മാഡ്രിഡ്: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കാനായി പൊരുതുന്ന വിമതര്‍ക്ക് നല്‍കിവരുന്ന പിന്തുണ കൂടുതല്‍ ശക്തമാക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്. ലിബിയയില്‍ നാറ്റോ ആക്രമണം തുടരുന്ന പക്ഷം യൂറോപ്പിലെമ്പാടും കനത്ത ആക്രമണമഴിച്ചുവിടുമെന്നുള്ള ഗദ്ദാഫിയുടെ ഭീഷണി പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭീഷണികള്‍ മുഴക്കി സമയം പാഴാക്കാതെ ജനഹിതം മാനിച്ച് സ്ഥാനമൊഴിയുവാന്‍ ഗദ്ദാഫി തയ്യാറാകണം. ലിബിയയില്‍ ജനാധിപത്യഭരണം പുനഃസ്ഥാപിക്കപ്പെടുന്നതുവരെ നാറ്റോയ്ക്ക് അവിടെനിന്നും പിന്മാറാനാവുകയില്ല. സ്പെയിനിലേക്കുള്ള യാത്രാമധ്യേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിലരി. ഇതോടൊപ്പം ലിബിയന്‍ വിമതരെ കൂട്ട ഹത്യ നടത്തുന്ന ഗദ്ദാഫി സേനക്കെതിരെ ശക്തമായ ആക്രമണം തുടരാന്‍ തന്നെയാണ് നാറ്റോ തീരുമാനിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ ട്രിപ്പോളി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇത്തരത്തിലുള്ള അമ്പതോളം ആക്രമണങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നടത്തിക്കഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോ തല്ക്കാലം ലിബിയയില്‍നിന്നും പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നാണ് സ്പാനിഷ് വിദേശകാര്യമന്ത്രി ട്രിനിഡാഡ് ജിമനസും അഭിപ്രായപ്പെട്ടത്. സ്പെയിന് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ലിബിയന്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്നും 80 കി.മീറ്റര്‍ ദൂരത്തിലായി തടഞ്ഞുനിര്ത്തപ്പെട്ടിരിക്കുകയാണെന്നും ഗദ്ദാഫി സേന ഇവര്‍ക്കെതിരെ നിരന്തരമായി റോക്കറ്റ് ആക്രമണം നടത്തിവരുന്ന സാഹചര്യത്തില്‍ നാറ്റോയ്ക്ക് പ്രശ്നത്തില്‍ ഇടപെടാതിരിക്കാനാവില്ലെന്നും ജിമനസ് പറഞ്ഞു. ഇതേസമയം തന്ത്രപരമായ നീക്കങ്ങളിലൂടെ തങ്ങള്‍ക്ക് ട്രിപ്പോളിയിലെത്താനാകുമെന്നാണ് ലിബിയന്‍ വിമത നേതാവ് അഹമ്മദ് ബാനി അവകാശപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറിനകം തങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള കയറ്റുമതി മേഖലകളായ ബ്രേഗ, റാസ് ലാനുഫ് എന്നീ നഗരങ്ങള്‍ ആക്രമിക്കാന്‍ ലിബിയന്‍ വിമതര്‍ പദ്ധതിയിടുന്നതായി ഗദ്ദാഫി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ എന്ത് വിലകൊടുത്തും തടയുമെന്നും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കാനാണ് പാശ്ചാത്യശക്തികള്‍ വിമതരെ വാടകയ്ക്കെടുത്തിരിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍ പറയുന്നു.
ട്രിപ്പോളിയിലെ ഗ്രീന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ഒരുലക്ഷത്തോളം വരുന്ന അനുയായികള്‍ മുമ്പാകെയാണ് ഗദ്ദാഫി യൂറോപ്പിനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ അജ്ഞാതകേന്ദ്രത്തിലിരുന്നുകൊണ്ടാണ് ഗദ്ദാഫി അനുയായികളെ അഭിസംബോധന ചെയ്യുന്നത്. ലിബിയന്‍ യോദ്ധാക്കള്‍ തേനീച്ചക്കൂട്ടത്തപ്പോലെ യൂറോപ്പിലെ നഗരങ്ങളിലെമ്പാടും ആക്രമണമഴിച്ചുവിടുമെന്നും യൂറോപ്പിനെ ഒന്നടങ്കം താന്‍ കാല്‍ക്കീഴിലാക്കുമെന്നുമാണ് ഗദ്ദാഫി പറഞ്ഞത്. ഗദ്ദാഫിയുടെ ഭീഷണിക്കെതിരെ യുറോപ്യന്‍ രാജ്യങ്ങളെല്ലാംതന്നെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: