കൊച്ചി: ‘പുനര്‍ജനിച്ച’ മണിടീച്ചര്‍ വീണ്ടും മരിച്ചു. മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞെന്ന് പോലീസ് തീര്‍പ്പ് കല്‍പ്പിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ആംബുലന്‍സിലേക്ക് കയറ്റാന്‍ തുടങ്ങുമ്പോള്‍ ഉറക്കത്തില്‍നിന്നും ഉണരുമ്പോലെ മരണത്തിന്റെ പിടിയില്‍നിന്നും അത്ഭുതകരമായി ഉണര്‍ന്ന് എഴുന്നേറ്റ മണിടീച്ചര്‍ ഇന്നലെ വീണ്ടും മരണത്തിലേക്ക് മടങ്ങി. ഒമ്പത് വര്‍ഷമായി കുടുംബവുമായി അകന്ന് പറവൂര്‍ പൂശാരിപ്പടിയില് ലക്ഷ്മികവലയില് ഒറ്റക്ക് താമസിക്കുകയായിരുന്നു മണിടീച്ചര്‍.
ജൂണ്‍ 22 നാണ് അത്ഭുതകരമായ സംഭവം നടന്നത്. മണിടീച്ചറെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കുന്നുണ്ടായിരുന്നില്ല. തലേദിവസത്തെ പത്രവും പാല്‍പാത്രവും വീടിന്റെ മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വീട് തുറന്ന് അകത്ത് കടന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലറ്റില് അനക്കമില്ലാതെ കിടക്കുന്നതായിട്ടാണ് കണ്ടത്. മുറിയിലാകെ ദുര്‍ഗന്ധം ഉണ്ടായിരുന്നു. പറവൂര്‍ എഎസ്ഐ ശ്രീകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധനക്കുശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. അപ്പോള്‍ സമയം രാത്രി 9.45 ആയതിനാല്‍ പിറ്റേദിവസം മൃതദേഹം മാറ്റാമെന്ന് പറഞ്ഞ് ഒരു പോലീസുകാരനെ ഡ്യൂട്ടിക്ക് നിര്‍ത്തി മറ്റുള്ളവര്‍ മടങ്ങി. മകന് അനീഷിനെ വിളിച്ച് വരുത്തി രാത്രിതന്നെ പോലീസ് മൊഴിയും രേഖപ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റര്‍ ചെയ്തു. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ മരണവാര്‍ത്തയും വന്നു. 23 ന് രാവിലെ 9.30 ഓടെ പോലീസ് വീണ്ടും വീട്ടിലെത്തി പുറകെ ആംബുലന്‍സും. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് സ്വ്പനത്തില്നിന്ന് എന്ന പോലെ മണിടീച്ചര്‍ ഉണര്‍ന്നത്. ഉടനെ ആംബുലന്‍സില്‍ പറവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെനിന്നും വിദഗ്ധചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. സുഖംപ്രാപിച്ച് വന്ന അവര്‍ ഇന്നലെ രാവിലെ മുതല്‍ അവശനിലയിലായി. ഉച്ചക്ക് 1.25 ഒാടെ വീണ്ടും മരണത്തിലേക്ക് കടന്നു. മക്കള്‍: അനിത, അനീഷ്. ടോയ്ലറ്റില് തലയിടിച്ച് വീണ് അബോധാവസ്ഥയില്‍ കിടന്ന ടീച്ചറെ ഡോക്ടറുടെ സാന്നിധ്യമില്ലാതെ മരണം ഉറപ്പിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: