Categories: Ernakulam

എംപി ഫണ്ട്‌ വിനിയോഗം: സമഗ്രപദ്ധതി ആവിഷ്കരിക്കണമെന്ന്‌ മന്ത്രി കെ.വി.തോമസ്‌

Published by

കൊച്ചി: എംപി ഫണ്ട്‌ ലഭിക്കുന്നതിന്‌ കാലതാമസം ഇല്ലാത്ത സാഹചര്യത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന്‌ കേന്ദ്ര കൃഷി മന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തന്റെ പ്രാദേശിക വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക്‌ 2011-12 വര്‍ഷത്തില്‍ പ്രാമുഖ്യം കൊടുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള മാതൃക പദ്ധതികള്‍ ഉദ്യോഗസ്ഥതലത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവ ഏറ്റടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ജില്ലയിലെ അഞ്ച്‌ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിച്ച ഡി-സ്പെയ്സ്‌ ഡിജിറ്റല്‍ റെപ്പോസിറ്ററി ലൈബ്രറി എന്ന പദ്ധതി സെപ്റ്റംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കണം. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി 2009-10ലെ ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. ഇതിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിര്‍ദ്ദേശിച്ച 42 പദ്ധതികളില്‍ 17 എണ്ണം പൂര്‍ത്തീകരിക്കുകയും ഇരുപതോളം പദ്ധതികള്‍ അന്തിമഘട്ടത്തിലുമാണ്‌. എല്ലാ പദ്ധതി പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി കെ.വി.തോമസ്‌ നിര്‍ദ്ദേശിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by