ചാലക്കുടി : കൊരട്ടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ വിഷയത്തില്‍ കൊണ്ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇന്നലെ നടത്താനിരുന്ന ദേശീയപാത ഉപരോധസമരം 25ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചാലക്കുടിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് പറഞ്ഞ് ഉപരോധസമരത്തില്‍ നിന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ആര്‍ബിഡിസി ഉദ്യോഗസ്ഥരേയും ദേശീയപാത അധികൃതരേയും പങ്കെടുപ്പിക്കാതിരുന്ന എംപിയുടെ നടപടി വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പരിഹാരമായി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇതേ ഉദ്യോഗസ്ഥരെ മുന്‍ കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ടിന്റേയും വൈസ് പ്രസിഡണ്ടിന്റേയും നേതൃത്വത്തില്‍ കൊണ്ടുവന്ന് ചില താല്കാലിക നടപടികള്‍ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയില്‍ നിന്ന് പുളിക്കക്കടവ് റോഡിലേക്ക് പ്രവേശനം നല്കുവാന് താല്ക്കാലികമായ റോഡ് നിര്‍മ്മിക്കുകയും ഗതാഗതക്കുരുക്കിന് പരിഹാരമായി ബാറിന്റെ മുന്നില്‍ നിന്ന് ബസ് സ്റ്റോപ്പ് സഹകരണ ബാങ്കിന്റെ മുമ്പിലേക്ക് മാറ്റി.
ഇന്നലെ നടക്കേണ്ടിയിരുന്ന ദേശീയപാത ഉപരോധം കോണ്‍ഗ്രസ് അട്ടിമറിക്കുകയായിരുന്നു. മന്ത്രിതല ചര്‍ച്ചയുടെ പേരില്‍ റെയില്‍വേ മേല്പ്പാലവിഷയത്തിലല്ല ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. മേല്‍പ്പാല വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരെകൊണ്ട് കാര്യങ്ങള്‍ എത്രയും വേഗം ചെയ്യിച്ച് പണിപൂര്‍ത്തിയാക്കുന്നതിന് പകരം പണി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും വലിയ ജനകീയ വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: