15.01.1897 – ല്‍ ശ്രീലങ്കയുടെ തിരുമുറ്റത്ത് ശ്രീ വിവേകാനന്ദ സ്വാമികള്‍ തന്റെ പാശ്ചാത്യദേശത്തെ സ്മരണീയ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന് കാലുകുത്തി.
അവിടെ ഉണ്ടായിരുന്ന ഹിന്ദുക്കള്‍ അദ്ദേഹത്തിന് രാജോചിതമായ സ്വീകരണം നല്കി. ആ വമ്പിച്ച ജനാവലി അദ്ദേഹത്തോട് കാണിച്ച സ്നേഹ പ്രകടനങ്ങളും വികാരാവേശവും വര്‍ണ്ണനാതീതമായിരുന്നു.
ജയഘോഷങ്ങളും കരഘോഷങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. അദ്ദേഹത്തെ അവര്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. അണപൊട്ടി ഒഴുകും പോലെ തിക്കിത്തിരക്കി വന്ന ജനാവലി അനിയന്ത്രിതമായിരുന്നു.
രാജവീഥികളെല്ലാം കുരുത്തോലയും പച്ചിലയും കൊണ്ട് അലംകൃതമായിരുന്നു. രണ്ടു വെള്ളക്കുതിരകളെ പൂട്ടിയ തേരില്‍ അദ്ദേഹത്തെ ജനത്തിരക്കില്‍ നിന്ന് മോചിപ്പിച്ച് അദ്ദേഹത്തിനായി സജ്ജമാക്കിയിരുന്ന ബാര്‍ണസ് റോഡിലെ പന്തലിലെത്തിച്ചു.
കിട്ടിയ വാഹനങ്ങളിലെല്ലാം പിടിച്ചു ജനങ്ങളെല്ലാം കൂട്ടത്തോടെ പന്തലിലേക്ക് പാഞ്ഞു. അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ പവിത്രവാണി ഒന്നു കേട്ട് ജന്മം ധന്യമാക്കാന്‍. അത്രയും വലിയ സ്ഥാനമാണ് ജനം സ്വാമിജിക്ക് നല്‍കിയത്.
സ്വാമിജി വണ്ടിയില്‍ നിന്നിറങ്ങി. ഹൈന്ദവ സമ്പ്രദായ പ്രകാരം വെള്ളത്തുണിവിരിച്ച കൊടിതോരണങ്ങളോടും വാദ്യമേളങ്ങളോടും കൂടി അദ്ദേഹത്തിന്റെ താല്‍ക്കാലിക താമസത്തിന് സജ്ജമാക്കിയിരുന്ന കെട്ടിടത്തിന്റെ മുന്‍വശത്തെ പന്തലിലേക്ക് നീങ്ങി.
അദ്ദേഹം പന്തലില്‍ കാലുകുത്തിയതോടെ മനോഹരമായ ഒരു യന്ത്രകമലം വേദിയില്‍ വിടരപ്പെട്ടു. അതില്‍ നിന്നും ഒരു പക്ഷി പറന്നുയുര്‍ന്നു. അതുപോലെ ഒട്ടനവധി കാഴ്ചകള്‍ ഒരുക്കിയിരുന്നുവെങ്കിലും അവയിലധികവും ശ്രദ്ധിക്കപ്പെടാതെ പോയി. കാരണം എല്ലാ കണ്ണുകളും എല്ലാ കാതുകളും സ്വാമിജയിലേക്കായിരുന്നു കേന്ദ്രീകരിച്ചിരിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സംസ്കൃത കീര്‍ത്തനം പാടി. തുടര്‍ന്ന് സ്വാഗതപത്രവും വായിക്കപ്പെട്ടു.
“അങ്ങ് വിശ്വാസങ്ങളെ ഏല്ലാം പൊരുത്തപ്പെടുത്തിക്കൊണ്ട് ഓരോ ആത്മാവിനും ആത്മപോഷണം നല്‍കിക്കൊണ്ട് ഈശ്വരങ്കലേക്ക് അടുപ്പിക്കും വിധത്തില്‍ ഹൈന്ദവ ആദര്‍ശമായ സര്‍വ്വലൗകീക മതം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.” “പൗരാണികകാലം മുതല്‍ ഭാരതത്തെ പാദസ്പര്ശത്താല് പവിത്രമാക്കിയ ഋഷിപരമ്പരയിലെ കണ്ണിയാണല്ലോ അങ്ങ്. സത്യധര്‍മ്മാദിയെ ജീവിതവ്രതമായി പ്രഖ്യാപിച്ച സര്വ്വസംഗ പരിത്യാഗികളും പരമ്പരയിലെ അംഗം.
പൂര്‍ണ്ണാവതാരമായ ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹവും അങ്ങയുടെ അതുല്യമായ ഉത്സാഹവും കഠിന പ്രയത്നവുമാണ് പാശ്ചാത്യരില്‍ ഭാരത മഹിമ ഊട്ടിഉറപ്പിക്കാന്‍ സാധിച്ചത്. അതോടൊപ്പം തന്നെ പാശ്ചാത്യ സംസ്കാരത്തില്‍ വശംവദരായി കഴിഞ്ഞ പാശ്ചാത്യ വാസികളായ ഭാരതീയരില്‍ ഭാരതീയ ആധ്യാത്മികതയുടെ നവനാമ്പു നൂല് പിടിപ്പിക്കാനും അങ്ങേക്ക് കഴിഞ്ഞു. അംഗയുടെ ഈ ഭഗീരത പ്രയത്നത്തിനുമുമ്പില്‍ എല്ലാ ഭാരതീയരുടെയും നമോവാകം.”
ഇന്നോളം പ്രപഞ്ചം കണ്ടിട്ടുള്ള ഒരു വ്യക്തിക്ക് നല്കുന്ന ഏറ്റവും വലിയ ഹൃദയ സ്പര്‍ശിയ സ്വീകരണമായിരുന്നു അത്.
ഒരു ഭരണാധികാരിക്കോ ഒരു പട്ടാള മേധാവിക്കോ ഒരു കോടീശ്വരനോ ഒരിക്കലും നല്കപ്പെട്ടിട്ടില്ലാത്ത സ്വീകരണം. ആരുടെയും പ്രേരണ അണുവോളവുമില്ലാതെ സ്വന്തം ഹൃദയാന്തരാളത്തില്‍ ഉദിച്ചുയര്‍ന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ചാടിപ്പുറപ്പെട്ടവരായിരുന്നു അവരേവരും. അതായിരുന്നു ആ ബഹുജന സമ്മേളനത്തിന്റെ സവിശേഷത.
ഒരു ഭിക്ഷാം ദേഹിക്ക് ലോകം കൊടുക്കുന്ന അംഗീകാരം ഇത് വെളിവാക്കുന്നത് ആദ്ധ്യാത്മികതയ്ക്ക് മാനവമനസ്സിലെ മഹോന്നതസ്ഥാനമെന്തെന്നാണ്. ഇതിന് മറുപടിയായി സ്വാമിജി തന്റെ സ്വതസിദ്ധമായ മധുരവാണിയില്‍ ഒരു ചെറിയ പ്രസംഗം നടത്തി.
തനിക്ക് നല്കപ്പെട്ട അംഗീകാരത്തില്‍ വ്യക്തിപരമായി ഒന്നും തന്നെ ഇല്ല എന്നും അത് അത്യുന്നതവും അതിപ്രാചീനവുമായ ഒരാദരത്തിനുള്ള അംഗീകാരമായും അദ്ദേഹം വിവരിച്ചു.
ആധ്യാത്മികത ജനമനസ്സില്‍ നേടിയ സ്ഥാനവലിപ്പമാണിത് വെളിവാക്കുന്നത്. ജനത സജീവമാവണമെങ്കില്‍ മതം ദേശീയ ജീവിതത്തിന്റെ നട്ടെല്ലെന്നോണം സജീവമാവണം. അത് നമ്മുടെ ജീവിതലക്ഷ്യമാവണം.” അതില്ലാത്തതാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന സകല ദുഷ്പ്രവണതയ്ക്കും കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: