കൊച്ചി: സര്‍ക്കാര്‍ ജോലികളിലെ പിന്നോക്കസമുദായ സംവരണം സംബന്ധിച്ച് ശ്രദ്ധ പിടിച്ചുപറ്റുകയും വിവാദങ്ങളുയര്‍ത്തുകയും ചെയ്ത നരേന്ദ്രന് കമ്മീഷന്റെ തലവന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന് (75) അന്തരിച്ചു. ഇന്നലെ വൈകിട്ട് കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് രവിപുരം ശ്മാശനത്തില്‍.
പറവൂരിനടുത്ത് മൂത്തകുന്നത്തായിരുന്നു കെ.കെ. നരേന്ദ്രന്റെ ജനനം. ഔദ്യോഗിക ജീവിതം തുടങ്ങുന്നത്് മാധ്യമപ്രവര്‍ത്തനത്തിലൂടെയാണ്. 1947ല്‍ ദീനബന്ധുവിന്റെ സബ് എഡിറ്ററായി അദ്ദേഹം മാധ്യമരംഗത്ത് എത്തി. കേരള കൗമുദിയുടെ കൊച്ചി റിപ്പോര്‍ട്ടറായിരുന്നു. 1949ല്‍ നിയബിരുദപഠനത്തിന് ചേര്‍ന്നു. 52ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1974 മുതല്‍ 1985 വരെയുള്ള 11 വര്‍ഷക്കാലമാണ് ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചത്.
വിരമിച്ചതിനുശേഷം പൊതുപ്രവര്‍ത്തന അഴിമതി നിരോധന അന്വേഷണ കമ്മീഷന്റെ അംഗമായി. 2000 ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പിന്നോക്കവിഭാഗങ്ങളുടെ സര്‍വീസ് പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാനായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ അധ്യക്ഷനായി.
സമീപകാലം വരെ കൊച്ചിയിലെ പൊതുവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ജസ്റ്റിസ് കെ.കെ. നരേന്ദ്രന്. കൊല്ലം മയ്യനാട് സ്വദേശിനി സുജ്യോൂ നന്ദിനിയാണ് ഭാര്യ. അനില്‍ നരേന്ദ്രന്, സുനില്‍ നരേന്ദ്രന്, മിനി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: