Categories: Ernakulam

ക്ഷേത്രം വിട്ട്കിട്ടാന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

Published by

കളമശ്ശേരി: കൊയ്യാട്ട്‌ കുടുംബ ഭരദേവത ക്ഷേത്രം വിട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ക്ഷേത്രം ട്രസ്റ്റിന്റെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ ഏലൂര്‍ ബിഎസ്സിഎസ്‌ പവ്വര്‍ കമ്പനിയിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തി. നൂറ്റാണ്ടുകളായി പൂജനടത്തിപോന്നിരുന്ന കൊയ്യാട്ട്‌ ഭരദേവതാ തറ ഇപ്പോള്‍ ബിഎസ്സിഎസ്സ്‌ കമ്പനി കൈവശമാണ്‌. ഏകദേശം ഈ സ്ഥലത്തിനു സമീപം 1964ല്‍ ടിസിസി കമ്പനി ഏറ്റെടുത്തിരുന്നു. എന്നാല്‍ തറഇരിക്കുന്ന പതിനഞ്ച്‌ സെന്റ്‌ സ്ഥലം കമ്പിനി ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ 1995ല്‍ ടിസിസി ഈ സ്ഥലം ബിഎസ്സിഎസ്‌ കമ്പനിക്ക്‌ പാട്ടത്തിനുനല്‍കി. ബിഎസ്സിഎസ്‌ ഈ സ്ഥലം അടക്കം മതില്‍ കെട്ടി അടച്ചുകളഞ്ഞു. ഇതാണ്‌ വിവാദമായത്‌.

തുടര്‍ന്ന്‌ ടിസിസിയുമായി ചര്‍ച്ചചെയ്തപ്പോള്‍ ക്ഷേത്രം വക സ്ഥലം വിട്ടുതരുന്നതിന്‌ എതിര്‍പ്പ്‌ ഇല്ലായിരുന്നു. എന്നാല്‍ ബിഎസ്സിഎസ്‌ മാനേജ്മെന്റ്‌ മര്‍ക്കടമുഷ്ടിയാണ്‌ കാണിച്ചത്‌.

ഇതിനെതിരെ ട്രസ്റ്റ്‌ കുടുംബാംഗങ്ങളും വിശ്വാസികളും കമ്പനിഗേറ്റിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണയ്‌ക്ക്‌ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, അനില്‍കൃഷ്ണന്‍, സജിത്‌ ബിജെപി പരിസ്ഥിതി സെല്‍ ജില്ലാകണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്‌,മുനിസിപ്പല്‍ കണ്‍വീനര്‍ പി.ടി.ഷാജി, കൗണ്‍സിലര്‍ എസ്‌.ഷാജി, മണ്ഡലം സെക്രട്ടറി എ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ താലൂക്ക്‌ സര്‍വ്വേയര്‍ എത്തി സ്ഥലം പരിശോധിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by