Categories: Samskriti

ദിവ്യപ്രാണന്‍

Published by

ദിവ്യപ്രാണനിലൂടെ മഹാബോധത്തിലേക്ക്‌ ആരോഹണം ചെയ്യണമെന്ന്‌ ധര്‍മസൂത്രങ്ങള്‍ പ്രഖ്യാപിക്കുന്നു. അതായത്‌ മഹാബോധത്തിലേക്ക്‌ എത്തിച്ചേരാനുള്ള വഴി ദിവ്യപ്രാണനാണെന്ന്‌ ചുരുക്കം. ദിവ്യപ്രാണന്‍ എന്താണെന്ന്‌ മനസ്സിലാക്കുകയാണ്‌ ഇനി വേണ്ടത്‌. പ്രാണന്റെ രണ്ട്‌ അവസ്ഥകളെക്കുറിച്ച്‌ ഇതിനകം നാം ഗ്രഹിച്ചിട്ടുണ്ട്‌. ബാഹ്യപ്രാണനെന്നും ഊര്‍ദ്ധ്വപ്രാണനെന്നും അവയെ വിളിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ ബഹിര്‍ഗമിക്കുന്ന ബോധശക്തികളെ ബാഹ്യപ്രാണനെന്ന്‌ അറിയപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങളില്‍നിന്ന്‌ പിന്‍വലിഞ്ഞ്‌ പരമാവസ്ഥയിലേക്ക്‌ പ്രയാണം ചെയ്യുന്ന ബോധശക്തിയെ ഊര്‍ദ്ധ്വപ്രാണനെന്നും അറിയപ്പെടുന്നു.
ബാഹ്യപ്രാണനെ ആശ്രയിക്കുന്ന ജീവന്റെ ഗതിയാണ്‌ അധോഗതി. അത്‌ മരണത്തിലേക്കും നാശത്തിലേക്കുമുള്ള വഴിയാണ്‌. എന്നാല്‍ ഊര്‍ദ്ധ്വപ്രാണനെ ആശ്രയിക്കുന്ന ജീവന്‍ തന്റെ പരമാവസ്ഥയെ പ്രാപിക്കുന്ന മാര്‍ഗം കണ്ടെത്തുന്നു.

ശരീരം, പ്രാണന്‍, മനസ്സ്‌ എന്നീ മൂന്ന്‌ തലങ്ങളെക്കുറിച്ച്‌ നമുക്ക്‌ അറിയാം. ശരീരപ്രാണ മനസ്സുകളുടെ ചലനങ്ങളിലൂടെയാണ്‌ നമ്മുടെ ജീവിതം; എങ്കിലും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ശരീരപ്രാണമനസ്സുകളുടെ അപ്പുറത്തുള്ള ഒരു തലത്തെ നാം സ്പര്‍ശിക്കുന്നുണ്ട്‌. ചിലപ്പോള്‍ ധ്യാനാവസ്ഥയില്‍ നമുക്ക്‌ ഈ അവസ്ഥ കൈവന്നിട്ടുണ്ടാകാം; പ്രകൃതിയുമായി ഒന്നായി ചേരുന്ന അപൂര്‍വം നിമിഷങ്ങളില്‍ ഈ അനുഭവം നമുക്ക്‌ ഉണ്ടായിട്ടുണ്ടായിരിക്കും; ചിലപ്പോള്‍ വെറുതെ നീലാകാശത്തേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഉദിച്ചുയരുന്ന സൂര്യന്റെ മനോഹാരിതയെ ദര്‍ശിക്കുമ്പോള്‍, സംഗീതം പൊഴിച്ചുകൊണ്ട്‌ ഒഴുകിപ്പോകുന്ന കാട്ടാറിന്റെ തീരത്ത്‌ നില്‍ക്കുമ്പോള്‍ അറിയാതെ നാം മറ്റൊരു ബോധമണ്ഡലത്തിലേക്ക്‌ ഉയരുന്നുണ്ട്‌. വാസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നാം അറിയുന്നില്ല. നാം കരുതുന്നു പ്രകൃതിദൃശ്യങ്ങള്‍ കണ്ടതിലുള്ള സന്തോഷമാണ്‌ ഇതെന്ന്‌. പക്ഷേ, വാസ്തവത്തില്‍ സംഭവിക്കുന്നത്‌ മറ്റൊന്നാണ്‌. ഇത്തരം നിമിഷങ്ങളില്‍ പ്രകൃതിയുടെ താളവുമായി നമ്മുടെ ശരീരപ്രാണ മനസ്സുകളുടെ താളം ഏകീകരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. അതോടെ നമ്മുടെ ബോധം ശരീരപ്രാണ മനസ്സുകള്‍ക്ക്‌ ഉപരിയായ ഒരു മണ്ഡലത്തിലേക്ക്‌ എത്തിച്ചേരുന്നു. അതിനെയാണ്‌ ബോധമണ്ഡലം എന്ന്‌ വിളിക്കുന്നത്‌. ബോധമണ്ഡലത്തില്‍ എത്തിച്ചേര്‍ന്നതിന്റെ നിര്‍വൃതിയാണ്‌ നാം അനുഭവിക്കുന്ന ശാന്തിയും സമാധാനവും സന്തോഷവും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by