കല്‍പ്പറ്റ: വയനാട്ടില്‍ പനിയും അതിസാരവും ഛര്‍ദ്ദിയും ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ പ്രത്യേക സംഘം പരിശോധനകള്‍ക്കായി എത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പുല്‍പ്പള്ളി കരുമന്‍ കോളനി സ്വദേശി തമ്പിയുടെ മകന് നാല് വയസുകാരന് വിജിത്, പുല്‍പ്പള്ളി മുണ്ടന്‍കൊല്ലി കുഴിയില്ചോല സ്വദേശി രാജന് എന്നിവരാണ് മരിച്ചത്. കുടകില്‍ ഇഞ്ചികൃഷിക്ക് പോയി തിരികെ വന്നയാളാണ് രാജന്. ഇതോടെ ജില്ലയില്‍ പനിയും അതിസാരവും ഛര്‍ദ്ദിയും ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
മരിച്ചവരില്‍ ഒരാള്‍ക്ക് കോളറ ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ മൊത്തം 38 പേര് പനിയും ഛര്‍ദ്ദിയും അതിസാരവും ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ നാല് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സയിലാണ്. കോളറ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ മുന്ന് ആദിവാസി കോളനികളില്‍ പെട്ടവര്‍ സ്ഥിരമായി കര്‍ണാടകയില്‍ ഇഞ്ചികൃഷിക്കായി പോകുന്നവരാണ്.
ബത്തേരിയില്‍ 16 പേര്‍ക്ക് കൂടി കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ നാരങ്ങാവെള്ളം, സ്റ്റിക് ഐസ്, സര്‍ബത്ത് തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: