Categories: World

സ്ട്രോസ്‌ കാന്‍ മോചിതനായി

Published by

ന്യൂയോര്‍ക്ക്‌: സ്ത്രീപീഡനക്കേസില്‍ തടവിലായ മുന്‍ അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്‌) തലവന്‍ ഡൊമിനിക്‌ സ്ട്രോസ്‌ കാന്‍ മോചിതനായി. താന്‍ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വ്യാജമാണെന്ന്‌ പരാതിക്കാരിയായ ഹോട്ടല്‍ജീവനക്കാരി വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ജാമ്യം കൂടാതെ തന്നെ സ്ട്രോസ്‌ കാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

പരസ്പര സമ്മതത്തോടുകൂടി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിന്‌ ശേഷം തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന്‌ സ്ട്രോസ്‌ കാനെതിരെ ഹോട്ടല്‍ ജീവനക്കാരി ആരോപണമുന്നയിക്കുകയായിരുന്നുവെന്നാണ്‌ തെളിഞ്ഞിരിക്കുന്നത്‌. പണം തട്ടാനായിട്ടായിരുന്നു ഇവര്‍ ഇപ്രകാരം ചെയ്തതെന്നും, കെനിയക്കാരിയായ ഇവര്‍ സംഭവത്തിന്‌ പിറ്റേ ദിവസം ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ ഫോണില്‍ വിളിച്ച്‌ സ്ട്രോസ്‌ കാനില്‍ നിന്ന്‌ ലഭിക്കാനിടയുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തതായും വ്യക്തമായിട്ടുണ്ട്‌. റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലത്തിനകം ഇയാള്‍ ഈ സ്ത്രീയുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഒരുലക്ഷം ഡോളര്‍ പലപ്പോഴായി നിക്ഷേപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ലഹരിമരുന്നായ മരിജുവാന കൈവശം വെച്ചതിന്റെ പേരില്‍ പലതവണ അറസ്റ്റിലായിട്ടുള്ള ഒരു ക്രിമിനലുമായാണ്‌ ഹോട്ടല്‍ ജീവനക്കാരിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്നതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പറയുന്നു. കേസില്‍ നിന്നും രക്ഷപ്പെടുമെങ്കിലും ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സ്ട്രോസ്കാന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന്‌ വിലയിരുത്തപ്പെടുന്നു. ഒരു നേതാവെന്ന നിലയിലുള്ള പ്രതിഛായ കളങ്കപ്പെട്ടെന്ന തിരിച്ചറിവില്‍ ഇദ്ദേഹം മത്സരരംഗത്തുനിന്നും പിന്മാറുകയായിരുന്നുവെന്നാണ്‌ സൂചന. സ്ട്രോസ്‌ കാന്റെ പാര്‍ട്ടിയിലെ വനിതാ നേതാവ്‌ മാര്‍ട്ടീന ഒബ്രി ഈയാഴ്ച തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചേക്കും. ഫ്രാന്‍സ്‌ പ്രസിഡന്റ്‌ സര്‍ക്കോസിയേക്കാള്‍ കൂടുതല്‍ ജനപിന്തുണയുണ്ടായിരുന്ന സോഷ്യലിസ്റ്റ്‌ നേതാവും മുന്‍ മന്ത്രിയുമായിരുന്ന സ്ട്രോസ്‌ കാന്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐഎംഎഫിന്റെ തലവനായി 2007-ല്‍ ആണ്‌ ചുമതലയേറ്റത്‌. അഞ്ചുവര്‍ഷ കാലാവധി അടുത്തവര്‍ഷം അവസാനിക്കാനിരിക്കേയാണ്‌ ലൈംഗികവിവാദത്തില്‍ കുടുങ്ങിയത്‌. അരലക്ഷം ഡോളര്‍ വാടകയുള്ള ആഡംബര വസതിയില്‍ ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by