പത്തനംതിട്ട : കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണത്തിന് എത്തിയ സിവില്‍ പോലീസ് ഓഫീസറെ ഡിഎച്ച്ആര്‍എമ്മുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ തോമസ് മാത്യു(46)നാണ് ഡിഎച്ച്.ആര്എമ്മുകാരുടെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ തോമസ് മാത്യു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ചികിത്സയിലാണ്.
സംഭവത്തേപ്പറ്റി പോലീസ് പറയുന്നതിങ്ങനെ ഇന്നലെ രാവിലെ 11മണിയോടെ പത്തനംതിട്ട സിഐയുടെ നിര്‍ദ്ദേശ പ്രകാരം കേസന്വേഷണവുമായി ബന്ധപ്പെട്ട് മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി ഓമല്ലൂര്‍ പുത്തന്‍പീടികയിലെ പട്ടികജാതി കോളനിയിലെത്തിയ തോമസ് മാത്യു അവിടെ ക്യാമ്പ് നടക്കുന്നത്കണ്ട് അതേപ്പറ്റി അന്വേഷിച്ചു. അന്വേഷണത്തില്‍ ക്ഷുഭിതരായ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു.
വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പത്തനംതിട്ട എസ്ഐ രാജശേഖരന്, എ.എസ്.ഐ രവീന്ദ്രന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസെത്തിയെങ്കിലും ഇവരേയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഇതേത്തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍പോലീസെത്തിയാണ് തോമസ് മാത്യുവടക്കമുള്ളവരെ മോചിപ്പിച്ചത്. പോലീസിനെ മര്‍ദ്ദിച്ച ആറ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അരുവാപ്പുലം സ്വദേശി വിഷ്ണു(30), പറയനാലി സ്വദേശി സന്തോഷ്(30), പത്തനംതിട്ട തൈക്കാവ് സ്വദേശി രാജീവ് (26) ദിനേഷ് (32), രമേശ് (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ തോമസ് മാത്യുവിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം ഡിഎച്ച്ആര്‍എം വനിതാ പഠന ക്യാമ്പില്‍ കയറി സ്ത്രീകളെ ഉപദ്രവിച്ച പോലീസുകാരനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയാണ് ചെയ്തതെന്നാണ് സംസ്ഥാന ഓര്‍ഗനൈസര്‍ സെലീന പ്രക്കാനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: