തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി മഹാത്ഭുതമായി മാറുന്നു. ലക്ഷം കോടിയിലേറെ വിലമതിക്കുന്ന സമ്പത്ത് ഇതിനകം തിട്ടപ്പെടുത്തി. ഇനി തുറക്കാനുള്ള അറയാണ് പ്രധാനം. ഇപ്പോള്‍ തിട്ടപ്പെടുത്തിയ അത്രതന്നെ ഇതിലുണ്ടാകുമെന്ന് കരുതുന്നു. ആ അറ തത്കാലം തുറക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി നിശ്ചയിച്ച സംഘത്തിന്റെ തീരുമാനം. തുറന്ന അറകളില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ മൂല്യം സുപ്രീംകോടതിയെ ധരിപ്പിക്കും. കോടതി നിര്‍ദ്ദേശിക്കുംവിധമാകും ഭാവിപരിപാടി. രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന ക്ഷേത്രമാകുകയാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രമെന്നു വ്യക്തമായി. കണ്ടെത്തിയ നിധിശേഖരത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും അത് അരക്കിട്ടുറപ്പിക്കും. ഒരു നിലവറയിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ മുക്കാല്‍ ലക്ഷം കോടിയിലേറെ രൂപയുടെ സാധനങ്ങളാണു തിട്ടപ്പെടുത്തിയത്. രത്നങ്ങള്‍ പതിച്ച രണ്ട് മഹാവിഷ്ണുവിഗ്രങ്ങള്‍ ഇന്നലെ തിട്ടപ്പെടുത്തിയവയില്‍പ്പെടുന്നു.
ഇനി തിട്ടപ്പെടുത്താനുള്ളതും ഏതാണ്ട് ഇത്രത്തോളം വരുമെന്നാണു സൂചന. ‘ബി’ എന്ന അറ ഇനി തുറന്നു പരിശോധിക്കാനുമുണ്ട്. ആ രഹസ്യ അറയുടെ ലോഹനിര്‍മിത വാതില്‍ തുറന്നാല്‍ ഇനിയും വിലമതിക്കാനാവാത്ത സ്വര്‍ണശേഖരം ഉണ്ടാകുമെന്നാണു കരുതുന്നത്. തിരുപ്പതി ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ളതെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. അവരുടെ മതിപ്പ് മൂല്യം 32000 കോടിയോളം രൂപയാണെന്നാണ് കണക്ക്. ശ്രീപത്മനാഭ സന്നിധിയില്‍ ഇതിനകം കണ്ടെത്തിയ സ്വര്‍ണത്തിന്റെ മതിപ്പ് മൂല്യം കണക്കാക്കിയാല്‍ തന്നെ ഇതിന്റെ ഇരട്ടിയിലധികം പിന്നിട്ടിരിക്കുന്നു.
ഭരതക്കോണിലെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ‘ബി’ എന്നു മാര്‍ക്ക് ചെയ്ത അറയിലേക്കാണ് ഇനി എല്ലാ കണ്ണുകളും. ഈ നിലവറ കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നിരുന്നു. അറയ്ക്കകത്തെ ലോഹനിര്‍മിത വാതിലിന്റെ പൂട്ട് തുറന്നെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു തുറന്നുകഴിഞ്ഞാല്‍ നേരത്തെ തുറന്നു വന്‍ നിധിശേഖരം കണ്ടെത്തിയ ‘എ അറയുടെ മാതൃകയില്‍ താഴേക്ക് ഇറങ്ങിച്ചെല്ലാന്‍ പടികളും അതിനകത്തു മറ്റൊരു അറയും ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ലോഹനിര്‍മിത വാതിലിന്റെ സുരക്ഷാ കെട്ടുറപ്പു സൂചിപ്പിക്കുന്നത്, അകത്തു കാര്യമായി ഉണ്ടാകുമെന്നു തന്നെയാണ്. നാഗമാണിക്യമടക്കം ഇതിനകത്തുണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇനി തിങ്കളാഴ്ച മാത്രമാണ് നിലവറ തുറന്ന് തിട്ടപ്പെടുത്തല്‍ തുടരുക. അത് നിത്യപൂജയ്ക്ക് തുറക്കുന്ന അറകളുടെ കണക്കെടുപ്പില്‍ ഒതുങ്ങും.
പുരാവസ്തു വകുപ്പിന്റെ കയ്യില്‍ പോലുമില്ലാത്ത അമൂല്യ വസ്തുക്കളാണ് ഇന്നലെ കണ്ടെടുത്തത്. ഒരു ലക്ഷത്തിലേറെ സ്വര്‍ണ നാണയങ്ങളുണ്ട്. വിദേശ മുദ്രയുള്ളവയും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മുദ്രയുള്ളവയും ഇതില്‍പ്പെടും. 20 വലിയ സഞ്ചികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. അമൂല്യങ്ങളെന്നു കരുതുന്ന നവരത്നങ്ങളും കണ്ടെടുത്തവയിലുണ്ട്. ഇന്ദ്രനീലം രത്നങ്ങളും നിധിശേഖരത്തില്‍ ഉണ്ടായിരുന്നു.
ജൂണ്‍ 27ന് ആരംഭിച്ച നിലവറ തുറന്ന് തിട്ടപ്പെടുത്തല്‍ ഇന്നലെ ആറാംദിവസത്തിലേക്ക് കടന്നപ്പോള്‍ പ്രത്യേകസംഘത്തിലുള്ളവരെല്ലാം അത്ഭുതപരവശരായിരിക്കുന്നു. ഒരു അറയില്‍ മാത്രം മുക്കാല്‍ലക്ഷം കോടിയോളം വിലമതിക്കുന്ന വസ്തുക്കളെന്ന് പറഞ്ഞാല്‍ എങ്ങും കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. 35 കിലോഗ്രാം തൂക്കമുള്ള 18 അടി നീളമുള്ള തങ്കഅങ്കി ഇന്നലെ തിട്ടപ്പെടുത്തിയതില്‍ പെടുന്നു. പലസ്ഥലത്തും ഇതിന് പൊട്ടലുണ്ട്. ഒരു കിലോഗ്രാം വരുന്ന തങ്കത്തിലുള്ള നിരവധി ആള്‍രൂപങ്ങളും രാശിനാണയങ്ങളും കങ്കണം, പട്ടുകള്‍, വളകള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയ്ക്കുപുറമെ രത്നങ്ങള്‍, മാണിക്യങ്ങള്, മാലകള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. ഒരു കിരീടം പൊക്കാന്‍ നാലാളുകള്‍ ചേര്‍ന്ന് പിടിക്കേണ്ടിവന്നതായാണറിയുന്നത്.
രത്നങ്ങള്‍ ഏഴ് പെട്ടികളിലാക്കി നിലവറയില്‍ തന്നെ സൂക്ഷിച്ചു. സ്വര്‍ണ നാണയങ്ങളും കതിരുകളും പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് സൂക്ഷിച്ചിട്ടുള്ളത്. ആള്‍രൂപങ്ങള്‍ സമര്‍പ്പിതം എന്ന് രേഖപ്പെടുത്തിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: