Categories: India

ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ്‌ ആക്രമിക്കുന്നു: ജോഷി

Published by

റാഞ്ചി: ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഭടണഘടനാ സ്ഥാപനങ്ങള്‍ക്ക്‌ നേരെ കോണ്‍ഗ്രസ്‌ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ മുരളീ മനോഹര്‍ ജോഷി പറഞ്ഞു. പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി, കംട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ പൊതുധനം ദുര്‍വ്യയം ചെയ്യുന്നതിന്‌ തടയാനായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ രണ്ട്‌ സ്ഥാപനങ്ങള്‍ക്ക്‌ നേരെയും കോണ്‍ഗ്രസ്‌ നിരന്തരം ആക്രമണമഴിച്ചുവിടുകയാണ്‌, അദ്ദേഹം വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന നിരവധി അഴിമതി രേഖകളെ പൂഴ്‌ത്തിവെക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നത്‌. പിഎസി അടക്കമുള്ള സമിതികള്‍ അഴിമതിക്കെതിരായി സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണെന്നും നിലവിലുള്ള അഴിമതിക്കേസുകളില്‍ കാര്യക്ഷമമായ തുടര്‍ അന്വേഷണം നടത്തുന്നതിനോ, സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ ബലത്തില്‍ അഴിമതിയെ തടയാനുള്ള നിയമനിര്‍മാണം നടത്താനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും ജോഷി തുറന്നടിച്ചു.

ഇതോടൊപ്പം 2 ജി സ്പെക്ട്രം പോലെ രാജ്യത്തിന്‌ അപമാനകരമായ ഒരു അഴിമതി നടക്കുന്ന സമയത്ത്‌ രാജ്യത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‌ തല്‍സ്ഥാനത്ത്‌ തുടരാന്‍ അവകാശമില്ലെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‌ ഇന്ത്യ കൈമാറിയ ഭീകരന്മാരുടെ പട്ടികയില്‍ തെറ്റുകള്‍ കടന്നുകൂടിയ സംഭവത്തിലും ആഭ്യന്തരമന്ത്രി മറുപടി പറയേണ്ടിവരുമെന്നും ജോഷി ഓര്‍മ്മിപ്പിച്ചു. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചിദംബരത്തിന്റെ മന്ത്രിസ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by