Categories: India

സ്പെക്ട്രം ഇടപാടില്‍ ദയാനിധി മാരന്‍ കുറ്റക്കാരന്‍ – സി.ബി.ഐ

Published by

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ദയാനിധി മാരനും പങ്കുണ്ടെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കി. എയര്‍സെല്‍ കമ്പനിക്കു ലൈസന്‍സ് നല്‍കുന്നതിന് ചെന്നൈയിലെ ടെലികോം പ്രമോട്ടറായ ശിവശങ്കരനെ നിര്‍ബന്ധിച്ചുവെന്നാണ്‌ സി.ബി.ഐ കണ്ടെത്തിയത്‌.

എയര്‍സെല്‍ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാനായിരുന്നു സമ്മര്‍ദ്ദം. ടെലികോം വകുപ്പിന്റെ ശുപാര്‍ശകള്‍ അവഗണിച്ചാണിതെന്നും സി.ബി.ഐ കണ്ടെത്തി. 2004-07 കാലഘട്ടത്തില്‍ ടെലികോം മന്ത്രിയായിരുന്ന കാലത്തായിരുന്നു മാരന്റെ ഇടപാടുകളെന്നാണ്‌ സി.ബി.ഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്‌.

എയര്‍സെല്ലില്‍ 74 ശതമാനം ഓഹരികളും മാക്‌സിസ്‌ കമ്മ്യൂണിക്കേഷന്‍സ്‌ വാങ്ങിയതായും കൂടുതല്‍ സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നുമാണ്‌ പ്രധാന ആരോപണം. കരുണാനിധി കുടുംബം നടത്തുന്ന സണ്‍ ടി. വിയുടെ ഡി.ടി.എച്ച്‌ സേവനത്തില്‍ 675 കോടി നിക്ഷേപിച്ച ആസ്‌ടോ മാക്‌സിസ്‌ കമ്പനിയുടെ ഉപകമ്പനിയാണ്‌. ഇതിനെതിരെ അഴിമതി കേസ്‌ അന്വേഷിക്കാന്‍ ഓഗസ്റ്റ്‌ 31 വരെ സി.ബി. ഐ സമയം ചോദിച്ചു.

സി.ബി.ഐ തനിക്കെതിരെ കേസ്‌ എടുക്കുകയാണെങ്കില്‍ കേന്ദ്ര ടെക്‌സ്റ്റെയില്‍സ്‌ വകുപ്പ്‌ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന്‌ നേരത്തെ ദയാനിധി മാരന്‍ വ്യക്തമാക്കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by