Categories: India

സിംഗൂര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ നല്‍കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

Published by

ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി തുറപ്പിക്കുന്നതിനുവേണ്ടി ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത ആയിരം ഏക്കറില്‍ ഏതാനും ഏക്കര്‍ഭൂമി കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. സിംഗൂര്‍ ബില്‍ പ്രകാരം ഭൂമി തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി നടപടിയുണ്ടായത്‌.

ഇതോടൊപ്പം സിംഗൂര്‍ബില്‍ സ്റ്റേ ചെയ്യണമെന്ന ടാറ്റമോട്ടോഴ്സിന്റെ ആവശ്യവും സുപ്രീംകോടതി ശരിവെച്ചു. ഇതേ കേസില്‍ കൊല്‍ക്കത്താ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ സിംഗൂര്‍ ബില്‍ സ്റ്റേ ചെയ്യാന്‍ കേസില്‍ വാദം കേട്ട സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസുമാരായ വി.സദാശിവം എ.കെ.പട്നായിക്‌ എന്നിവരടങ്ങിയ ബെഞ്ച്‌ ആണ്‌ കേസ്‌ പരിഗണിക്കുന്നത്‌. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്ന പന്ത്രണ്ട്‌ കര്‍ഷകര്‍ക്ക്‌ മമത സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരക്കിട്ട്‌ ബില്‍ പാസ്സാക്കി. ബംഗാള്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുകയാണെന്ന്‌ കാണിച്ചാണ്‌ ടാറ്റാ സുപ്രീം കോടതിയെ സമീപിച്ചത്‌. ഇതോടൊപ്പം കോടതിയുടെ ഇടപെടല്‍ വിജയകരമാണെന്ന്‌ ടാറ്റയ്‌ക്ക്‌ വേണ്ടി ഹാജരായ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നിലപാട്‌ സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള തിരിച്ചടിയായി കരുതുന്നില്ലെന്നാണ്‌ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രതികരിച്ചത്‌.

ഇടതു ഭരണകാലത്താണ്‌ സിംഗൂറില്‍ ടാറ്റ കാര്‍ ഫാക്ടറിക്കായി 997.1 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തത്‌. ഇതില്‍ കര്‍ഷകരുടെ അനുമതിയില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കാനുള്ള നിയമം ഉറപ്പുവരുത്തുന്നതാണ്‌ ബില്‍.

ഇടതുമുന്നണിയുടെ പിന്തുണയോടുകൂടി ടാറ്റ കമ്പനി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചെങ്കിലും ഇതിനെതിരായ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്തുവരികയാണുണ്ടായത്‌. 2006 മുതല്‍ 2008 വരെ നടന്ന സിംഗൂര്‍ കര്‍ഷകസമരങ്ങളിലൂടെയാണ്‌ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിലെ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയത്‌. മമത നേതൃത്വം നല്‍കിയ ഭൂമി പ്രക്ഷോഭം കൂടുതല്‍ ശക്തമായതോടുകൂടി ടാറ്റാ കമ്പനിക്കാര്‍ സിംഗൂര്‍ പദ്ധതി ഉപേക്ഷിച്ച്‌ ഗുജറാത്തില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുകയാണുണ്ടായത്‌. (ഇത്‌ 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു) രാജ്യത്ത്‌ ലഭ്യമായ നാനോ കാറുകളില്‍ ഭൂരിഭാഗവും ഇന്ന്‌ ഗുജറാത്തില്‍ നിന്നുള്ളവയാണ്‌.

ഇതോടൊപ്പം ഇടതുഭരണകാലത്ത്‌ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കര്‍ഷകരുടെ അനുമതി കൂടാതെ ഏറ്റെടുത്ത വസ്തു മാത്രം തിരിച്ചുനല്‍കാനുള്ള മമതയുടെ തീരുമാനവും വിവാദമായിരുന്നു. ഭൂമി നല്‍കിയ എല്ലാവര്‍ക്കും അത്‌ തിരികെ നല്‍കുന്നത്‌ പ്രായോഗികമല്ലെന്നാണ്‌ മമത സര്‍ക്കാരിന്റെ നിലപാട്‌. ഇത്തരമൊരു നടപടിക്ക്‌ നിയമപിന്തുണ നല്‍കുന്ന സിംഗൂര്‍ ബില്ലിനെ ചോദ്യംചെയ്ത്‌ ടാറ്റ സമര്‍പ്പിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി നിരാകരിച്ചതിനെത്തുടര്‍ന്നാണ്‌ ടാറ്റ സുപ്രീംകോടതിയെ സമീപിച്ചത്‌. കര്‍ഷകര്‍ക്ക്‌ ഭൂമി മടക്കിനല്‍കുന്ന സര്‍ക്കാര്‍ നടപടിക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും, കൊല്‍ക്കത്തഹൈക്കോടതിയുടെ കേസിലെ അന്തിമ വിധിയെന്താണെന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ടാറ്റ മോട്ടോഴ്സിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രായന്‍ കരണ്‍ജാവ്‌ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by