പാലക്കാട്: പാലക്കാട് കലക്ടറേറ്റില്‍ ബോംബ് ഭീഷണി. കലക്ടറേറ്റും പരിസരവും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പോലീസ് പരിശോധിക്കുകയാണ്. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
മദനിയെ വിട്ടയച്ചില്ലെങ്കില്‍ കലക്ടറേറ്റില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് എസ്. പി എം. പി. ദിനേശിനാണ് ഇന്നലെ ഉച്ചയോടെ തപാലില്‍ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. പാലക്കാട് നിന്ന് പോസ്റ്റ് ചെയ്ത കത്തില്‍ മറ്റ് വിവരങ്ങളൊന്നുമില്ല.
ഭീഷണി കണക്കിലെടുത്ത് ഇന്ന് രാവിലെയോടെ സൗത്ത് സി. ഐ കെ. എം. ബിജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഡോഗ്, ബോംബ് സ്ക്വാഡുകളും കളക്ടറേറ്റിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കളക്ടറേറ്റും പരിസരവും പോലീസ് അരിച്ചുപെറുക്കി. സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല.
സംശയം തോന്നുന്നവരെ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കളക്ടറേറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു. പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. ഡിവൈ. എസ്. പി. ശങ്കരനാരായണന് സുരക്ഷ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ബോംബ് ഭീഷണിയെ തുര്‍ന്ന് ജീവനക്കാരും ജനങ്ങളും ആശങ്കയിലാണ്. അജ്ഞാത ഭീഷണിയെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: