Categories: Ernakulam

അറിവിന്റെ സംവാദ സായാഹ്നങ്ങള്‍ക്ക്‌ നൂറ്റമ്പതിന്റെ നിറവ്‌

Published by

കാലടി: അറിവിന്റെ വൈജ്ഞാനികസൂര്യനെ അറിഞ്ഞും അനുഭവിച്ചും പകര്‍ന്ന്‌ നല്‍കിയും ബുധസംഗമകൂട്ടായ്മ ശ്രദ്ധേയമാകുന്നു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ ദാര്‍ശനിക പ്രചോദനത്താല്‍ കാലടി എസ്‌എന്‍ഡിപി ലൈബ്രറിയില്‍ ആരംഭിച്ച ബുധ സായാഹ്നങ്ങളിലെ സൗഹൃദ കൂട്ടായ്മയായ ബുധസംഗമം 150 ആഴ്ചകള്‍ പിന്നിട്ടു.

ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ തലമുറകള്‍ അറിവിന്റെ മൊഴിമുത്തുകളുമായി ബുധനാഴ്ചകളില്‍ ഒത്ത്‌ ചേരും. ജിജ്ഞാസുക്കളായ വിദ്യാര്‍ത്ഥികള്‍ മുതല്‍ വന്ദ്യവയോധികന്മാര്‍വരെ കൂട്ടായ്മയില്‍ സജീവമാണ്‌. കാലടി എന്‍.സോമശേഖരന്‍ വൈദ്യനാല്‍ തുടക്കം കുറിക്കപ്പെട്ട്‌ അറുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ട കാലടി എസ്‌എന്‍ഡിപി ലൈബ്രറിയുടെ മുഖ്യപരിപാടികളിലൊന്നായി ബുധസംഗമം മാറിക്കഴിഞ്ഞു.

അറിവിന്റെ നാനാ മേഖലകളിലുള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അതാത്‌ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തികളുടെ മുഖ്യസംഭാഷണവും തുടര്‍ന്ന്‌ ശ്രോതാക്കളുടെ പ്രതികരണവും ചേര്‍ന്നാണ്‌ ബുധനാഴ്ചകളില്‍ വൈകുന്നേരം 6 മുതല്‍ 8 വരെ നടക്കുന്ന ബുധസംഗമ പരിപാടി. ചര്‍ച്ചാവിഷയങ്ങള്‍ ഒരാഴ്ചമുമ്പേനല്‍കുന്നത്‌ മൂലം അത്‌ സംബന്ധിച്ച്‌ പഠിച്ചു വരാന്‍ അംഗങ്ങള്‍ക്ക്‌ കഴിയുന്നു എന്നത്‌ ചര്‍ച്ചകളെ ഗൗരവതരമാക്കുന്നു. കാലടിയില്‍ കഴിഞ്ഞ 150 ആഴ്ചകളായി നിരന്തരം തുടര്‍ന്നു വരുന്ന ഈ ചര്‍ച്ചാവേദി കേരളസ്റ്റേറ്റ്‌ ലൈബ്രറികൗണ്‍സിലിന്റേയും കാലടിയിലെ ഇതര സാംസ്കാരിക പ്രസ്ഥാനങ്ങളുടേയും അനവധിവിശിഷ്ട വ്യക്തികളുടേയും അഭിനന്ദനവും ശ്രദ്ധയും പിടിച്ചു പറ്റിയ ഒന്നായി മാറുവാനായി. മികച്ച സാംസ്ക്കാരിക പ്രവര്‍ത്തനത്തിനുള്ള കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന അവാര്‍ഡ്‌ ആയ സമാധാനം പരമേശ്വരന്‍ പുരസ്കാരം ഈ ഗ്രന്ഥശാലയെതേടിവന്നതും ഈ കൂട്ടായ്മയുടെ സദ്ഫലങ്ങളിലൊന്നാണ്‌.

ഓണം, വിഷു, ക്രിസ്മസ്‌, നബിദിനം, റംസാന്‍ എന്നിവ മാത്രമല്ല ശ്രീരാമകൃഷ്ണ ജയന്തി, ബുദ്ധപൂര്‍ണിമ, ശ്രീനാരായണജയന്തി, സ്വാതന്ത്ര്യദിനം,ശ്രീശങ്കരജയന്തി എന്നിവയോടനുബന്ധിച്ചെല്ലാം ഇവിടെ ലളിതമായ ആഘോഷങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. അംബേദ്ക്കര്‍, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നീ മഹത്തുക്കളുടെയെല്ലാം ജന്മദിനങ്ങള്‍ ഇവിടെ ചര്‍ച്ചകളും പ്രഭാഷണങ്ങളുമായി ആഘോഷിക്കുന്നു.

സര്‍ദാര്‍ ഭഗത്സിംഗ്‌, കുറ്റിപ്പുഴ കൃഷ്ണപിള്ള ശ്രീമൂലനഗരം വിജയന്‍, സമാധാനം പരമേശ്വരന്‍, ചൊവ്വര പരമേശ്വരന്‍, സരസകവി മൂലൂര്‍, നെല്ലിക്കല്‍ മുരളീധരന്‍, കുട്ടികൃഷ്ണമാരാര്‌, പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍, കെടാമംഗലം സദാനന്ദന്‍, ഭരതന്‍, കെ.സി.എസ്‌.പണിക്കര്‍ തുടങ്ങിയ ഒട്ടനവധി ഉജ്വലവ്യക്തിത്വങ്ങള്‍ക്ക്‌ ബുധസംഗമ ചര്‍ച്ചകളിലൂടെ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടു. ബുധസംഗമത്തിനെത്തുന്ന വ്യക്തികള്‍ തന്നെയാണ്‌ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കുക. സമകാലീന സംഭവങ്ങളും, സാമൂഹ്യപ്രശ്നങ്ങളും ഇവിടെ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്‌. നമ്മുടെ നാടും മാലിന്യപ്രശ്നങ്ങളും, നാട്ടില്‍ പുലിയിറങ്ങിയതിനോടനുബന്ധിച്ച്‌ കാടിറങ്ങുന്ന വന്യജീവികള്‍, നിയമനിര്‍മാണ സഭകളിലെ സ്ത്രീപങ്കാളിത്തം, നവോഥാനനായകന്മാരുടെ പഠനകേന്ദ്രവിവാദം, മൊബെയില്‍ ഫോണും മനുഷ്യബന്ധങ്ങളും, അറിവിന്റെ കുത്തകയും സ്വതന്ത്രസോഫ്റ്റ്‌ വെയറും, കാലടിയുടെ വികസന സങ്കല്‍പങ്ങള്‍, പത്രങ്ങളും സമകാലീനസമൂഹവും, വഴിയും, വാഹനവും വഴിയാത്രക്കാരും എന്നിവ അവയില്‍ ചിലതാണ്‌.

ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണത്തിന്‌ അദ്ദേത്തിന്റെ ചെറുമകന്‍ ഹരികുമാര്‍ ചങ്ങമ്പുഴ എത്തിയതും, കലാനിലയം കൃഷ്ണന്‍നായരെക്കുറിച്ച്‌ സംസാരിക്കാന്‍ മകനായ കലാനിലയം അനന്തപദ്മനാഭന്‍ എത്തിയതും, ആഗമാനന്ദസ്വാമികളെ ഓര്‍ക്കുവാന്‍ അദ്ദേഹം എടുത്തു വളര്‍ത്തിയ ബാലനായ ടി.കെ.പത്മനാഭന്‍ എത്തിയതും ബുധസംഗമത്തിലെ അവിസ്മരണീയ അനുഭവങ്ങളാണ്‌.

ഗീതാഞ്ജലി, ഹിന്ദ്സ്വരാജ്‌, പ്രിന്‍സിപ്രിയ മാത്തമാറ്റിക്ക എന്നീ പ്രശസ്ത ഗ്രന്ഥങ്ങളുടെ ശതാബ്ദിയോടനുബന്ധിച്ച്‌ ഇവിടെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വൈലോപ്പിള്ളി, ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജനം എന്നിവരുടെ ശതാബ്ദികളും ഇവിടെ ആഘോഷിക്കുകയുണ്ടായി.

ശരാശരിഇരുപതിനും മുപ്പതിനും ഇടയില്‍ അംഗങ്ങളാണ്‌ സാധാരണയായി ബുധസംഗമത്തിനെത്തിചേരുക. അന്‍പതിലേറെപ്പേര്‍ വരുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അംഗങ്ങളെത്താത്തതുമൂലം ഇതേവരെ ബുധസംഗമം നടക്കാത്ത വേളയുണ്ടായിട്ടില്ലെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.

ഈ കുട്ടായ്മയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്‌ ഇതിന്റെ നോട്ടീസ്തന്നെയാണ്‌. നിരന്തമായി നോട്ടീസിലേക്ക്‌ വരികള്‍ കുറിക്കുന്നത്‌ ഇ.കെ.സുകുമാരനാണ്‌. ഡയറ്റ്‌ ലക്ചറര്‍ കുഞ്ഞിരാമന്‍ പുതുശ്ശേരി ചാത്തോത്ത്‌ ആണ്‌ ചിത്രങ്ങള്‍വരക്കുക. പെരുമ്പാവൂര്‍ റോയല്‍ ഗ്രാഫിക്സിലെ ബെന്നിയുടേതാണ്‌ ഡിസൈന്‍.

ലൈബ്രറി പ്രസിഡന്റ്‌ , പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ അഡ്വ.കെ.ബി.സാബുവിന്റെ നേതൃത്വത്തില്‍ ലൈബ്രറികമ്മറ്റി അംഗങ്ങളും ലൈബ്രറിപ്രവര്‍ത്തകരായ രാധാമുരളീധരന്‍, അമ്പാടിക്കണ്ണന്‍ എന്നിവരും പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by