Categories: World

സ്ട്രോസ്‌ കാനെതിരായ കേസ്‌ പൊളിയുന്നു

Published by

ന്യൂയോര്‍ക്ക്‌: അന്താരാഷ്‌ട്ര നാണ്യനിധി മുന്‍ മേധാവി ഡൊമിനിക്‌ സ്ട്രോസ്‌ കാനെതിരെയുള്ള ലൈംഗികാപവാദക്കേസ്‌ പിന്‍വലിക്കാന്‍ സാധ്യത. ഫ്രാന്‍സിലെ ഉന്നത രാഷ്‌ട്രീയ നേതാവുകൂടിയായ സ്ട്രോസ്‌ കാനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ലൈംഗികാപവാദകേസ്‌ തെറ്റാണെന്ന്‌ ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതായി ഉന്നത നിയമാധികൃതരുടെ വാക്കുകളെ ഉദ്ധരിച്ച്‌ അമേരിക്കന്‍ പത്രം ‘ന്യൂയോര്‍ക്ക്‌ ടൈംസ്‌’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആരോപണവുമായി രംഗത്തെത്തിയ പരിചാരകയുടെ വാക്കുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിഷേധിച്ചതായും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ക്രിമിനല്‍ കേസ്‌ വാദിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ (പ്രോസിക്യൂട്ടര്‍) കേസ്‌ പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ സ്ട്രോസ്‌ കാന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും അറിയുന്നു.

സ്ട്രോസ്‌ കാന്‍ ഉടന്‍ തടങ്കല്‍ മോചിതനാകുമെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനല്‍ കുറ്റം നിലനില്‍ക്കുന്നതല്ല എന്ന വാദത്തിന്‌ ശക്തിപകരുന്നതാണെന്ന്‌ അദ്ദേഹത്തിന്റെ അറ്റോണി ബെഞ്ചമിന്‍ ബ്രാഷ്മാന്‍ അറിയിച്ചു.

ഫ്രാന്‍സിലെ ഉന്നത രാഷ്‌ട്രീയ നേതാവായ സ്ട്രോസ്കാന്‍ ലൈംഗികാപവാദക്കേസില്‍ മെയ്‌ 14നാണ്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. മെയ്‌ 19ന്‌ അദ്ദേഹം ഐഎംഎഫ്‌ തലപ്പത്ത്‌ നിന്നും ഒൗ‍ദ്യോഗികമായി രാജിവെച്ചിരുന്നു. ജൂണ്‍ ആറിന്‌ അദ്ദേഹം തനിക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന എല്ലാ വാദങ്ങളും നിഷേധിക്കുകയും കുറ്റക്കാരനല്ലെന്ന്‌ വാദിക്കുകയും ചെയ്തു.

ഐഎംഎഫ്‌ മേധാവിക്കെതിരെ ലൈംഗികാപവാദക്കേസുമായി രംഗത്തെത്തിയാല്‍ ചില നേട്ടങ്ങളുണ്ടെന്ന്‌ സ്ത്രീ കരുതിയിരുന്നതായും ഹോട്ടലില്‍ സ്ട്രോസ്‌ കാനുമായി പിടിവലി മാത്രമാണ്‌ നടന്നതെന്നും അജ്ഞാതനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായും റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. അജ്ഞാതന്റെ ബാങ്ക്‌ ബാലന്‍സില്‍ സ്ത്രീക്കുള്ള അവകാശ രേഖകളും സംശയം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്ത്രീയുടെ വാദത്തെ ദുര്‍ബലമാക്കുന്നതായും അധികൃതര്‍ വെളിപ്പെടുത്തുന്നു.

ഒരു മില്യണ്‍ ഡോളര്‍ പണത്തിന്റെയും അഞ്ച്‌ മില്യണ്‍ ബോണ്ടിന്റെയൂം ജാമ്യവ്യവസ്ഥയിലാണ്‌ സ്ട്രോസ്‌ കാന്‍ ജയില്‍ മോചിതനായത്‌. എന്നാല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലുള്ള ഇദ്ദേഹം യന്ത്രവല്‍കൃത മോണിറ്ററിംഗ്‌ സംവിധാനത്തിന്റെയും സായുധ സേനയുടെയും നടുവിലാണ്‌. ലൈംഗികാപവാദക്കേസില്‍ കുറ്റവാളിയാണെന്ന്‌ തെളിഞ്ഞാല്‍ ഡൊമിനിക്‌ സ്ട്രോസ്‌ കാന്‌ 25 വര്‍ഷമാണ്‌ ജയില്‍ ശിക്ഷയനുഭവിക്കേണ്ടിവരിക.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by