ബീജിംഗ്: ചൈനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപകനും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ മാവോ സെതൂങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ തെറ്റായിരുന്നുവെന്ന അവകാശവാദവുമായി പുതിയ തലമുറയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രംഗത്തെത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 90-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഒരുവിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാവോയുടെ ആശയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. മാവോയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പലതും സമൂഹത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചതായും വിപ്ലവകരമായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതുവഴി മാവോ രാജ്യത്തിലെ പരമ്പരാഗത സാമ്പത്തിക സ്രോതസ്സുകളെ തകര്‍ത്തതായും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മാവോ സെതൂങ്ങിന്റെ പിന്‍ഗാമിയായ ഡെങ്ങ് സിയാവൊ പിങ്ങ് നടപ്പില്‍ വരുത്തിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് രാജ്യത്തിന് പിന്നീട് രക്ഷയായിത്തീര്ന്നതെന്നും ഇവര്‍ വ്യക്തമാക്കി. മാവോയുടെ പ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍ വിലയിരുത്തി ഇദ്ദേഹം നടപ്പിലാക്കിയ മികച്ച സാമ്പത്തിക ഉദാരവല്‍ക്കരണമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും അഭിപ്രായമുണ്ട്.
വിപ്ലവാത്മകമായ നിലപാടുകളിലൂടെ ലോകത്തെമ്പാടും ആരാധകരെ നേടിയെടുത്ത മാവോ സെതൂങ്ങിന്റെ ഭരണത്തിലെ പാളിച്ചകള്‍ ഇതാദ്യമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം പുറത്തുവിടുന്നത്. വാക്കുകളിലെ വിപ്ലവം രാജ്യത്തിന്റെ സമ്പദ്ഘടനയിലും നടപ്പാക്കാന്‍ ശ്രമിച്ചതാണ് മാവോയുടെ ഏറ്റവും വലിയ പിഴയെന്ന് പാര്‍ട്ടി ഹിസ്റ്ററി സ്കൂള്‍ വൈസ് ഡയറക്ടര്‍ സി ചുന്റോ പറയുന്നു. ഇതോടൊപ്പം സ്വന്തം നിലയില്‍ ഒരു ജനാധിപത്യ ഭരണത്തിന് തുടക്കമിടാന്‍ തുനിഞ്ഞ മാവൊ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
62 വര്‍ഷമായി ചൈനയില്‍ ഭരണത്തിലിരിക്കുന്ന സിപിസിയുടെ 90-ാം സ്ഥാപന ദിനം ജൂലൈ 1 നാണ് ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാറുകള്‍ക്കും മറ്റ് സമ്മേളനങ്ങള്‍ക്കും ഇടയിലാണ് മാവോ സെതൂങ്ങിന്റെ ആശയങ്ങളോടുള്ള പാര്‍ട്ടി അനുഭാവികളുടെ പരസ്യമായ വിയോജിപ്പ് പ്രകടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: