കൊച്ചി: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സര്‍വപ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തെ രാഷ്ട്രീയ പാര്ട്ടികള്ക്കുണ്ടായ പരാജയം നമ്മുടെ ജനാധിപത്യ സംവിധാനത്തെത്തന്നെ ബാധിച്ചിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍ പറഞ്ഞു. ബിഎംഎസ് എറണാകുളം ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറി രാജ്യത്തിന്റെ ഭരണ നേതൃത്വം വഹിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഴിമതി നിയന്ത്രിക്കുന്നതില്‍നിന്ന് മാറിനിന്നത് ജനാധിപത്യ സംവിധാനത്തിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് തന്നെ കാരണമായെന്ന് കെ.കെ.വിജയകുമാര്‍ തുടര്‍ന്നു പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനങ്ങളും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനം നടത്താന്‍ ബാദ്ധ്യസ്ഥരാണ്. ഇന്ത്യന്‍ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ബിഎംഎസ്സും അഴിമതിക്കെതിരായ ജനകീയ മുന്നേറ്റത്തിനോടൊപ്പം ചേരും, 23ന് ബിഎംഎസ് സ്ഥാപനദിനം അഴിമതിക്കെതിരായ തൊഴിലാളി മുന്നേറ്റമായി മാറ്റാന്‍ ബിഎംഎസ് അഖിലേന്ത്യാ കമ്മറ്റി ആഹ്വാനം ചെയ്തിരിക്കുകയാണെന്നും കെ.കെ.വിജയകുമാര്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എം.രമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.എസ്.സത്യന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഖജാന്‍ജി ആര്.രഘുരാജ് വരവ്-ചെലവ് കണക്കുകളും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണകുമാര്‍, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്, സംസ്ഥാന സെക്രട്ടറിമാരായ എം.കെ.കമലന്, എന്‍.കെ.മോഹന്‍ദാസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എന്‍.നഗരേഷ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: