ഇന്നത്തെ കാലത്ത് കറന്റുപോയാല്‍ ഗതികേടാണ്. ഇന്‍വര്‍ട്ടറോ ജനറേറ്ററോ ഇല്ലാത്ത സാധാരണക്കാരന് ബോര്‍ഡ് ഓഫീസിലേക്ക് വിളിച്ചുപറയും. 24 മണിക്കൂറിനുള്ളില്‍- സൂര്യനുദിക്കുമ്പോഴേക്കും വെളിച്ചം ലഭിച്ചാലായി. ഇതുപോലൊരു ഗതികേട് ഒരു എംഎല്‍എക്ക് വന്നാലോ? സബ് മുതല്‍ സൂപ്രണ്ടിങ്ങ് വരെയുള്ള എഞ്ചിനീയര്‍മാരെ ഫോണ്‍ കറക്കി വിരട്ടാം. അതുകൊണ്ടരിശം തീരുന്നില്ലെങ്കില്‍ വകുപ്പ് മന്ത്രിക്ക് പരാതി കൈമാറി പരിചയം പുതുക്കാം.
എന്നാല്‍ സെക്ഷന്‍ ഓഫീസിലേക്ക് കൊടുങ്കാറ്റുപോലെ കടന്ന് ജീവനക്കാരെ ഒറിജിനല്‍ കൊടുങ്ങല്ലൂര്‍ കാസറ്റ് കേള്‍പ്പിച്ചാലോ? അതുകേട്ട് ഷോക്കടിച്ചപോലെ അവര്‍ ഞെട്ടിയാലോ? വിശ്വസിക്കാനാവുന്നില്ലേ. അതാണ് 1951 ആഗസ്റ്റ് 28 ന് അരുവിത്തുറയില്‍ ഭൂജാതനായ കാഞ്ഞിരപ്പള്ളി എംഎല്‍എ പി.സി.ജോര്‍ജ്.
പ്ലാത്തോടട്ടത്തില്‍ ചാക്കോച്ചന് മറിയാമ്മ ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനായ ജോര്‍ജിന് കൂടെ കളിക്കാന്‍ മൂന്ന് സഹോദരങ്ങളും അഞ്ച് സഹോദരികളുമുണ്ടായിരുന്നു.
നമ്മുടെ പ്രിയങ്കരനായ എംഎല്‍എക്ക് ആ പേര് വന്നതിനെക്കുറിച്ച് ഒരു കെട്ടുകഥയുണ്ട്. മലബാര്‍ ഭാഗത്ത് കുടിയേറിയിരുന്ന അരുവിത്തുറക്കാരനൊരാള് നാട് കാണാന്‍ വന്നപ്പോള്‍ തന്റെ കൂട്ടുകാരന് ഒരു മുസല്‍മാനേയും കൂട്ടിയത്രേ. പ്ലാത്തോടട്ടത്തില്‍ ചാക്കോച്ചനെ കാണാന്‍ വന്ന അവര്‍ മുറ്റത്ത് കളിക്കുന്ന ചന്തമുള്ള കുട്ടിയെ കണ്ടു. ജോറ-ജ്ജ് എന്ന മലബാര്‍ മുസല്‍മാന്റെ വാക്കുകള്‍ ക്രമേണ പരിഷ്ക്കാരത്തിന്റെ മോഹന്ജദാരോവിലൂടെ കടന്നുപോയാണത്രെ ജോര്‍ജായത്.
തന്റെ പേരുള്ള കോളേജിലേ പഠിക്കൂ എന്നു ശഠിച്ച ജോര്‍ജിനെ അപ്പന് പ്രീഡിഗ്രിക്ക് അരുവിത്തുറ സെന്റ്ജോര്‍ജ് കോളേജില്തന്നെയാക്കി. അല്‍പ്പം പഠിച്ചപ്പോഴാണ് പ്രീഡിഗ്രി ഒരു ചുക്കുമല്ലെന്ന് പയ്യന് തിരിച്ചറിവുണ്ടായത്. ഉടനെ കൊച്ചി നഗരത്തിലെത്തി രണ്ടും കല്‍പ്പിച്ച് തേവര കോളേജില്‍ ബിരുദത്തിന് ചേര്‍ന്നു. മേമ്പൊടിക്ക് കേരളാ സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തനവും തുടര്‍ന്നു.
പിന്നെ ഒന്നുമാലോചിക്കാനുണ്ടായിരുന്നില്ല. പൂഞ്ഞാര്‍ എംഎല്‍എയായിരുന്ന കെ.എം.ജോര്‍ജിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി. 1980 ല്‍ കന്നിയങ്കത്തിലൂടെ വി.ജെ.ജോസഫിനെ തോല്‍പ്പിച്ച് 29-ാം വയസില്‍ നിയമസഭയിലെത്തി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ കണ്ട സമ്മതിദായികയായ ഉഷയുടെ മുഖത്തെ തന്റെ മനസ്സിലേക്കാവാഹിച്ച ജോര്‍ജെന്ന ചെറുപ്പക്കാരന് അവരെ ജീവിതസഖിയാക്കി. 1982ലും വിജയം ജോര്‍ജിന്റെ കൂടെയായിരുന്നു. പക്ഷേ 1987 ല്‍ കോഴി കൂവുന്നതിന് മുമ്പ് പൂഞ്ഞാര്‍ ജോര്‍ജിനെ ഒരു പ്രാവശ്യം തള്ളിപ്പറഞ്ഞു. അപ്പോഴേക്കും ജനപിന്തുണ ജോര്‍ജിന് കാണാമെന്നായി. അതിന്റെ ഫലമായി ബാലെ ട്രൂപ്പുകളുടെ നാടായ പൂഞ്ഞാര്‍ തിരിച്ചുപിടിച്ചു. 1996 ലും 2001 ലും ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി. കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും അദ്ദേഹം വളരുകയായിരുന്നു. 2003 ല്‍ പി.ജെ.ജോസഫുമായി തെറ്റിപ്പിരിഞ്ഞു. മാണി ഗ്രൂപ്പുമായുള്ള ലയനത്തിനെതിരെ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ഉണ്ടാക്കി. അഴിമതി കണ്ട് അരിശം പൂണ്ട് പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.യു.കുരുവിളയുടെ വിവാദഭൂമി ഇടപാട് പുറത്താക്കി.
മുന്നണി മര്യാദകള്‍ പാലിക്കാത്ത ജോര്‍ജിനെ കറിവേപ്പിലപോലെ ഇടത് മുന്നണി തള്ളി. ഒടുവില്‍ ബക്കറ്റിലെ വെള്ളംപോലെ മാണി എന്ന മഹാസമുദ്രത്തിലേക്ക് 2010 ല്‍ എത്തിച്ചേര്‍ന്നു. കേരളാ കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ചെയര്മാന് പദവി കിട്ടി. 1991 മുതല്‍ ജോര്ജിനൊപ്പംനിന്ന മണ്ഡലം 2011 ല്‍ പേരുമാറി കാഞ്ഞിരപ്പള്ളിയായപ്പോഴും അദ്ദേഹത്തെ മറന്നില്ല. 15704 വോട്ടിനാണ് അദ്ദേഹം വിജയകിരീടം ചൂടിയത്. അങ്ങനെ നിയമസഭയില്‍ യുഡിഎഫിന്റെ ചീഫ് വിപ്പായി.
ഉപ്പില്ലാത്ത കറിയും ജോര്‍ജില്ലാത്ത വിവാദങ്ങളുമില്ല. നിയമസഭയിലെ പ്രസ് ബോക്സില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ താഴെ സാമാജികര്‍ക്ക് ചുറ്റുമിരുത്തണമെന്നാണ് ചിരകാലമോഹം. എല്ലാ പത്രക്കാരേയും എന്തിന് വീട്ടില്‍ പത്രമിടുന്നവനെവരെ സ്നേഹമാണ്, പത്രസമ്മേളനമാകട്ടെ ശ്വാസോഛ്വാസവും.
ജോര്‍ജിന്റെ ചില കിണ്ണന്കാച്ചി പ്രയോഗങ്ങളുണ്ട്. രവിവര്‍മ അവാര്‍ഡ് അന്തരിച്ച ഹുസൈന് കൊടുക്കാന്‍ തീരുമാനിച്ച സാംസ്ക്കാരികവകുപ്പ് മന്ത്രി വെറും പരട്ടയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദേവീദേവന്മാരെ മോശമായി ചിത്രീകരിക്കുന്ന വെളുത്ത താടിക്കാരന് സ്വന്തം മാതാവിനെ അത്തരത്തില്‍ ചിത്രീകരിക്കാന്‍ മെനക്കെടുമോ എന്ന ചാട്ടുളി ചോദ്യമെറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പാല്‍പ്പായസം വിളമ്പാനും ജോര്‍ജിന് വിരുതേറും. ഇവിടെ ജോര്‍ജിലെ ധീരതയും ധിക്കാരവും മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്ന സ്വാഭാവികശിശുവും (നാച്ചുറല്‍ ചെയില്‍ഡ്) കൈകോര്‍ത്ത് നമ്മെ തലയാട്ടി ബലേഭേഷ് പറയാന്‍ പ്രേരിപ്പിക്കുന്നു.
ലാപ്ടോപ് കിട്ടിയ ജോര്‍ജ് ഗൂഗിളില്‍ ഒബാമ എന്ന വാക്കടിച്ചപ്പോള് അനാവരണം ചെയ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രവും വിവരണവും ഈരേഴുലോകവും ഉണ്ണിക്കണ്ണന്റെ വായില്‍ ദര്‍ശിച്ച യശോദയെപ്പോലെ നമുക്ക് ആസ്വാദ്യകരമായ വിരുന്നാവുന്നു.
വെട്ടൊന്ന് മുറി രണ്ട് അതാണ് ജോര്‍ജ്. തന്റെ മകന് ഷോണ്‍ സിനിമാ താരം ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കേണ്ട താമസം. ഉടന്‍ അവളെ കൂട്ടിക്കൊണ്ടുവരൂ എന്നായിരുന്നവത്രെ അര്‍ധരാത്രിയിലെ ജോര്‍ജിന്റെ കല്‍പ്പന. നാളെയാകാമെന്ന് പലവട്ടം മകന് കരഞ്ഞുപറഞ്ഞതോടെയാണത്രെ ജോര്‍ജ് അടങ്ങിയത്.
തന്റെ അമ്മ മരിച്ചപ്പോള്‍, അച്ഛന് മരിച്ചപ്പോള്‍ സുഹൃത്തുക്കളുടെ വേര്‍പാടില്‍ മനസ്സ് ഒരു നിമിഷമെങ്കിലും പിടയുന്നതായി തുറന്നുപറയുന്ന ജോര്‍ജ് വളരെവേഗം പുലിയില്‍നിന്ന് പൂച്ചക്കൂട്ടിയിലേക്ക് കൂടുമാറിയും അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.
അങ്ങനെ ഈരേഴ് പതിനാല് ലോകവും അടക്കിവാഴുന്ന ഈശനേയും ബ്രഹ്മനേയും കൂസാത്ത പി.സി.ജോര്‍ജിനോട് ഭൂമിക്ക് എന്തോ വിരോധമുണ്ടോ? കേരളത്തിലെ ഭൂചലനങ്ങളുടെ എപ്പിസെന്റര്‍ (ഉത്ഭവസ്ഥാനത്തിന് നേരെ മുകളില്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള അതികേന്ദ്രം) അദ്ദേഹത്തിന്റെ പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലാണ്. 2000 ഡിസംബര്‍ 12നും 2001 ജനുവരി 7നും റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ അവിടെ നടന്നു. തന്റെ സമ്മതിദായകര്‍ക്ക് ഈ ഭൂചലനത്തെ വിശദീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ജോര്‍ജ് ആവശ്യം വന്നാല്‍ കാഞ്ഞിരപ്പള്ളിയെ കൃഷ്ണന് ഗോവര്‍ധന പര്വതത്തെയെന്നപോലെ ഉയര്‍ത്തി പ്രജകള്‍ക്ക് സംരക്ഷണമേകുമെന്നവര് കരുതുന്നു.
-മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: