Categories: Ernakulam

വിവാഹതട്ടിപ്പ്‌ വീരന്‍ പിടിയില്‍

Published by

കൊച്ചി: പത്തോളം വിവാഹങ്ങള്‍ നടത്തി തട്ടിപ്പ്‌ നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ്‌ പിടികൂടി. പുനലൂര്‍ മണിയാര്‍ ഇടശ്ശേരികുറ്റിയില്‍ വീട്ടില്‍ ജോര്‍ജ്ജ്‌ മകന്‍ മാത്യുവാണ്‌ പിടിയിലായത്‌. ഇയാള്‍ സോമന്‍, ചാള്‍സ്‌ ജോര്‍ജ്ജ്‌,സോമന്‍ നായര്‍,തോമസ്‌, മാത്യൂ എന്നീ പേരുകളാണ്‌ തട്ടിപ്പിന്‌ ഉപയോഗിച്ചത്‌. ഇന്ത്യന്‍ മിലിട്ടറി ഓര്‍ഡന്‍സ്‌ ഫാക്ടറി സര്‍വ്വീസിലെ ഗസറ്റഡ്‌ റാങ്ക്‌ ഉദ്യോഗസ്ഥന്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തിയാണ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.

പോലീസ്‌ പിടികൂടുമ്പോള്‍ കൈവശം ഇടപാടുകാരെ കബളിപ്പിക്കുന്നതിനായി മിലിട്ടറി സര്‍വീസിന്റെ തോമസ്‌ മാത്യു എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡും, ഫോട്ടോ ലെറ്റര്‍ ഹെഡും ഉണ്ടായിരുന്നു. എല്ലാ ദിവസവും പത്രത്തില്‍ വരുന്ന വിവാഹ പരസ്യങ്ങളുടെ കട്ടിങ്ങുകള്‍ എടുത്ത്‌ അതിലുള്ള അഡ്രസ്സിലേയ്‌ക്ക്‌ ഇ-മെയില്‍ ചെയ്ത്‌ പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ചാണ്‌ ഇയാള്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്‌. ഇടക്കൊച്ചിയിലുള്ള പെണ്‍കുട്ടിയുമായി കല്യാണ ആലോചന നടത്തിയതിനുശേഷം 10,000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ കുടുങ്ങിയത്‌. പെരുമ്പാവൂര്‍, മണിയാര്‍ തുടങ്ങി പല സ്ഥലങ്ങളിലും വിവാഹതട്ടിപ്പ്‌ നടത്തിയതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

കൊച്ചി സിറ്റി പോലീസ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ ഷംസു ഇല്ലിക്കലിന്റെ നിര്‍ദ്ദേശപ്രകാരം ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, പള്ളുരുത്തി എസ്‌ഐ അനൂപ്‌, ഷാഡോ എഎസ്‌ഐ സേവ്യര്‍, പോലീസുകാരായ ബാബു, ആന്റണി, രഞ്ജിത്ത്‌,രാജി, വിനോദ്‌, വിശാല്‍ അമിതാഭ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by