Categories: World

ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും – ഗദ്ദാഫി

Published by

ട്രിപ്പോളി: ലിബിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ശക്തമായ തിരിച്ചടി നല്‍കുമെന്നു മുവാമര്‍ ഗദ്ദാഫി. സൈനിക നടപടി നാറ്റോ അവസാനിപ്പിക്കണം. ഗ്രീന്‍ ചത്വരത്തില്‍ ഒത്തുകൂടിയ അനുയായികളെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യോമാക്രമണത്തിലൂടെ നാറ്റോ സേന എല്ലാം നശിപ്പിക്കുകയാണ്. നിരപരാധികളെ വധിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നതിന് എന്തു ന്യായീകരണമാണു നാറ്റോയ്‌ക്കു പറയാനുള്ളത്. കനത്ത നാശമാണു യൂറോപ്പിനെ കാത്തിരിക്കുന്നത്.

യൂറോപ്പിലേക്കു ഞങ്ങള്‍ തേനീച്ചക്കൂട്ടങ്ങളെ പോലെ ഇരച്ചു കയറും. യൂറോപ്പ് തെരുവുകളില്‍ ഭരണാധികാരികള്‍ക്കെതിരെയുള്ള പ്രക്ഷോഭകരെ കൊണ്ടു നിറയും. യൂറോപ്പിലെ സ്ഥാപനങ്ങളും ഓഫിസുകളും നശിപ്പിക്കുമെന്നും ഗദ്ദാഫി മുന്നറിയിപ്പു നല്‍കി.

ഇവിടെ ഞങ്ങളുടെ ഭവനങ്ങളെ ലക്ഷ്യമിടുന്നതു പോലെ തികച്ചും ‘ന്യായമായ ആക്രമണമായിരിക്കും അത്‌. ഒരു വലിയ ദുരന്തം ഒഴിവാക്കണമെങ്കില്‍ പിന്‍വാങ്ങുന്നതാണു നിങ്ങള്‍ക്കു നല്ലതെന്ന് മുന്നറിയിപ്പ് നല്‍കിയ ഗദ്ദാഫി ഫ്രാന്‍സ്‌ വിമതര്‍ക്ക്‌ നല്‍കിയ ആയുധങ്ങള്‍ നീക്കം ചെയ്യാനായി പാശ്ചാത്യ പര്‍വതങ്ങളിലേക്കു മാര്‍ച്ച് ചെയ്യാന്‍ ഗദ്ദാഫി അനുകൂലികളോട്‌ ആഹ്വാനം ചെയ്യുകയും ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by