Categories: India

ലോക്പാലിന്റെ പരിധിയിലാകുന്നതില്‍ എതിര്‍പ്പില്ല – പ്രധാനമന്ത്രി

Published by

ന്യുദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന്‌ മന്‍മോഹന്‍സിങ്‌. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

മന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകുമെന്നും മന്‍മോഹന്‍സിങ് അറിയിച്ചു. തന്റേത്‌ പാവ സര്‍ക്കാരാണെന്നത്‌ പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെയുള്ള ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ വരാന്‍ താന്‍ ഒരുക്കമാണ്‌. പക്ഷേ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പാണ്‌. മന്ത്രിസഭയെ നയിക്കുന്ന തനിക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ക്ക്‌ വില കൊടുത്തേ മതിയാവൂ

ലോക്പാല്‍ ബില്‍ പൊതുസമ്മത പ്രകാരമായിരിക്കും നടപ്പിലാക്കുക. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തോട് അതിയായ ബഹുമാനമുണ്ട്. ലോക്‌പാല്‍ ബില്‍ സംബന്ധിച്ച്‌ അണ്ണാ‍ ഹസാരെയും ബാബ രാംദേവുമായി ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈ എടുത്തത്‌ താനാണ്‌. ഈ വിഷയത്തില്‍ എല്ലാവരുമായി അനുരഞ്ജനത്തില്‍ എത്തേണ്ടത്‌ ആവശ്യമാണ്‌. ആരുടെയെങ്കിലും എതിര്‍പ്പോടെ ബില്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാബ രാംദേവിനെതിരായ പൊലീസ്‌ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. രാംദേവിനെതിരായ നടപടി നിര്‍ഭാഗ്യകരമാണ്‌. പക്ഷേ ആ സഹാചര്യത്തില്‍ അതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി. സ്ഥാനമൊഴിയേണ്ട സാഹചര്യം ഇപ്പോഴില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ ഇതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിയിട്ടില്ല.

പരാശ്രയ പ്രധാനമന്ത്രിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയുന്നുവെന്നും മന്‍മോഹന്‍ പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന പ്രക്രിയ നടന്നുവരികയാണെന്നും പുതിയ മുഖങ്ങളെ മന്ത്രിസഭയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സോണിയ ഗാന്ധിയില്‍ നിന്നു നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ദയാനിധി മാരനെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല.

നാലു മാസങ്ങള്‍ക്കു മുമ്പാണ് അവസാനമായി പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 2ജി സ്പെക്ട്രം- ആദര്‍ശ് ഫ്ളാറ്റ്- കോമണ്‍വെല്‍ത്ത് അഴിമതികള്‍ രണ്ടാം യു.പി.എ സര്‍ക്കാരിനെ ഉലയ്‌ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാധ്യമ നയം മാറ്റാന്‍ തീരുമാനിച്ചത്. നാലു പത്രങ്ങളുടെയും ഒരു വാര്‍ത്താ ഏജന്‍സിയുടെയും പ്രതിനിധികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by