തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറ തുറന്ന് മൂല്യം നിര്‍ണ്ണയിക്കുന്നത് ഇന്ന് പുനരാരംഭിക്കും. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കാണ് ക്ഷേത്രത്തിലെ ‘ഇ’ എന്ന് മാര്‍ക്ക് ചെയ്തിട്ടുള്ള നിലവറ തുറക്കുക. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഏഴംഗ സംഘം ആറുദിവസത്തിനിടിയല് നാല് അറകള്‍ പരിശോധിച്ചിരുന്നു. അവയില്‍ നിന്ന് ഏതാണ്ട് ഒരു ലക്ഷം കോടിയോളം രൂപയുടെ മൂല്യമുണ്ടാകുമെന്ന് കണക്കാക്കുന്ന സ്വര്‍ണം, തങ്കം, വെള്ളി, രത്നങ്ങള്‍, ശ്രീപത്മനാഭന് ചാര്‍ത്താനുള്ള വിവിധ ആഭരണങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. ബി എന്ന് മാര്‍ക്ക് ചെയ്ത നിലവറ തുറക്കാന്‍ കഴിഞ്ഞദിവസം ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നംമൂലം അത് തുറന്ന് വസ്തുവകകള്‍ കണക്കാക്കാനായില്ല. ഈ അറ ഒഴിച്ചുള്ള അറകളില്‍ കണ്ടകാര്യങ്ങളാണ് പ്രത്യേക സംഘം സുപ്രീംകോടതിയെ അറിയിക്കുക. ഈ അറ തുറക്കാനുള്ള ശ്രമം ഒരിക്കല്‍ക്കൂടി നടത്തിയശേഷമാകും സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുക.
ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും ലഭിച്ചത് പൗരാണികമായ നിധിയാണെന്നും അത് സര്‍ക്കാറിലേക്ക് മുതല്ക്കൂട്ടണമെന്നുമുള്ള ചിലരുടെ വാദത്തിനെതിരെ ജനരോഷം ഉയരാന്‍ തുടങ്ങി. ക്ഷേത്രത്തിലുള്ളതെല്ലാം ക്ഷേത്രസ്വത്ത് മാത്രമാണ്. കരുതല്‍ ധനവും ശ്രീപത്മനാഭന്റെ തിരുആഭരണങ്ങളുമാണ് അറകളില്‍ കണ്ടത്. 18 അടി നീളമുള്ള മാല ഏതെങ്കിലും വ്യക്തി അണിയുന്നതല്ലെന്ന് തീര്‍ച്ചയാണ്. രത്നങ്ങള്‍ പതിച്ച കിരീടം നാലാളുകള്‍ പിടിച്ചാണ് പൊക്കിയതെന്നത് വ്യക്തി അണിയുന്നതായിരുന്നില്ലായെന്ന് വ്യക്തമാക്കുന്നതാണ്. അതുപോലെ വളകളും മോതിരങ്ങളുമെല്ലാം ശ്രീപത്മനാഭന് അണിയാന്‍ പാകത്തിലുള്ളതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവര്‍ പങ്കെടുത്ത ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെയും യോഗം വിലയിരുത്തിയതും ഇതുതന്നെയാണ്.
ഇപ്പോള്‍ത്തന്നെ കനത്ത കാവലുള്ള ക്ഷേത്രദര്‍ശനത്തിന് ഭക്തജനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ അത് ഇരട്ടിക്കുമെന്നും കണക്കാക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ വാര്‍ത്തകള്‍ ലോകമെമ്പാടും വന്നുകഴിഞ്ഞു. ബിബിസിയടക്കം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ വന്നത്.
പുതിയ കണ്ടെത്തല്‍ പോലെ വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ അസ്വസ്ഥരാണ്. പരസ്യമായി ആരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലന്നെയുള്ളൂ. ക്ഷേത്രത്തിനകത്തുള്ള സമ്പത്തിന്റെ വ്യക്തമായ കണക്ക് കൊട്ടാരത്തിലുണ്ടെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമിക്ഷേത്രം പരിപാലിച്ചുവരുന്നത് തിരുവിതാംകൂര്‍ രാജപരമ്പരയാണ്. മഹാരാജാക്കന്മാരായിരുന്നവരെല്ലാം നിത്യേന ശ്രീപത്മനാഭനെ തൊഴുത് വണങ്ങാന്‍ ക്ഷേത്രത്തിലെത്തിക്കൊണ്ടിരുന്നതാണ്. ഏതെങ്കിലും ഒരു ദിവസം അത് മുടങ്ങിയാല്‍ അതിന്റെ പ്രായശ്ചിത്തപിഴ ക്ഷേത്രത്തില്‍ ഒടുക്കുക പതിവാണ്. അതിന്നും തുടരുകയാണ്. ക്ഷേത്രത്തിന്റെ തരിമണ്ണുപോലും കൊണ്ടുപോകില്ലെന്നാണ് നിശ്ചയം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാലുകള്‍ തട്ടിക്കുടയുന്ന ചടങ്ങുണ്ട്. കാലില്പറ്റിയ മണ്ണുണ്ടെങ്കില്‍ അത് ക്ഷേത്രത്തിനക്ക് തന്നെ നിക്ഷേപിക്കാനാണ്.
ഇന്ത്യയില്‍ എന്നല്ല ലോകത്തുതന്നെ ഒരു ദേവാലയത്തിന് ഇത്രമാത്രം സ്വത്തുണ്ടെന്ന് പറയാനാവില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം തിരുപ്പതിക്കാണെന്ന് കരുതിയിരുന്നു. അതിന്റെ പലമടങ്ങ് അധികമാണ് ശ്രീപത്മനാഭസ്വാമിക്കെന്ന് വ്യക്തമായി. ഉത്തരേന്ത്യയില്‍ പല ക്ഷേത്രങ്ങളും മുഗളന്മാര് കൊള്ളയടിച്ച് വന്‍ നിക്ഷേപങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിക്ഷേത്രം കൊള്ളയടിക്കാന്‍ ടിപ്പുസുല്‍ത്താന്‍ പദ്ധതിയിട്ട് പുറപ്പെട്ടതാണ്. ശ്രീപത്മനാഭന്റെ സ്വര്‍ണകൊടിമരത്തില്‍ ടിപ്പു കൊടികെട്ടുമെന്ന് വീമ്പടിച്ചിരുന്നു. പക്ഷേ തിരുവനന്തപുരത്തെത്താനായില്ല. ആലുവയില്‍ നിന്ന് മടങ്ങേണ്ടിവന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ ക്ഷേത്രങ്ങളാണ് ഏറെ നശിപ്പിക്കപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: