Categories: Kerala

ബജറ്റിന് ആസൂത്രണ വീക്ഷണമില്ല – വി.എസ്

Published by

തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്‌ ആസൂത്രണ വീക്ഷണമില്ലാത്തതാനെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. മേഖലാപരമായ വിവേചനം ബജറ്റില്‍ പ്രകടമാണ്. വികസന കാര്യത്തില്‍ സന്തുലിതവസ്ഥയില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന്റെ ആവര്‍ത്തനം മാത്രമാണ് ബജറ്റിലുള്ളത്. മുന്‍ സര്‍ക്കാരിന്റെ പദ്ധതികളെ പുതിയ രൂപത്തില്‍ ഗവര്‍ണറെ കൊണ്ട്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ യു.ഡി.എഫ്‌ പറയിച്ചിരുന്നു. ഇത്തവണ മാണി അത്‌ സ്വയം ചെയ്‌തു എന്ന്‌ മാത്രമേയുള്ളൂ.

മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ 1963 കോടി രൂപ ട്രഷറിയില്‍ അവശേഷിപ്പിച്ചുവെന്ന്‌ മാണി സമ്മതിച്ചത്‌ വലിയ കാര്യമാണ്‌. പലവിധ പദ്ധതികള്‍ക്കും തുക കൊടുത്തു തീര്‍ക്കാതെയാണ്‌ മുന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോയതെന്ന ധനമന്ത്രിയുടെ പ്രസ്താവന ശരിയല്ല. പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കൊടുക്കാനുള്ള തുക മുന്‍കൂറായി കൊടുക്കണമെന്നാണോ മാണി പറയുന്നതെന്നും വി.എസ്‌ ചോദിച്ചു.

ബജറ്റ്‌ വിവിധ മേഖലകളിലെ അസന്തലുതാവസ്ഥയാണ്‌ പ്രകടമാക്കുന്നത്‌. അല്‍പം പോലും ആസൂത്രണ വീക്ഷണമില്ലാത്ത ഒരു ബജറ്റാണ്‌ ഇതെന്നും വി.എസ്‌ പറഞ്ഞു. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള യു.ഡി.എഫ്‌ നീക്കം ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്‌. തോട്ടം മേഖലയ്‌ക്ക്‌ അനുവദിച്ച ഇളവ്‌ ഇതിന്‌ തെളിവാണ്‌.

30 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ അരി നല്‍കുമെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. എന്നാല്‍ ബജറ്റിലിത്‌ 20 ലക്ഷമായി കുറഞ്ഞുവെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി. 2011 ഏപ്രില്‍ 11ന്‌ ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക്‌ 10,000 രൂപയുടെ ഇന്‍ഷ്വറസ്‌ ഏര്‍പ്പെടുത്തുമെന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ പ്രഖ്യാപനം യു.ഡി.എഫ്‌ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ്‌ ആരോപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by