Categories: Thrissur

നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു ; നാട്ടുകാര്‍ ദുരിതത്തില്‍

Published by

കൊടുങ്ങല്ലൂര്‍ : നഗരസഭ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പലഭാഗത്തും ചോര്‍ന്നൊലിച്ച്‌ നശിച്ചുകൊണ്ടിരിക്കുന്നു. ബസ്‌ സ്റ്റാന്റ്‌ കെട്ടിടമാണ്‌ നഗരസഭ അധികൃതരുടെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നതും മഴവന്നതോടെ മുകളിലെ നിലയിലെ മുറികളെല്ലാം വെള്ളം കെട്ടിക്കിടന്ന്‌ നശിക്കുകയാണ്‌. ചുമരെല്ലാം വെള്ളം നനഞ്ഞ്‌ ഏത്‌ നിമിഷവും തകര്‍ന്ന്‌ വീഴാവുന്ന അവസ്ഥയിലാണ്‌.

താഴെനിലയില്‍ നിരവധി സ്വകാര്യ സ്ഥാപനങ്ങളും മുകളില്‍ അനേകം ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ദേശീയപാതയോരത്ത്‌ സ്ഥിതിചെയ്യുന്ന ബസ്‌ സ്റ്റാന്റ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക്‌ മാറിയതോടെ പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്‌. ഉപയോഗശൂന്യമായതിനാല്‍ ആവശ്യക്കാരുമില്ലാതായി.

കെട്ടിടത്തിന്റെ താഴെ നിലയിലെ കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ചപ്പുചവറുകളും ഭക്ഷണ അവശിഷ്ടങ്ങളും കുന്നുകൂടി ദുര്‍ഗന്ധം മൂലം പരിസരത്തേക്ക്‌ അടുക്കാന്‍ പറ്റാത്ത നിലയിലാണ്‌. കെട്ടിടത്തിന്‌ മുകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞ്‌ വെള്ളം കെട്ടിനിന്ന്‌ താഴെ മുറികളിലേക്ക്‌ ഒഴുകുകയാണ്‌.
കെട്ടിടത്തിന്റെ പലഭാഗങ്ങളും തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌. കെട്ടിടം വൃത്തിയാക്കി അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ ദുരന്തത്തിന്‌ വഴിവെക്കുമെന്ന്‌ ജനം ആശങ്കയിലാണ്‌. ജനങ്ങള്‍ ബസ്‌ കാത്തുനില്‍ക്കുന്ന ഭാഗം ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്‌. ബസ്‌ സ്റ്റാന്റ്‌ കെട്ടിടം വൃത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ കൗണ്‍സിലര്‍ ടി.സുന്ദരേശന്‍ ആവശ്യപ്പെട്ടു.

വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത്‌ യഥാസമയം തിരിച്ചടക്കാതെ ജപ്തിനടപടികള്‍ നേരിടുമ്പോള്‍ പ്രതിമാസം ലക്ഷങ്ങള്‍ വാടക കിട്ടുന്ന നഗരസഭയുടെ പലകെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts