Categories: World

ഇന്ത്യ-പാക്‌ ചര്‍ച്ച ക്രിയാത്മകമെന്ന്‌ യുഎസ്‌

Published by

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ യുഎസ്‌ സ്വാഗതം ചെയ്തു. ക്രിയാത്മകമായ ചര്‍ച്ചകളാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നതെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എല്ലായ്‌പ്പോഴും പരസ്പര സഹകരണം നിലനിര്‍ത്തണമെന്നാണ്‌ യുഎസ്‌ ആഗ്രഹിക്കുന്നതെന്നും അമേരിക്കന്‍ മാധ്യമ വക്താവ്‌ മാര്‍ക്‌ ടോണര്‍ അഭിപ്രായപ്പെട്ടു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഇത്തരം ചര്‍ച്ചകള്‍ക്കാകും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കൊന്നാകെ ഗുണപ്രദമാണ്‌, അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ഉന്നതതല ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ യുഎസ്‌ നേതൃത്വമെന്നും സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ മുതല്‍ സിഐഎ ഡയറക്ടര്‍ ഡേവിഡ്‌ പെട്രയൂസ്‌ വരെയുള്ളവര്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും ടോണര്‍ വെളിപ്പെടുത്തി. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഇസ്ലാമബാദുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം മൂലം കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ പാക്കിസ്ഥാന്‍ ഭീകരവാദത്തിനിരയായി നിരവധി പാക്കിസ്ഥാന്‍കാര്‍ ഇതിനോടകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്‌ പ്രത്യക്ഷമായ പിന്തുണ നല്‍കാന്‍ ആ രാജ്യം സന്നദ്ധമാണ്‌, ടോണര്‍ മാധ്യമങ്ങള്‍ മുമ്പാകെ അറിയിച്ചു.
ഇതോടൊപ്പം യുഎസ്‌-പാക്‌ നയതന്ത്ര ചര്‍ച്ചകള്‍ എന്ന്‌ തുടങ്ങുമെന്നുള്ള കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ലെന്നും എത്രയും വേഗം പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താനാണ്‌ യുഎസ്‌ നേതൃത്വം താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറിയായ വില്യം ബ്രൗണ്‍ ഫീല്‍ഡ്‌ ജൂലൈ അഞ്ചിന്‌ ഇസ്ലാമബാദിലെത്തുമെന്നും പാക്കിസ്ഥാനുമായുള്ള യുഎസിന്റെ വിശദമായ ഔദ്യോഗികതല ചര്‍ച്ചകള്‍ക്ക്‌ ഇതോടെ തുടക്കമാകുമെന്നാണ്‌ കരുതപ്പെടുന്നതെന്നും ടോണര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by