Categories: India

സിഖ് കലാപം : കമല്‍‌നാഥ് നയതന്ത്ര പരിരക്ഷ ആവശ്യപ്പെട്ടു

Published by

വാഷിങ്ടണ്‍: 1984ലെ ഡല്‍ഹി സിഖ് കലാപവുമായി ബന്ധപ്പെട്ടു യു.എസ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നയതന്ത്ര പരിരക്ഷ വേണമെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലെ ജഡ്ജി റോബര്‍ട്ട് ഡബ്ലിയു സ്വീറ്റാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പലപ്പോഴും അമേരിക്ക സന്ദര്‍ശിക്കേണ്ടതിനാലാണ് കമല്‍നാഥ് പരിരക്ഷ ആവശ്യപ്പെട്ടത്.

മനുഷ്യാവകാശ സംഘടന സിഖ്സ് ഫൊര്‍ ജസ്റ്റിസും കലാപത്തില്‍ ഇരകളായ ചിലരുമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ വിചാരണയ്‌ക്കു മുന്‍പുളള വാദം സെപ്റ്റംബര്‍ 21നു യുഎസ് കോടതിയില്‍ തുടങ്ങും. ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കലാപം നയിച്ചതിലൊരാള്‍ കമല്‍നാഥ് ആണെന്നാണ് ആരോപണം.

ഇന്ത്യയൊട്ടാകെ സിക്കുകാരെ ഇല്ലാതാക്കുന്നതിനായി എങ്ങനെയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പദ്ധതികള്‍ ആസൂത്രണം ചെ യ്‌തതെന്നും നടപ്പിലാക്കിയതെന്നുമുള്ള തെളിവുകള്‍ സംഘടന കോടതിയ്‌ക്ക്‌ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി സിക്കുകാരെ കൊന്നൊടുക്കിയ കേസിലെ പ്രതികളെ സംരക്ഷിച്ചതെങ്ങനെയെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ സാക്ഷിയായ ഒരാളുടെ സത്യവാങ്ങ്‌മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് ഇന്ത്യയില്‍ അന്വേഷണം നടത്തിയ നാനാവതി കമ്മിഷന്‍ കമല്‍നാഥിനെ കുറ്റവിമുക്തനാക്കിയിരുന്നു. 1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ചുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ 3,296 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by