക്കും.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിലായി ടി.പി.രാജന്‍ മാസ്റ്റര്‍, സി.ശ്രീധരന്‍ മാസ്റ്റര്‍, ആര്‍.ഹരി, കെ.സി.മോഹനന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ പ്രഭാഷണം നടത്തും.

നാളെ 51 കുട്ടികളുടെ ഭഗവദ്ഗീതാലാപനത്തോടെ സമ്മേളനം ആരംഭിക്കും. ശില്‍പി കാനായി കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൗദ്ധിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അമൃത കൃപാനന്ദപുരി, വി.ഹരികുമാര്‍, അഡ്വ. കെ.കെ.ബാലറാം എന്നിവര്‍ സംസാരിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by