Categories: Kerala

ശബരിമല വികസനം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുമെന്ന്‌ ആശങ്ക

Published by

പത്തനംതിട്ട: അടുത്ത മണ്ഡല മകരവിളക്ക്‌ ഉത്സവക്കാലത്തിന്‌ മുമ്പ്‌ ശബരിമലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമടക്കമുള്ളവര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വായ്‌ത്താരിയിലൊതുങ്ങുമോ എന്ന്‌ ഭക്തര്‍ക്ക്‌ ആശങ്ക.

വര്‍ഷങ്ങളായി നടപ്പാക്കുമെന്ന്‌ പ്രഖ്യാപിക്കുന്ന ശബരിമല മാസ്റ്റര്‍പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതികളൊന്നും ഈ തീര്‍ത്ഥാടനക്കാലത്തും നടപ്പാവുകയില്ലെന്നാണ്‌ സൂചന. ഓരോ തീര്‍ത്ഥാടനക്കാലം കഴിയുംതോറും ശബരിമലയില്‍ വര്‍ദ്ധിച്ചുവരുന്ന ഭക്തജനങ്ങളെ ഉള്‍ക്കൊള്ളാനാവുംവിധമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമലയില്‍ അനുഭവപ്പെടുന്ന തീര്‍ത്ഥാടനത്തിരക്ക്‌ നിയന്ത്രിക്കാന്‍ പട്ടാളത്തിന്റെ സഹായത്തോടെ പാലംനിര്‍മ്മിച്ച്‌ പുതിയ വഴിയൊരുക്കുമെന്ന പ്രഖ്യാപനവും ഈ തീര്‍ത്ഥാടനക്കാലത്ത്‌ നടപ്പാകുന്ന കാര്യം സംശയമാണ്‌. സാധന സാമഗ്രികള്‍ സന്നിധാനത്ത്‌ എത്തിച്ച ശേഷം മൂന്നുദിവസം കൊണ്ട്‌ പാലം പട്ടാളം നിര്‍മ്മിക്കുമെങ്കിലും ഈ പാലത്തിന്‌ ഇരുവശത്തുമുള്ള അപ്രോച്ച്‌ റോഡ്‌ പണിതീര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍പോലും മാസങ്ങള്‍ വേണ്ടിവരുമെന്നാണ്‌ സൂചന. സന്നിധാനത്തു നിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക്‌ മാളികപ്പുറത്തിന്‌ പുറകുവശത്തുകൂടിയുള്ള പുതിയ വഴിയില്‍ 90 മീറ്റര്‍ നീളത്തിലാണ്‌ സൈന്യം പാലം നിര്‍മ്മിക്കുന്നത്‌. എന്നാല്‍ ഈ പാലത്തിന്റെ ഇരുഭാഗത്തുമായി 150 മീറ്ററോളം അപ്രോച്ച്‌ റോഡ്‌ നിര്‍മ്മിക്കേണ്ടിവരും. ഈ റോഡ്‌ നിര്‍മ്മിക്കുന്നതിന്‌ ദശലക്ഷക്കണക്കിന്‌ രൂപയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കുന്നത്‌ ഇതിന്‌ സുപ്രീംകോടതിയുടേതടക്കമുള്ള അനുവാദവും മറ്റ്‌ നടപടി ക്രമങ്ങളും ലഭിച്ചു വരുമ്പോഴേക്കും തീര്‍ത്ഥാടനക്കാലം മുന്നിലെത്തിക്കഴിയുമെന്നാണ്‌ സൂചന. എല്ലാ നടപടി ക്രമങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാവുകയും റോഡ്‌ നിര്‍മ്മാണത്തിന്‌ ആവശ്യമായ സാധന സാമഗ്രികള്‍ തടസ്സം കൂടാതെ ശബരിമലയില്‍ എത്തുകയും ചെയ്താല്‍ രണ്ടര മാസത്തിലേറെ സമയം പണികള്‍ക്കായി മാത്രം വേണ്ടിവരുമെന്നാണ്‌ ഏകദേശ കണക്ക്‌. നിലവില്‍ ശബരിമലയിലേക്ക്‌ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള സ്വാമി അയ്യപ്പന്‍ റോഡ്‌ തകര്‍ന്ന്‌ തീരെ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്‌. ഈ റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശബരിമലയിലേക്ക്‌ നിര്‍മ്മാണ സാമഗ്രികള്‍ തടസ്സംകൂടാതെ എത്തിക്കാനാകൂ.

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന സ്വാമി അയ്യപ്പന്‍ റോഡ്‌ അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. സ്വാമി അയ്യപ്പന്‍ റോഡിന്റെ വീതികൂട്ടാനുള്ള നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല. നിലവില്‍ സ്വാമി അയ്യപ്പന്‍ റോഡ്‌ പൂര്‍ണ്ണമായും അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ ഈ തീര്‍ത്ഥാടനക്കാലത്തും സാധിക്കുകയില്ല. കാരണം ഈ റോഡിലൂടെയുള്ള ട്രാക്ടര്‍ ഓട്ടം പൂര്‍ണ്ണമായും നിര്‍ത്തി മാസങ്ങള്‍ നീണ്ട പുനരുദ്ധാരണ പണികള്‍കൊണ്ടേ റോഡ്‌ ഗതാഗത യോഗ്യമാക്കാനാകൂ. റോഡ്‌ അടച്ചിട്ട്‌ പണികള്‍ ചെയ്താല്‍ അടുത്ത തീര്‍ത്ഥാടനക്കാലത്തിന്റെ മുന്നൊരുക്കങ്ങളായി ശബരിമലയില്‍ പ്രസാദനിര്‍മ്മാണത്തിനടക്കമുള്ള സാധന സാമഗ്രികള്‍ സന്നിധാനത്ത്‌ എത്തിക്കാന്‍ കഴിയാതെ വരും. ചുരുക്കത്തില്‍ അങ്ങും ഇങ്ങും ചില മിനുക്കുപണികള്‍ ചെയ്ത്‌ ട്രാക്ടര്‍ ഓടാന്‍ ഏകദേശം കഴിയുംവിധം റോഡ്‌ പുതുക്കിയെടുക്കാനേ ഇനി സാധിക്കൂ. അയ്യപ്പ ഭക്തര്‍ക്ക്‌ സുഗമമായി യാത്ര ചെയ്യാവും വിധം സ്വാമി അയ്യപ്പന്‍ റോഡും ഗതാഗത യോഗ്യമായിരുന്നെങ്കില്‍ ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചിറങ്ങുന്ന ഭക്തരുടെ ഇതുവഴിയുള്ള യാത്ര ക്ലേശരഹിതമാകുമായിരുന്നു.

-കെ.ജി. മധുപ്രകാശ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by