Categories: Ernakulam

റോഡ്‌ അപകടങ്ങളുടെ ഗ്രാഫ്‌ മേലോട്ട്‌ കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ്‌ മരണസംഖ്യ

Published by

കൊച്ചി: സംസ്ഥാനത്ത്‌ വാഹനാപകടങ്ങള്‍ മൂലമുള്ള മരണസംഖ്യ ക്രമാതീതമായി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകളില്‍ നിന്നുള്ള സൂചന. സംസ്ഥാന പോലീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞവര്‍ഷമാണ്‌ കേരളത്തില്‍ ഏറ്റവും അധികം അപകടമരണങ്ങള്‍ സംഭവിച്ചത്‌ എന്നാണ്‌ വ്യക്തമാവുന്നത്‌. ക്രൈംറിക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2010ല്‍ സംസ്ഥാനത്ത്‌ 35044 വാഹനാപകടങ്ങളിലായി 3942 പേര്‍ മരണപ്പെടുകയും, 41207 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

2000 മുതലലുള്ള സംസ്ഥാനത്തെ റോഡ്‌ അപകടങ്ങളെ തുടര്‍ന്നുള്ള മണസംഖ്യപരിശോധിച്ചാല്‍ ചിലവര്‍ഷങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍, ആനുപാതികമായി വര്‍ധനവാണ്‌ സൂചിപ്പിക്കുന്നത്‌. 2001ല്‍ 38361 വാഹന അപകടങ്ങളിലായി 2674 പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചു. പരിക്കേറ്റവരുടെ എണ്ണം 49675 എന്നാണ്‌ ഔദ്യോഗിക കണക്ക്‌ 2002ല്‍ അപകടങ്ങള്‍ 38762 മരണം 2792, 2003ല്‍ 39496-2905 2004ല്‍ 41219-3059 2005ല്‍ 42363-3203 എന്നിങ്ങനെ പോവുന്നു അപകടങ്ങളുടെയും മരണത്തിന്റെയും സംഖ്യ. 2006ല്‍ മരണസംഖ്യ 3589 ആയിരുന്നെങ്കില്‍ 2007ല്‍ 3778 ആയും, 2008ല്‍ 3901 ആയും മരണം വര്‍ധിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞവര്‍ഷം 2010ല്‍ ഇത്‌ 3942 എന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയിലാണ്‌ എത്തിനില്‍ക്കുന്നത്‌.

കൊച്ചി കോഴിക്കോട്‌, തിരുവനന്തപുരം എന്നീ പ്രധാനനഗരങ്ങളിലെ അപകടനിരക്കുപരിശോധിച്ചാല്‍ കൊച്ചിനഗരത്തിനാണ്‌ ഒന്നാം സ്ഥാനം. 2010ല്‍ ആകെ അപകടങ്ങള്‍ 1778, മരണം 166, പരിക്കേറ്റവര്‍ 1211. എണ്ണത്തില്‍ ഏറെ കൂടുതലുള്ള കാറുകളും മറ്റും ഒഴിച്ചാല്‍ അപകടമരണങ്ങള്‍ ഏറെയും സ്വകാര്യ ബസ്സുകള്‍ മൂലം സംഭവിച്ചവയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ വാഹനസെന്‍സസിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത്‌ 60 ലക്ഷത്തില്‍പരം രജിസ്ട്രേഡ്‌ വാഹനങ്ങളാണുള്ളത്‌. ഓരോവര്‍ഷവും 10 ശതമാനം എന്നതോതില്‍ ആനുപാതിക വര്‍ധവുമുണ്ട്‌. അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും ഇരുചക്രവാഹനയാത്രികരും, കാര്‍തുടങ്ങിയ ചെറിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നവരും അപകടങ്ങളില്‍ മരണമടയുന്നവരില്‍ ഏറെയും 22നും 55നും ഇടക്ക്‌ വയസ്സ്‌ പ്രായമുള്ള വരാണെന്നും പോലീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by