Categories: World

അധികാരമൊഴിഞ്ഞാല്‍ ഗദ്ദാഫിക്ക്‌ രാജ്യത്ത്‌ തുടരാമെന്ന്‌ വിമതര്‍

Published by

ബെങ്കാസി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി അധികാരം വിട്ടു നല്‍കുകയാണെങ്കില്‍ അദ്ദേഹത്തെ രാജ്യത്തുതന്നെ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കുമെന്ന്‌ വിമത നേതാവ്‌ വ്യക്തമാക്കി. നാല്‍പ്പത്തിയൊന്നുവര്‍ഷത്തോളം നീണ്ടുനിന്ന ഗദ്ദാഫിയുടെ ഏകാധിപത്യഭരണം ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്‌. വിമതരുമായുള്ള സമവായ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ അധികാരമൊഴിയാന്‍ തയ്യാറാകുന്ന പക്ഷം അദ്ദേഹത്തെ സ്വദേശത്തോ വിദേശത്തോ ശിഷ്ടജീവിതം നയിക്കാനനുവദിക്കും, വിമത നേതാവായ മുസ്തഫ ആബ്ദേല്‍ ജലീല്‍ റോയിട്ടേഴ്സ്‌ ന്യൂസ്‌ ഏജന്‍സിയോട്‌ പറഞ്ഞു.

രാജ്യത്തു നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ഗദ്ദാഫിക്ക്‌ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനോട്‌ പ്രതികരിച്ചിട്ടില്ല. നാറ്റോയുടെ നേതൃത്വത്തില്‍ വിമതര്‍ ശക്തമായി തിരിച്ചടിച്ചിട്ടും ഗദ്ദാഫി തന്റെ ധാര്‍ഷ്ട്യം തുടരുകയാണ്‌. ഇതനുവദിക്കാനാവില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ഗദ്ദാഫി ഭരണകൂടത്തിലെ ചില ഉന്നതവൃത്തങ്ങള്‍ വിമതരുമായി ചര്‍ച്ചക്ക്‌ തയ്യാറാണെങ്കിലും ഗദ്ദാഫിയെ ഭയന്ന്‌ അവര്‍ നിഷ്ക്രിയരായിത്തീര്‍ന്നിരിക്കുകയാണെന്നും വിമതര്‍ക്കെതിരായി വിന്യസിച്ചിരിക്കുന്ന സേനയെ പിന്‍വലിച്ച്‌ യുദ്ധം അവസാനിപ്പിച്ച്‌ ഗദ്ദാഫി വിശ്രമ ജീവിതം നയിക്കാന്‍ തയ്യാറാകണമെന്നും ആബ്ദേല്‍ ആവശ്യപ്പെട്ടു. അധികാരമൊഴിയുന്ന പക്ഷം ഗദ്ദാഫിക്ക്‌ ഇഷ്ടമുള്ളിടത്ത്‌ ശിഷ്ട ജീവിതം നയിക്കാനാകും. പക്ഷെ ലിബിയയില്‍ തന്നെ തുടരാനാണ്‌ അദ്ദേഹം താല്‍പ്പര്യപ്പെടുന്നതെങ്കില്‍ കനത്ത പട്ടാള ബന്തവസില്‍ മാത്രമേ അദ്ദേഹത്തെ പാര്‍പ്പിക്കാനാകൂ, വിമത വൃത്തങ്ങള്‍ അറിയിച്ചു. ഗദ്ദാഫി ഭരണകൂടത്തിലെ മുന്‍ നീതിന്യായ മന്ത്രിയായിരുന്ന മുസ്തഫ ആബ്ദേല്‍ ഗദ്ദാഫിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച്‌ വിമതപക്ഷത്തേക്ക്‌ ചേക്കേറുകയായിരുന്നു.

എന്നാല്‍ ഗദ്ദാഫിയുമായി ഇനി യാതൊരു തരത്തിലുമുള്ള ചര്‍ച്ചകളും നടത്താന്‍ പാടുള്ളതല്ലെന്നും ശക്തമായ പ്രതിരോധത്തിലൂടെ മാത്രമേ ലിബിയന്‍ ഭരണകൂടത്തെ ഒരു പാഠം പഠിപ്പിക്കാനാവുകയുള്ളൂവെന്നും വിമതര്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്‌. അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവുകള്‍പോലും കാറ്റില്‍ പറത്തിയ ഗദ്ദാഫി സമവായ ചര്‍ച്ചകള്‍ക്കെത്തുമെന്നുള്ള പ്രതീക്ഷ വെറും വ്യാമോഹം മാത്രമാണെന്നും അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക്‌ പുല്ലുവില കല്‍പ്പിക്കുന്ന ഇദ്ദേഹത്തെ ശക്തമായ തിരിച്ചടിയിലൂടെ നേരിടുന്നതാണ്‌ യുക്തിയെന്നും വിമതരുടെ സംഘടനയായ നാഷണല്‍ ട്രാന്‍സിഫണല്‍ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ആബ്ദേല്‍ ഹാഫിസ്‌ ഖോഗ അറിയിച്ചു. ലിബിയയുടെ ഔദ്യോഗിക സംഘടനയായി അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്‌ നാഷണര്‍ ട്രാന്‍സിഫണല്‍ കൗണ്‍സിലിനെയാണ്‌. വിമതരുടെ ശക്തികേന്ദ്രമായ ബെങ്കാസിയാണ്‌ സംഘടനയുടെ ആസ്ഥാനം.

ഇതോടൊപ്പം ലിബിയയുടെ ദീര്‍ഘകാല സുഹൃദ്‌ രാജ്യമായ ടര്‍ക്കിയും ഗദ്ദാഫി ഭരണകൂടവുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചു. ആ രാജ്യത്തെ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിച്ച ടര്‍ക്കി വിമതര്‍ക്ക്‌ 200 മില്ല്യണ്‍ ഡോളര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്‌. നേരത്തെ 100 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം രാജ്യം വിമതര്‍ക്ക്‌ നല്‍കിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ കുറഞ്ഞത്‌ 300 കോടി ഡോളറെങ്കിലും വിമതസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ലിബിയയെ വിഭജനത്തിലേക്ക്‌ നയിക്കാതെ ഗദ്ദാഫി സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്ന്‌ ടര്‍ക്കി വിദേശകാര്യമന്ത്രി അഹ്മെദ്‌ ദവുത്ഗ്ലൂ ലിബിയന്‍ വിമതരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ വിമതരുടെ കേന്ദ്രമായ ബെങ്കാസിയും സൈന്യത്തിന്റെ കേന്ദ്രമായ ട്രിപ്പോളിയും രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള രണ്ട്‌ വ്യത്യസ്ത തലസ്ഥാനങ്ങളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ഇതിനിടയില്‍ ഗദ്ദാഫി വിമതരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറായേക്കുമെന്ന്‌ അദ്ദേഹത്തിന്റെ പുത്രിയായ ആയിഷ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലിബിയന്‍ സൈന്യം വിമതരുമായി സന്ധിക്കില്ലെന്നും ഗദ്ദാഫി അധികാരം വിട്ടുനല്‍കുകയില്ലെന്നുമാണ്‌ മകനായ സെയ്ഫ്‌ അന്‍ ഇസ്ലാം മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ജര്‍മന്‍ ചാന്‍സലറിന്റെ സഹായത്തോടുകൂടി ഗദ്ദാഫി യുഎന്നുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും വാര്‍ത്തയുണ്ട്‌.

യൂറോപ്പിലെമ്പാടും കടന്നല്‍കൂട്ടത്തെപ്പോലെ ലിബിയന്‍ സൈനികര്‍ ആക്രമണമഴിച്ചുവിടുമെന്ന്‌ ഗദ്ദാഫി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ രാജ്യത്ത്‌ വിമതര്‍ക്കുവേണ്ടി ആക്രമണം നടത്തുന്ന നാറ്റോയ്‌ക്കുള്ള പിന്തുണ ശക്തമാകുമെന്ന്‌ അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. സ്പെയിനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഗദ്ദാഫിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by