തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്ര ത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം അടക്കമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല് സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വ്വശക്തിയുമുപയോഗിച്ച് ഹിന്ദുക്കള്‍ എതിര്‍ക്കും. ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജങ്ങള്‍ വഴിപാടായി സമര്പ്പിച്ചവയുമാണ് കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. അവ അമൂല്യങ്ങളും ചരിത്രപ്രാധാന്യമുള്ള പൈതൃകസമ്പത്തുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൗരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താത്പര്യസംരക്ഷണത്തിന് അനിവാര്യമാണ്.
സഹസ്രകോടികള്‍ വിലമതിക്കുന്ന നിധിയും മറ്റും കിട്ടിയെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അനാവശ്യമായ ഭീതിയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കരുത്. ക്ഷേത്രത്തിലെ ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു വന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ് നിധിയാണെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ചില ബാഹ്യശക്തികള്‍ ശ്രമിക്കുന്നത്. അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ക്ഷേത്രഭരണാധികാരികള്ക്കും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. തുടര്‍ന്നും സുപ്രീംകോടതിയുടെ നിരീക്ഷണവും പരിരക്ഷയും അവയ്ക്ക് ഉണ്ടാകണം.
ഇത്ര വിപുലമായ നിധിശേഖരം ഹിന്ദുസമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ഹിന്ദു ജനതയുടെ സാമൂഹ്യവും സാംസ്കാരികവും ആധ്യാത്മികവുമായ ഉന്നമനത്തിനുതകുന്നതായിരിക്കണം ഈ പദ്ധതികള്‍. നമ്മുടെ മഹത്തായ പാരമ്പര്യവും പൈതൃകവും സംസ്കാരവും സംബന്ധിച്ച അറിവുപകരാനും പഠനങ്ങള്‍ നടത്തുവാനും ഉപകരിക്കുന്ന രാജ്യാന്തരതലത്തിലുള്ള ശ്രീപത്മനാഭ ഹിന്ദുയൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ഈ അവസരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കണം. പൊതുഹിന്ദുസമൂഹത്തിന് ഗുണമുണ്ടാക്കുന്ന ക്ഷേമപദ്ധതികള്‍ക്കും ക്ഷേത്രപുനരുദ്ധാരണത്തിനും പൈതൃകസമ്പത്ത് പരിരക്ഷിക്കുന്നതിനും ഉപയുക്തമായ കര്‍മപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: