Categories: Kerala

വിരോധ ഭക്തി മുറുകിയപ്പോള്‍

Published by

കോണ്‍ഗ്രസ്‌ വിരോധം രാജ്യത്തിന്റെ ശക്തിക്ഷയമാണ്‌. കോണ്‍ഗ്രസ്‌ ക്ഷീണിക്കുമ്പോള്‍ ശക്തിപ്പെടുന്നത്‌ ബിജെപി. അത്‌ നിങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുമോ എന്ന്‌ പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി. അനന്തമായ കമ്മ്യൂണിസ്റ്റ്‌ വിരോധവും ഉപേക്ഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌. വിരോധം ഭക്തിയായി മൂത്തപ്പോഴാണ്‌ നന്ദിപ്രമേയം വോട്ടിനിട്ടത്‌. യുഡിഎഫ്‌ സീറ്റ്‌ 72ല്‍ നിലനിര്‍ത്തിയപ്പോള്‍ പ്രതിപക്ഷ നിര 64 ആയി ചുരുങ്ങി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‌ നന്ദിരേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്മേല്‍ നടത്തിയ അവസാന ദിന ചര്‍ച്ചയും ശൂന്യവേളയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയവും നിയമസഭാസമ്മേളനത്തെ ശബ്ദായമാനമാക്കി. ചര്‍ച്ചയില്‍ ഉടനീളം മുഴങ്ങിക്കേട്ടത്‌ രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങളായിരുന്നു. ഭരണപക്ഷത്തിന്റെയും പ്രിതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ സഭയെ ചൂടുപിടിപ്പിച്ചു.

ശൂന്യവേളയില്‍ പ്രതിപക്ഷത്തുനിന്ന്‌ എ.പ്രദീപ്കുമാറാണ്‌ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിയത്‌. വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ കോളറ പടര്‍ന്നു പിടിക്കുന്നതും ആറുപേര്‍ മരിച്ചതുമായിരുന്നു വിഷയം. ആരോഗ്യമന്ത്രി അടൂര്‍പ്രകാശിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന്‌ വാക്കൗട്ട്‌ നടത്തുകയും ചെയ്തു.

വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ കോളറ പടര്‍ന്നു പിടിക്കുന്നത്‌ തടയാനും രോഗബാധിതരെ സഹായിക്കാനുമായി മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ശുദ്ധമായ കുടിവെള്ളം ഇല്ലാത്തതും കക്കൂസുകളുടെ അപര്യാപ്തതയുമാണ്‌ രോഗം പടരാന്‍ കാരണമെന്ന്‌ അദ്ദേഹം അറിയിച്ചു. കോളറ ബാധിച്ച മൂന്ന്‌ കോളനികളില്‍ കക്കൂസ്‌ ഇല്ലാത്ത 52 കുടുംബങ്ങള്‍ക്ക്‌ അടിയന്തിരമായി കക്കൂസ്‌ നിര്‍മ്മിച്ചു നല്‍കാന്‍ കളക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും. ഒരു കക്കൂസിന്‌ പതിനയ്യായിരം രൂപ വീതം ചെലവു വരുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. കോളനികളില്‍ വണ്ടികളില്‍ കുടിവെള്ളം എത്തിക്കും. വണ്ടി എത്താത്ത സ്ഥലങ്ങളില്‍ കുപ്പിവെള്ളം എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോളറ വന്നു മരിച്ചവരുടെ കുടംബങ്ങള്‍ക്ക്‌ പ്രാഥമിക സഹായമെന്ന നിലയിലാണ്‌ മുപ്പതിനായിരം രൂപ വിതരണം ചെയ്തത്‌. കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളറാ ബാധിത ഊരുകളില്‍ സൗജന്യ റേഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആദിവാസി ഊരുകളില്‍ എല്ലാ വര്‍ഷവും ചെയ്തുവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇതുവരെ പണമൊന്നും അനുവദിച്ചില്ലെന്ന്‌ പ്രദീപ്കുമാര്‍ ആരോപിച്ചു. രോഗപ്രതിരോധപ്രവര്‍ത്തനത്തിന്‌ തുടര്‍ച്ചയുണ്ടാകാത്തതാണ്‌ പ്രധാനകാരണം. മനുഷ്യപ്പറ്റുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത്‌ മനുഷ്യ ജീവന്‌ വിലകല്‍പിക്കുകയാണെന്ന്‌ പ്രദീപ്‌ കുമാര്‍ പറയുമ്പോള്‍ ഇന്നലെ വരെ ഭരിച്ചതാരെന്ന ചോദ്യത്തിന്‍ പ്രസക്തിയേറി.

വയനാട്ടിലെ കോളറാ ബാധയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി.കെ.ജയലക്ഷ്മി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടറും മറ്റ്‌ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തില്ലെങ്കില്‍ അതേക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍പ്രകാശ്‌ സഭയെ അറിയിച്ചു. വയനാട്ടിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ നിന്നുള്ള അംഗങ്ങളായ എം.വി ശ്രേയംസ്‌ കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരിബാലകൃഷ്ണനും പ്രശ്നത്തില്‍ ഇടപെട്ട്‌ സംസാരിച്ചു. മുഖ്യമന്ത്രിയുടെയും വകുപ്പു മന്ത്രിയുടെയും വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്പീക്കര്‍ അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുന്നതിന്‌ അനുമതി നിഷേധിച്ചത്‌. കോളറാ പിടിപെട്ട്‌ മരിച്ച ആദിവാസികളുടെ കുടംബങ്ങള്‍ക്ക്‌ നല്‍കുന്ന സഹായധനം വര്‍ദ്ധിപ്പിക്കണമെന്ന്‌ തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം കുറഞ്ഞതു പത്തുലക്ഷമെങ്കിലുമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡുതലത്തില്‍ കുറഞ്ഞത്‌ പതിനയ്യായിരം രൂപയെങ്കിലും നല്‍കണമെന്നും വി.എസ്‌. പറഞ്ഞു. മന്ത്രി ജയലക്ഷ്മിയുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത്‌ ഗുരുതര വീഴ്ചയാണ്‌. ആ പ്രദേശത്തുള്ള എം.എല്‍.എമാരും യോഗത്തിനെത്തിയില്ല. വയനാട്ടിലെ കോളറാബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരെ നിയമിക്കണമെന്നും പ്രതിപക്ഷനേതാവ്‌ ആവശ്യപ്പെട്ടു. കോളറ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ നിഷേധാത്മാക നിലപാടാണെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്‌.

പ്രതിപക്ഷത്തു നിന്നുള്ള എ.കെ.ബാലന്‍ മുതല്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ വരെയുള്ള പതിന്നാലു പേരാണ്‌ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ചര്‍ച്ചയ്‌ക്കൊടുവില്‍ മന്ത്രിമാര്‍ മറുപടി പറഞ്ഞു. യുഡിഎഫ്‌ പ്രകടനപത്രികയുടെ ലേറ്റസ്റ്റ്‌ എഡിഷനാണ്‌ സര്‍ക്കാര്‍ ഗവര്‍ണ്ണറെ കൊണ്ട്‌ സഭയില്‍ വായിപ്പിച്ചതെന്ന്‌ എ.കെ.ബാലന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തുപ്പലു തൊട്ട്‌ തപ്പിയാല്‍ പോലും പത്തു രൂപ ഖജനാവിലുണ്ടായിരുന്നില്ലെന്ന്‌ ബാലന്‍ പറഞ്ഞു.

എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയത്‌ ഖജനാവില്‍ മൂവായിരം കോടി നീക്കിയിരിപ്പു വച്ചിട്ടാണ്‌. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും പട്ടിണിയില്ലാതാക്കാനും ഇടതുമുന്നണി ഭരണത്തിന്‌ കഴിഞ്ഞു. മുന്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ നാട്ടില്‍ അരാജകത്വമായിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. സ്കൂളുകള്‍ പൂട്ടി, കയ്യില്‍ പണമില്ലാത്തവര്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.എസ്‌ സര്‍ക്കാരിനെതിരായ വികാരമില്ലായിരുന്നു. സംസ്ഥാനത്തെ പതിന്നാല്‌ പട്ടികജാതി വര്‍ഗ നിയോജക മണ്ഡലങ്ങളില്‍ പത്തും ഇടതുമുന്നണി നേടിയത്‌ അതിനു തെളിവാണെന്നും ശ്രീ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനെ എ.കെ.ബാലന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫോണ്‍വിളിച്ചാല്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ജോസഫ്‌ വാഴയ്‌ക്കന്‍ എ.കെ.ബാലന്റെ വാദങ്ങളെ ഖണ്ഡിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ അതിവേഗത്തില്‍ ഉരുണ്ടു തുടങ്ങിയെന്ന്‌ ജോസഫ്‌ വാഴയ്‌ക്കന്‍ പറഞ്ഞു. മൂലമ്പള്ളി പ്രശ്നം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. കൊച്ചി മെട്രോ, സ്മാര്‍ട്ട്‌ സിറ്റി പദ്ധതികള്‍ക്ക്‌ ജീവന്‍വയ്‌പ്പിക്കാന്‍ സര്‍ക്കാരിനായി. മുഖ്യമന്ത്രിയുടെ ഓഫീസ്‌ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നത്‌ ജനങ്ങള്‍ക്കു വേണ്ടിയാണ്‌.
ചരിത്രത്തിലാദ്യമാണിത്തരത്തിലൊരു നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അഞ്ചുവര്‍ഷം മന്ത്രിമാര്‍ ഒരു വഴിക്കും മുഖ്യമന്ത്രി മറ്റൊരു വഴിക്കുമായിരുന്നു. ഈ സര്‍ക്കാര്‍ കൂട്ടുത്തരവാദിത്വത്തോടെയാണ്‌ മുന്നോട്ടുപോകുന്നതെന്നും ജോസഫ്‌ വാഴയ്‌ക്കന്‍ പറഞ്ഞു.

സി.ദിവാകരന്‍, സി.മോയിന്‍കുട്ടി, മാത്യു.ടി.തോമസ്‌, തോ മസ്‌ ഉണ്ണിയാടന്‍, എ.കെ.ശശീന്ദ്രന്‍, കെ.എം.ഷാജി, പി.ടി.എ.റഹീം, എം.വി.ശ്രേയംസ്കുമാര്‍, പി.ഉബൈദുള്ള, ഷാഫി പറമ്പില്‍, ഗീതാഗോപി, വി.എസ്‌.അച്യുതാനന്ദന്‍ എന്നിവരാണ്‌ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചത്‌. മന്ത്രിമാരായ കെ.ബാബു, ഷിബു ബേബിജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മറുപടി പ്രസംഗത്തിന്‌ അണിനിരന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by