Categories: World

ഡേവിഡ്‌ പെട്രയൂസ്‌ സിഐഎ തലവന്‍

Published by

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ജനറല്‍ ഡേവിഡ്‌ പെട്രയൂസിനെ സിഐഎ തലവനായി യുഎസ്‌ സെനറ്റ്‌ ഐകകണ്ഠേന തെരഞ്ഞെടുത്തു.

യുഎസ്‌ പ്രതിരോധ സെക്രട്ടറിയായി നിയമിതനായ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ്‌ പെട്രയൂസ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇദ്ദേഹം സിഐഎ തലവനാകുമെന്ന്‌ നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സേനയെ പൂര്‍ണമായും പിന്‍വലിക്കാനുള്ള പ്രസിഡന്റ്‌ ഒബാമയുടെ പ്രഖ്യാപനത്തിനെതിരെ പെട്രയൂസ്‌ പരസ്യമായി രംഗത്തുവന്നത്‌ സെനറ്റര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും സാവകാശം സേനയെ പിന്‍വലിക്കുന്നതാണ്‌ ഉചിതമെന്നും അല്ലാത്തപക്ഷം ആ രാജ്യത്തുനിന്നും വീണ്ടും ഭീകരവാദ ഭീഷണി ഉയരാനിടയുണ്ടെന്നുമായിരുന്നു പെട്രയൂസ്‌ സെനറ്റ്‌ യോഗത്തില്‍ അഭിപ്രായപ്പെട്ടത്‌. ഇതോടൊപ്പം മുന്‍ സിഐഎ തലവന്‍ ലിയോണ്‍ പനേറ്റയുടെ പാതയിലൂടെ തന്നെ സഞ്ചരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സേനാ നീക്കത്തിന്റെ പേരില്‍ അമേരിക്കന്‍ സേന ലോകമെമ്പാടും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുകയാണെന്ന ആരോപണം സെനറ്റ്‌ അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നായിരുന്നു പെട്രയൂസിന്റെ മറുപടി. അറബ്‌ രാജ്യങ്ങളിലെ പുതുതലമുറയുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം, അമേരിക്കന്‍ നയതന്ത്രജ്ഞനായ റയിന്‍ ക്രോക്കറെ അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പ്രതിനിധിയായി നിയമിക്കാനും തീരുമാനമായി. അഫ്ഗാനിലെ അമേരിക്കന്‍ പ്രതിനിധിയാകാന്‍ തനിക്ക്‌ താല്‍പര്യമുണ്ടെന്ന്‌ കാണിച്ച്‌ ക്രോക്കര്‍ സമര്‍പ്പിച്ച അപേക്ഷ സെനറ്റ്‌ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച്‌ പരിചയമുള്ള ക്രോക്കര്‍ക്ക്‌ അമേരിക്കയുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആ രാജ്യത്തെ ഫലപ്രദമായി ബോധിപ്പിക്കാനാകുമെന്ന്‌ സെനറ്റ്‌ അഭിപ്രായപ്പെട്ടു. സിറിയ, ലബനന്‍, കുവൈറ്റ്‌ എന്നീ രാജ്യങ്ങളില്‍ അമേരിക്കന്‍ അംബാസഡറായി പ്രവര്‍ത്തിച്ചുപരിചയമുള്ള ഇദ്ദേഹത്തിന്‌ അറബി ഭാഷയിലും പ്രാവീണ്യമുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by