Categories: World

പാക് മാധ്യമപ്രവര്‍ത്തകന്റെ കൊലയ്‌ക്ക് പിന്നില്‍ ഐ.എസ്.ഐ – യു.എസ്

Published by

വാഷിങ്ടണ്‍: പാക് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ പാക് ചാരസംഘടന ഐ.എസ്.ഐ ആണെന്ന് അമേരിക്ക. സൈന്യത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത സലിം ഷഹ്സാദിനെയാണ്(40) അജ്ഞാതര്‍ കഴിഞ്ഞ ആഴ്ച കൊലപ്പെടുത്തിയത്.

ഐ.എസ്.ഐയുടെ നടപടി നീചവും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍. അഫ്ഗാനിലെയും കശ്മീരിലെയും തീവ്രവാദ സംഘടനകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാക് മാധ്യമപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ആസൂത്രിതമായി ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഐ.എസ്‌.ഐയിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദേശപ്രകാരം ഷഹാദിനെ വധിച്ചതെന്നും പാകിസ്ഥാന്‍ മാധ്യമ സമൂഹത്തിനും പൗരന്‍മാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കാനായിരുന്നു കൊലപാതകമെന്നും യു.എസ്‌ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ഐ.എസ്‌.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത ന്യൂസ് സൈറ്റിനും ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിക്കും വേണ്ടിയുമാണ് ഷഹ്സാദ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞയാഴ്ച ഇയാളെ കാണാതാവുകയും തുടര്‍ന്ന് എതാനും ദിവസങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പാക്കിസ്ഥാനിലെ നാവിക ആസ്ഥാനത്തിനു നേരെ അല്‍-ക്വയ്ദ നടത്തിയ ആക്രമണത്തില്‍ ചില നാവിക ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി ഷഹ്സാദ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് അല്‍-ക്വയ്ദയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാണാതാകുന്നതിന്‌ രണ്ടുദിവസം മുമ്പ്‌ ഷഹ്‌സാദ്‌ പാക്‌ നാവിക ഉദ്യോഗസ്ഥനും അല്‍ ക്വയിടയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ ഏഷ്യാ ടൈംസ്‌ഓണ്‍ലൈനില്‍ ഒരു അന്വേഷണാത്‌മക റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. പലതവണ ഷഹ്‌സാദിന്‌ ഐ.എസ്‌.ഐ ഭീഷണിയുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by