Categories: Ernakulam

കൊച്ചി-മധുര ദേശീയപാത ധനുഷ്ക്കോടിവരെ നീട്ടും

Published by

കോതമംഗലം: കൊച്ചി-മധുര ദേശീയപാത ധനുഷ്കോടി വരെ ദീര്‍ഘിപ്പിക്കും. ഈ പാതക്ക്‌ കൊച്ചി-ധനുഷ്ക്കോടി എന്‍എച്ച്‌-85 എന്ന്‌ പുനര്‍നാമകരണം ചെയ്തു. ഇതിനുള്ള അലൈന്‍മെന്റിന്‌ അംഗീകാരം ലഭിച്ചതായി പി.ടി. തോമസ്‌ എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. 488 കിലോമീറ്റര്‍ നീളം വരുന്ന ഈ പാതയുടെ 167 കിലോമീറ്റര്‍ ഭാഗം കേരളത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഈ പാതയുടെ അലൈന്‍മെന്റ്‌ അംഗീകാരത്തിനായി 1995 മുതല്‍ നിരന്തര ശ്രമം നടത്തിവരികയായിരുന്നുവെന്ന്‌ അദ്ദേഹം അറിയിച്ചു. ഈ പാതക്ക്‌ കേരളത്തില്‍ മൂന്ന്‌ പ്രധാന ബൈപ്പാസുകളുണ്ട്‌. തൃപ്പൂണിത്തുറ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ്‌ ബൈപ്പാസുകള്‍ ഉള്ളത്‌. തൃപ്പൂണിത്തുറയില്‍ ഏഴ്‌ കിലോമീറ്ററും മൂവാറ്റുപുഴയില്‍ നാലര കിലോമീറ്ററും കോതമംഗലത്ത്‌ മൂന്നര കിലോമീറ്ററുമാണ്‌ ബൈപ്പാസിന്റെ നീളം. കൂടാതെ തൃപ്പൂണിത്തുറയില്‍ അന്ധകാരനഴിക്ക്‌ മുകളിലൂടെ ഒന്നര കിലോമീറ്റര്‍ ഫ്ലൈ ഓവറും ഉണ്ടാകും.

തൃപ്പൂണിത്തുറ, കുണ്ടന്നൂര്‍ ജംഗ്ഷനില്‍നിന്നുമാണ്‌ പാത ആരംഭിക്കുന്നത്‌. നേര്യമംഗലത്ത്‌ ഒരു പുതിയ പാലം നിര്‍മിക്കും.

അലൈന്‍മെന്റ്‌ അനുമതിയെത്തുടര്‍ന്ന്‌ രണ്ട്‌ മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ എസ്റ്റിമേറ്റ്‌ ആകും. പരമാവധി വേഗത്തില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഈ പാത പൂര്‍ത്തിയാകുന്നതോടെ ഇടുക്കി, എറണാകുളം ജില്ലയിലെ ജനങ്ങള്‍ക്കാണ്‌ ഏറ്റവും പ്രയോജനം ലഭിക്കുക. കേരളവും തമിഴ്‌നാടും തമ്മിലുള്ള ഗതാഗതമാര്‍ഗം കൂടുതല്‍ സൗകര്യപ്രദമാകും. പ്രത്യേകിച്ച്‌ ടൂറിസം, ചരക്ക്‌ ഗതാഗതം എന്നിവക്ക്‌ ഏറെ ഗുണംചെയ്യുമെന്നും പി.ടി. തോമസ്‌ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ ദല്‍ഹിയില്‍ മൂന്നുതവണ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. ഈ പാതയില്‍ നിലവിലുള്ള റോഡ്‌ കഴിയുന്നത്ര വീതികൂട്ടി ടാര്‍ ചെയ്യു. ടാറിംഗ്‌ വീതി ഏഴ്‌ മീറ്ററുണ്ടാകും. നേര്യമംഗലം മുതല്‍ വാളറ വരെ റോഡിന്‌ നഷ്ടപ്പെടുന്ന വനഭൂമിക്ക്‌ പകരം ഭൂമി നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇടുക്കി പാര്‍ലമെന്റ്‌ മണ്ഡലത്തിലൂടെ രണ്ട്‌ ദേശീയപാതകള്‍ കടന്നുപോകുന്നുണ്ട്‌, കൊല്ലം-തേനി ദേശീയപാതയും കൊച്ചി-ധനുഷ്ക്കോടി ദേശീയപാത എന്‍എച്ച്‌-85 മാണ്‌. കൊല്ലം-തേനി ദേശീയപാതയും പുനര്‍നാമകരണംചെയ്ത്‌ ഇനി മുതല്‍ എന്‍എച്ച്‌-183 ആകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മൂന്നാര്‍-മറയൂര്‍, ഉദുമല്‍പ്പേട്ട വഴിയുള്ള സ്റ്റേറ്റ്‌ റോഡിന്റെ വികസനനിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും പി.ടി. തോമസ്‌ അറിയിച്ചു.

തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ വികസനത്തിനായി മന്ത്രിതല യോഗം വിളിച്ചുകൂട്ടുമെന്നും ശബരി റെയില്‍പ്പാതയെ സംബന്ധിച്ച്‌ കോട്ടയം ജില്ലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോട്ടയം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പത്രസമ്മേളനത്തില്‍ യുഡിഎഫ്‌ നേതാക്കളായ പി.പി. ഉതുപ്പാന്‍, കെ.പി. ബാബു, ലിസി ജോസ്‌, കെ.എ. കുര്യാക്കോസ്‌, എന്‍.സി. ചെറിയാന്‍, സക്കറിയ, മനോജ്‌ ഗോപി എന്നിവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by