Categories: Ernakulam

സ്പിരിറ്റ്‌ കടത്ത്‌: എഞ്ചിനീയറിംഗ്‌ ബിരുദധാരിയടക്കം നാലുപേര്‍ പിടിയില്‍

Published by

അങ്കമാലി: വന്‍ സ്പിരിറ്റ്‌ കടത്ത്‌ സംഘത്തിലെ നാലുപേര്‍ പിടിയില്‍. ആഡംബര കാറില്‍ സ്പിരിറ്റ്‌ കടത്തിക്കൊണ്ട്‌ പോകുമ്പോള്‍ അങ്കമാലി പോലീസ്‌ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന്‌ കാര്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ട നാലുപേരാണ്‌ പിടിയിലായത്‌. പാലക്കാട്‌ മണ്ണാര്‍ക്കാട്‌ കാരക്കുറിശ്ശി കൊച്ചിക്കാരന്‍ കെ.ജെ.മനു(21), പാലക്കാട്‌ മണ്ണാര്‍ക്കാട്‌ കാരക്കുറിശ്ശി പെരിലിന്‍ ജിജോ(22), ഹരിപ്പാട്‌ താമല്ലാക്കല്‍ കാര്‍ത്തികയില്‍ പ്രവീണ്‍(29), മുണ്ടക്കയം താഴത്ത്മന്‍സില്‍ റഷീദ്‌(40) എന്നിവരെയാണ്‌ അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.കുര്യാക്കോസും സംഘവും പിടികൂടിയത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്‍പായാണ്‌ ആഡംബര കാറില്‍ തമിഴ്‌നാട്ടില്‍നിന്നും സ്പിരിറ്റ്‌ കടത്തിക്കൊണ്ട്‌ വന്നത്‌. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ അങ്കമാലി പോലീസ്‌ പിന്തുടര്‍ന്നെങ്കിലും പ്രതികള്‍ സ്പിരിറ്റ്‌ കന്നാസുകള്‍ പിന്‍സീറ്റിലും ഡിക്കിയിലും വച്ച്‌ കാര്‍ മറ്റൂര്‍ എയര്‍പോര്‍ട്ട്‌ റോഡില്‍ ഒരു ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. പോലീസ്‌ കാര്‍ പരിശോധിച്ച്‌ 805 ലിറ്റര്‍ സ്പിരിറ്റ്‌ 23 കന്നാസ്സിലായി കണ്ടെടുത്തു.

പിന്നീട്‌ നടന്ന ഉര്‍ജിതമായ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. പ്രതിയായ മനുവാണ്‌ സ്പിരിറ്റ്‌ കടത്തിയ കാര്‍ ഓടിച്ചിരുന്നത്‌. ഇയാള്‍ ഡ്രൈവിംഗില്‍ അതിവിദഗ്‌ദ്ധനാണ്‌. സ്പിരിറ്റ്‌ കടത്തിയ കാറിന്‌ പെയിലറ്റ്‌ പോയ വാഹനത്തിലാണ്‌ ജിജോ ഉണ്ടായിരുന്നത്‌. ഇരുവരും സാധാരണ കുടുംബത്തിലെ അംഗങ്ങളും പ്ലസ്‌ ടു വിദ്യാഭ്യാസം നേടിയവരുമാണ്‌. മലപ്പുറം തിരൂര്‍ സ്വദേശിയായ അഷറഫിന്റേതാണ്‌ സ്പിരിറ്റ്‌ കടത്തിയ ഹോണ്ടസിറ്റി കാര്‍.

ഇയാള്‍ക്ക്‌ സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ്‌ വാഹന ബ്രോക്കര്‍മാരെ സമീപിച്ച്ത്‌. ഈ സന്ദര്‍ഭം മുതലെടുത്തു പ്രതികളായ പ്രവീണും റഷീദും സ്പിരിറ്റ്‌ മാഫിയയയുടെ കൈകളില്‍ എത്തിച്ച്‌ 1.60 ലക്ഷം രൂപക്ക്‌ കാര്‍ പണയത്തിനെടുപ്പിക്കുകയായിരുന്നു. 10 ലക്ഷം രൂപ വിലയുള്ള കാര്‍ പണയ ഇടപാടു നടത്താനായി നല്‍കിയ തിരിച്ചറിയല്‍ രേഖ വ്യാജമായിരുന്നു. കുടുംബ ആവശ്യത്തിന്‌ ഓടാനെന്ന്‌ പറഞ്ഞാണ്‌ വാഹന ഉടമയെ കബളിച്ച്‌ ഇടനിലക്കാര്‍ മുഖേന വാഹനം പണയത്തിനെടുത്തത്‌.

നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ രണ്ട്‌ പ്രാവശ്യം ഈ വാഹനത്തില്‍ തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക്‌ സ്പിരിറ്റ്‌ കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതിയായ ജിജോ ലോറി ഡ്രൈവറായി പാലക്കാട്ട്‌ നിന്നും സിമന്റ്‌ കൊണ്ടുപോകുന്ന അവസരത്തിലാണ്‌ സ്പിരിറ്റ്‌ മാഫിയയെ പരിചയപ്പെടുന്നത്‌. സാമ്പത്തിക സ്ഥിതി കുറഞ്ഞ ആള്‍ക്കാരെ പരിചയപ്പെട്ട്‌ പ്രലോഭനപ്പെടുത്തിയാണ്‌ സ്പിരിറ്റ്‌ കടത്തിന്‌ ആള്‍ക്കാരെ കൂട്ടുന്നത്‌. ഇവര്‍ മുഖേനയാണ്‌ തമിഴ്‌നാട്ടില്‍ നിന്നും സ്പിരിറ്റ്‌ കടത്തിയിരുന്നത്‌. സ്പിരിറ്റ്‌ മാഫിയക്ക്‌ ലക്ഷങ്ങള്‍ ലഭിക്കുമ്പോള്‍ ജീവന്‍ പണയം വച്ച്‌ കടത്തിന്‌ കൂട്ടുനിന്നവര്‍ക്ക്‌ തുച്ഛമായ തുക മാത്രമായിരുന്നു നല്‍കിയിരുന്നത്‌.

മദ്യ ദുരന്തം നടന്ന കല്ലുവാതുക്കലേക്കും, തിരുവന്തപുരത്തേക്കും സ്പിരിറ്റ്‌ കടത്തി കൊണ്ട്‌ പോയതായി വിവരം ലഭിച്ചെന്ന്‌ പോലീസ്‌ പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ക്ക്‌ എല്ലാവിവരങ്ങളും കൊടുക്കാറില്ലായിരുന്നു. പ്രതിയായ പ്രവീണ്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിയാണ്‌. കംപ്യൂട്ടര്‍ ബിരുദമുള്ള ഇയാള്‍ സ്വകാര്യ ടിടിസിയില്‍ ഓഫീസ്‌ ജോലി ചെയ്തിരുന്നു. പന്തളത്ത്‌ ഇയാള്‍ക്കെതിരെ വാഹന മോഷണ കേസ്സും, ഹരിപ്പാട്ട്‌ അടിപിടി കേസ്സും നിലവിലുണ്ട്‌. തിരുവനന്തപുരം നെയ്യാര്‍ഡാം സ്റ്റേഷനിലെ വിസ തട്ടിപ്പ്‌ കേസ്സില്‍ അറസ്റ്റ്‌ ചെയ്ത്‌ ജയിലില്‍ കിടന്നയാളാണ്‌ പ്രതിയായ റഷീദ്‌. പ്രതികളായ ജിജോയും മനുവും സ്പിരിറ്റ്‌ കടത്തില്‍ തുടക്കകാരാണ്‌.

ഇനിയും അറസ്റ്റ്‌ ചെയ്യാനുള്ള പ്രതികളെക്കുറിച്ചും സ്പിരിറ്റിന്റെ ഉറവിടം എവിടെ എത്തപ്പെട്ടു എന്നുള്ളതിനെക്കുറിച്ച്‌ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന്‌ അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.കുര്യാക്കോസ്‌ പറഞ്ഞു. വ്യാജ വിലാസത്തിലുള്ള ഫോണ്‍ നമ്പരുകള്‍ സംഘം ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നതോടെ നിരവധി സ്പിരിറ്റ്‌ കേസ്സുകള്‍ക്ക്‌ തുമ്പുണ്ടാകുമെന്ന്‌ ജെ.കുര്യാക്കോസ്‌ പറഞ്ഞു. കപിടികൂടപ്പെട്ട കാറും സ്പിരിറ്റും അനന്തര നടപടിക്കായി എക്സൈസ്സ്‌ ഡിപാര്‍ട്ട്മെന്റിന്‌ കൈമാറിയിരുന്നു. സബ്ബ്‌ ഇന്‍സ്പെക്ടര്‍ സൂരജ്‌, സീനിയര്‍ സിപിഒ ഹരികുമാര്‍ സിപിഒമാരായ ജോഷി, വില്‍സണ്‍, ജോഷി പോള്‍, രവിക്കുട്ടന്‍, എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by