Categories: Kottayam

കുടില്‍രഹിത മണിമലയ്‌ക്കായി യുവാക്കളുടെ ആക്രിപെറുക്കല്‍

Published by

മണിമല: ചീറിപ്പാഞ്ഞുവരുന്ന ബൈക്കുകള്‍. പിന്നാലെ ഒരു പെട്ടി ഓട്ടോയും. ഓരോ വീടുകള്‍ക്കു മുമ്പിലും നിര്‍ത്തുന്നു. ചാടിയിറങ്ങുന്നത്‌ യുവതികളും യുവാക്കളും. ഇതെന്താണെന്ന്‌ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന വീട്ടുകാരോട്‌ ഒരു ചോദ്യം. ഈ പരിസരമൊന്നു വൃത്തിയാക്കിക്കോട്ടെ? അതെന്താ നല്ല കാര്യമല്ലെയെന്ന്‌ വീട്ടുകാര്‍ പറഞ്ഞുതീരുംമുമ്പ്‌ പറമ്പില്‍ കിടക്കുന്ന പ്ളാസ്റ്റിക്കിണ്റ്റെ അവശിഷ്ടങ്ങള്‍, കുപ്പികള്‍ എന്നിവയെല്ലാം പെറുക്കിക്കൂട്ടി വീട്ടുകാരുടെ അനുമതിയോടെ പെട്ടി ഓട്ടോയില്‍ കയറ്റുന്നു. പഴയ പാത്രങ്ങളോ, പത്രക്കടലാസുകളോ, ഇരുമ്പുസാധനങ്ങളോ ഇവിടെയുണ്ടോയെന്ന ചോദ്യം കേട്ടപ്പോഴാണ്‌ ഇത്‌ പരിചയമുള്ള കൊച്ചനാണല്ലോ ഇതെന്ന്‌ വീട്ടുകാര്‍ക്ക്‌ ഓര്‍മ്മ വരുന്നത്‌. വീട്ടിലെ പഴയ സാധനങ്ങളെല്ലാം ഇവര്‍ക്ക്‌ വീട്ടുകാര്‍ സൗജന്യമായി നല്‍കുകയാണ്‌. മറ്റു ആക്രിപെറുക്കല്‍കാരെപ്പോലെയല്ലിവര്‍ എന്നതാണ്‌ കാരണം. ഇവര്‍ ആക്രി പെറുക്കുന്നത്‌ സ്വന്തമായി പണമുണ്ടാക്കാനല്ല. മറിച്ച്‌ വീടില്ലാത്തവര്‍ക്ക്‌ വീടു പണിതു നല്‍കാനുള്ള ഫണ്ടുണ്ടാക്കാനാണ്‌. മണിമല ഹോളിമാഗി ഫോറോനാ പള്ളിയിലെ യുവദീപ്തിയുടെയും കെസിവൈഎമ്മിണ്റ്റെയും നേതൃത്വത്തിലാണ്‌ ആക്രിസാധനങ്ങളുടെ ശേഖരണം നടത്തുന്നത്‌. ആക്രി പെറുക്കാന്‍ യുവാക്കളോടൊപ്പം ഇടവക അസി.വികാരി ഫാ.ബിജോയ്‌ അറയ്‌ക്കലും ഒപ്പമുണ്ട്‌. എല്ലാ സഹായവും നല്‍കി വികാരി ഫാ.ജോസഫ്‌ വെട്ടികാടും ഇവര്‍ക്കൊപ്പമുണ്ട്‌. കഴിഞ്ഞ ഞായറാഴ്ച മണിമലയിലെ പള്ളിയില്‍ പുരോഹിതന്‍ വിശ്വാസികളോടിക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്‌. ഇടവക ജനങ്ങള്‍ ഏറെ സന്തോഷത്തോടെ ഇത്‌ സ്വാഗതം ചെയ്തിട്ടുണ്ട്‌. വ്യത്യസ്തമായ രീതിയില്‍ ഫണ്ട്‌ സ്വരൂപിക്കാനിറങ്ങിയവര്‍ മറ്റുള്ളവര്‍ക്കും മാതൃകയാവുകയാണ്‌. മുഷിഞ്ഞ വേഷവും കീറിയ ചാക്കുമായി വീടുകള്‍ തോറും ആക്രി പെറുക്കാനിറങ്ങുന്നവര്‍ക്ക്‌ ഒരു ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്‌ പാന്‍സും ടീഷര്‍ട്ടും കൂളിംഗ്‌ ഗ്ളാസുമായി ഗ്ളാമര്‍ ബൈക്കുകളില്‍ ചെത്തിനടന്ന്‌ ആക്രിശേഖരണം നടത്തുന്ന യുവാക്കള്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്‌ കുടില്‍രഹിത അതിരൂപതായെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി മണിമല ഫൊറോനാ കുടില്‍രഹിതമാക്കാന്‍ വ്യത്യസ്തമായൊരു ആശയവുമായി യുവദീപ്തി കെസിഐഎം പ്രവര്‍ത്തകര്‍ ആക്രി പെറുക്കുകയാണ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by