കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സജ്ജമാക്കിയ പുനരധിവാസ ഭൂമിയിലെ അടിസ്ഥാനസൗകര്യ വികസനം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് പറഞ്ഞു. പത്ത് പുനരധിവാസ കേന്ദ്രങ്ങളില്‍ എട്ടിടത്താണിനി അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനുള്ള പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി ഇന്ന് നല്‍കും. പുനരധിവാസം അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച സമിതിയുടെ പ്രഥമയോഗത്തിലാണ് ഈ തീരുമാനം.
വല്ലാര്‍പാടം പദ്ധതിക്കായി ഭൂമിവിട്ടുകൊടുത്തവര്ക്കായി തുതിയൂര്‍, വടുതല എന്നിവിടങ്ങളില്‍ അനുവദിച്ച പുനരധിവാസഭൂമിയില്‍ ജില്ല കളക്ടര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. മൂലമ്പിള്ളി, കോതാട്, മുളവുകാട്, തുതിയൂര്‍, വടുതല, തൈക്കാവ് എന്നിവിടങ്ങളിലായുള്ള പുനരധിവാസ പ്ലോട്ടുകളില്‍ അടിസ്ഥാന സൗകര്യമെത്തിക്കാന്‍ 1.5കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മുളവുകാടുള്ള പുനരധിവാസ ഭൂമിയില്‍ 14 പേര്‍ക്കാണ് പ്ലോട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. ഇവിടേക്ക് വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് നടപടികളായെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളമെത്തിക്കാന്‍ രണ്ടുലക്ഷം രൂപയുടെയും വൈദ്യുതിക്കും റോഡിനും മൂന്നു ലക്ഷം രൂപ വീതവും ഇനി ചെലവിടേണ്ടിവരും
മൂലമ്പിള്ളിക്കാര്ക്കായി അനുവദിച്ച കണ്ടയ്നര്‍ റോഡിനു സമീപത്തെ പുനരധിവാസഭൂമിയില്‍ വൈദ്യുതിയും വെള്ളവും എത്തിയിട്ടുണ്ട്. റോഡിനായി 4.5 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. കോതാട്-ചിറ്റൂര്‍ പാലത്തിനു കിഴക്കുള്ള പുനരധിവാസ ഭൂമിയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഒരാള്‍ക്ക് പുതിയ സ്ഥലം അനുവദിക്കും.
യോഗത്തില്‍ അവലോകന സമിതിയംഗങ്ങളായ സി.ആര്.നീലകണ്ഠന്, ഫ്രാന്‍സിസ് കളത്തുങ്കല്‍, ഏലൂര്‍ ഗോപിനാഥ്, വി.പി.വില്സന്, കുരുവിള മാത്യൂസ്, കെ.എ.ഷാജി, വര്‍ഗീസ് എം. സാമുവല്‍, കെ.എസ്. സാബു, കെ.രജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: