Categories: Kasargod

തരിശുഭൂമിയില്‍ കൃഷിയിറക്കി സര്‍ക്കാര്‍ ജീവനക്കാരായ തറവാട്ടംഗങ്ങള്‍ മാതൃകയായി

Published by

പൊയിനാച്ചി: കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ തറവാട്ടംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കി തറവാട്ടംഗങ്ങള്‍ നാടിനു മാതൃകയായി. പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്ടംഗങ്ങളാണ്‌ തറവാട്‌ വകയുള്ള ഭൂമിയില്‍ കൃഷിയിറക്കിയത്‌. തറവാട്‌ വകയായി ൨.൧൬ ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്‌. ഇതില്‍ ൮൦ സെണ്റ്റ്‌ സ്ഥലത്താണ്‌ കൃഷിയിറക്കിയത്‌. നെല്‍കൃഷി ചെയ്യാന്‍ ജോലിക്കാരെ കിട്ടാത്തതാണ്‌ പ്രധാനമായി കൃഷി മുടങ്ങാന്‍ കാരണമായത്‌. തറവാട്ട്‌ കമ്മിറ്റി അംഗങ്ങളെ വിളിച്ചു യോഗം ചേരുകയായിരുന്നു. നാനൂറോളം അംഗങ്ങളുള്ള ഈ തറവാട്ടില്‍ കൃഷിയിറക്കാതെ തരിശായി കിടക്കുന്ന ഭൂമിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും, തറവാട്ടംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്നു രാവിലെ പൊയിനാച്ചി തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുകയും, തറവാട്‌ ഭരണസമിതി പ്രസിഡണ്ടും റിട്ട. സ്പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസറുമായ സി കുഞ്ഞിക്കണ്ണന്‍ നായരുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ സ്വയം സന്നദ്ധരാവുകയായിരുന്നു. റിട്ട.തഹസില്‍ദാര്‍ കെ എസ്‌ ചാത്തുക്കുട്ടി നായര്‍, അധ്യാപകനായ കെ ശ്രീധരന്‍, കാസര്‍കോട്‌ സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കെ ശ്രീധരന്‍, എക്സ്‌ മിലിട്ടറി കെ നാരായണന്‍ നായര്‍, തറവാട്‌ സെക്രട്ടറി റിട്ട. അധ്യാപകന്‍ ചെര്‍ക്കളയിലെ കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍, കെ രാഘവന്‍ നായര്‍, കെ നാരായണന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുപ്പതോളം പുരുഷന്‍മാരും, പത്തോളം സ്ത്രീകളും പാടത്തിറങ്ങി ഞാറ്‌ നടുകയായിരുന്നു. ജൈവകൃഷി സമ്പ്രദായത്തിലൂടെയാണ്‌ കൃഷി ഇറക്കിയിട്ടുള്ളത്‌. തറവാട്ടംഗങ്ങളുടെ കൂട്ടാമയിലൂടെ കര്‍ഷക കൂട്ടായ്മ ഉണ്ടാക്കുകയാണ്‌ പ്രധാനമായ ലക്ഷ്യമെന്ന്‌ തറവാട്ട്‌ പ്രസിഡണ്ട്‌ പറയുന്നു. നെല്‍കൃഷിക്കു ശേഷം മറ്റു കൃഷികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനമെന്ന നിലയില്‍ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൃഷിയിറക്കാന്‍ ജോലിയ്‌ക്കു ആളെ കിട്ടാതെ വന്നപ്പോള്‍ സ്വയം സന്നദ്ധരായി ചെളിക്കണ്ടത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാടിനു മാതൃകയാവുകയും, തങ്ങള്‍ക്കും കൃഷി വഴങ്ങുമെന്ന്‌ ഇവര്‍ തെളിയിക്കുകയുമായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts