ഭാരതത്തില്‍ ഇന്ന് 1.54 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ നിലനില്ക്കുന്നു. ഇന്റര്‍നെറ്റ്, ഫോണ്‍, മൊബെയില്‍, കൊറിയര്‍ സര്‍വീസ്, ബാങ്കുകള്‍, എ.ടി.എം. സെന്ററുകള്‍ എന്നിവയെല്ലാം വ്യാപകമായതോടുകൂടി പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം നാമമാത്രമായി. മാസികകളും വാരികകളും അയയ്ക്കാന്‍ വേണ്ടിയാണ് ഇന്ന് ജനം പോസ്റ്റ് ഓഫീസിനെ ആശ്രയിക്കുന്നത്. ടെലിഫോണ്‍ ബില്ലുകള്‍ സ്വീകരിച്ച് പിടിച്ചുനില്ക്കാന് ശ്രമിക്കുന്നുവെന്നുമാത്രം. പോസ്റ്റ് ഓഫീസുകളെ നിലനിര്‍ത്തുന്നത് പ്രധാനമായും മഹിളാ പ്രധാന് ഏജന്റുമാരാണ്. ഇവര്‍ പിരിച്ചുനല്‍കുന്ന പണമാണ് തപാലാഫീസുകളെ സജീവമാക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയെ തകര്‍ക്കാന്‍ മനഃപൂര്‍വം കച്ചകെട്ടിയിരിക്കുകയാണെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ദേശീയ സമ്പാദ്യപദ്ധതിയുടെ പലിശനിരക്കുകള്‍, പരിഷ്ക്കരണങ്ങള്‍, കമ്മീഷന് എന്നിവയെക്കുറിച്ചെല്ലാം പഠിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനുവേണ്ടി ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മറ്റിക്ക് രൂപം കൊടുത്തു. 13-ാം ഫിനാന്‍സ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് കേന്ദ്രഗവണ്മെന്റ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ശ്യാമള ഗോപിനാഥ് അധ്യക്ഷയായ ഏഴംഗ സമിതിക്ക് രൂപം നല്‍കിയത്. ആര്.ശ്രീധരന് (എംഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ശക്തികാന്ത ദാസ് (അഡീഷണല്‍ സെക്രട്ടറി (ബജറ്റ്), ധനമന്ത്രാലയം), ഡോ.രാജീവ് കുമാര്‍ (സെക്രട്ടറി ജനറല്‍, എഫ്ഐസിസിഐ), അനില്‍ ബിസെന്‍ (സാമ്പത്തിക ഉപദേഷ്ടാവ്, ധനമന്ത്രാലയം) എന്നിവരുള്‍പ്പെട്ട കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂണ്‍ 7, 2011 ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിക്കുകയുണ്ടായി.
ഗ്രാമഗ്രാമാന്തരത്തില്‍പ്പോലും ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തി സര്‍ക്കാരിലേക്ക് വന്‍നിക്ഷേപം നല്കി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുന്ന ദേശീയ സമ്പാദ്യ പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന അശാസ്ത്രീയവും പിന്തിരിപ്പനും അനാകര്‍ഷകവുമായ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളുമാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിദേശ-സ്വദേശ വന്‍കിട കുത്തുകകള്‍ക്കുവേണ്ടി കുത്തുപാളയെടുപ്പിക്കുന്ന ശുപാര്‍ശകളാണ് ഇതിലുള്ളത്.
കിസാന്‍ വികാസപത്ര നിര്‍ത്തലാക്കുക, മഹിളാ പ്രധാന് ഏജന്റുമാരുടെ കമ്മീഷന് നാല് ശതമാനത്തില്‍നിന്ന് ഒരു ശതമാനമാക്കുക, സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ഏജന്റിന്റെ കമ്മീഷന് ഒന്നില്‍നിന്നും അരശതമാനമായി കുറയ്ക്കുക, പ്രതിദിനം കൈകാര്യം ചെയ്യാവുന്ന തുക 50000 ല്‍ നിന്നും പതിനായിരം രൂപയായി കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഈ മേഖലയെ തര്‍ക്കാനേ ഉപകരിക്കൂ. ഇത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന മഹിളാ പ്രധാന് ഏജന്റുമാരെ നിഷ്ക്രിയരാക്കാനേ സഹായിക്കൂ.
ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഭാരതത്തില്‍ ഏകദേശം അഞ്ച് ലക്ഷത്തിലേറെ മഹിളാ പ്രധാന് ഏജന്റുമാരുണ്ട്. കേരളത്തില്‍ അമ്പതിനായിരത്തിലേറേയും പഞ്ചാബില്‍ 18000ലേറെയും ഏജന്റുമാരുണ്ട്. 2002-2003 ല്‍ പഞ്ചാബില്‍ ശേഖരിച്ചത് 2904.75 കോടി രൂപയാണ്. പ്രതിവര്‍ഷം സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കമ്മീഷനായി 2000 കോടിയോളം രൂപ നല്കുന്നു. 2009-2010 ല്‍ 2200 കോടിയും 2010-11 ല്‍ 2400 കോടിയും നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്മീഷന് കുറയ്ക്കണമെന്നാണ് കമ്മറ്റിയുടെ വിതണ്ഡ വാദം.
2200 കോടി രൂപ കമ്മീഷണായി ഏജന്റുമാര്‍ക്ക് നല്കുന്നുവെന്നത് ശരിയാണ്. പക്ഷെ, ഇത് ഒരാള്‍ക്കല്ല, അഞ്ച് ലക്ഷത്തിലേറെയുള്ള ഏജന്റുമാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. അതായത് പ്രതിവര്‍ഷം ഒരു ഏജന്റിന് ലഭിക്കുന്നത് ഏകദേശം 44000 രൂപയാണ്. ഏജന്റിന്റെ പ്രതിമാസ വരുമാനം വെറും 3666.67 രൂപ മാത്രം. അനുദിനം ജീവിതച്ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യത്ത് ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാന്‍ പ്രതിമാസം 3667 രൂപ മതിയോ? ഇന്നുള്ള കമ്മീഷന് നാലില്‍നിന്ന് ഒരു ശതമാനമായി കുറച്ചാല്‍ പ്രതിമാസ വരുമാനം 917 രൂപയായി ചുരുങ്ങും! നാല് ശതമാനം കമ്മീഷനായി 2200 കോടി രൂപ നല്കുന്നു എന്നുപറയുമ്പോള്‍ അതിന്റെ അര്‍ത്ഥം ഇവര്‍ പ്രതിവര്‍ഷം സര്‍ക്കാരിന് 55,000 കോടി രൂപ പിരിച്ചു നല്‍കുന്നുവെന്നാണ്. എല്‍ഐസി ഉള്‍പ്പെടെയുള്ള ഗവ.സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ ഏജന്റുമാര്‍ക്ക് 30-35 ശതമാനം കമ്മീഷന് നല്‍കുമ്പോഴാണ് മഹിളാ പ്രധാന് ഏജന്റുമാര്‍ക്ക് ഒരുശതമാനം കമ്മീഷന് നല്‍കണമെന്ന ‘വിദഗ്ദ്ധോപദേശം’.
ലഘു സമ്പാദ്യ ശേഖരണത്തിനുവേണ്ടി സര്‍ക്കാരിന് മൂന്നുതരത്തിലുള്ള ഏജന്റുമാരാണുള്ളത്. 1. സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ഏജന്‍സി സിസ്റ്റം (എസ്എഎസ്), 2. മഹിളാ പ്രധാന് ക്ഷേത്രീയ ബചത് യോജന(എംപികെബിവൈ), 3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഏജന്റ്സ് (പിപിഎഫ്എ) എന്നിവരാണ് ഇന്നുള്ളത്. നാഷണല്‍ സ്മോള്‍ സേവിംഗ്സ് ഫണ്ട് (എന്‍എസ്എസ്എഫ്) ന്റെ നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എസ്എഎസ് ഏജന്റുമാര്‍ കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം, ടൈം ഡെപ്പോസിറ്റ്, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്സ്, നാഷണല്‍ സേവിംഗ്സ് സ്കീംസ്, സീനിയര്‍ സിറ്റിസണ്‍സ് സ്കീം എന്നിവ 0.5-1 ശതമാനം കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ശേഖരിക്കുന്ന ഏജന്റുമാര്‍ക്ക് ഒരുശതമാനം കമ്മീഷന് ലഭിക്കുന്നു. പോസ്റ്റ് ഓഫീസ് റക്കറിംഗ് ഡെപ്പോസിറ്റ് സ്കീമുകള്‍ കൈകാര്യം ചെയ്യുന്ന എംപികെബിവൈ ഏജന്റുമാര്‍ നാല് ശതമാനം കമ്മീഷന് നേടുന്നു. ഈ ഏജന്റുമാരെല്ലാം വളരെ സത്യസന്ധതയോടെയും ആത്മാര്‍ത്ഥമായും സ്വയംതൊഴില്‍ ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്നവരാണ്. നാണയപ്പെരുപ്പം, ഭക്ഷ്യവിലസൂചിക, വായ്പാപലിശകള്‍, ഇന്ധനവില എന്നിവയെല്ലാം ദിനംപ്രതി അഭൂതപൂര്‍വമാംവിധം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏജന്റുമാരുടെ കമ്മീഷന് 0.5, ഒരു ശതമാനങ്ങളായി കുറയ്ക്കുന്നതിന് പകരം 16-25 ശതമാനമായി വര്‍ധപ്പിക്കുകയാണ് വേണ്ടത്.
ഏജന്റുമാര്‍ പ്രതിദിനം കൈകാര്യം ചെയ്യാവുന്ന തുക പതിനായിരം രൂപയായി കുറച്ചാല്‍ ഒരു ഏജന്റിന് പരമാവധി ഒരുമാസം രണ്ടരലക്ഷം രൂപ മാത്രമേ ശേഖരിക്കാന്‍ കഴിയൂ. അതായത് കമ്മീഷന് ഒരു ശതമാനമായി കണക്കാക്കിയാല്‍ പ്രതിമാസം 2500 രൂപ മാത്രമേ ലഭിക്കൂ! നാഷണല്‍ സ്മോള്‍ സേവിംഗ്സ് ഫണ്ടിന്റെ പ്രവര്‍ത്തനച്ചെലവ് 0.7 ശതമാനമായി വെട്ടിച്ചുരുക്കുന്നതിനുവേണ്ടി ഏജന്റുമാരുടെ കമ്മീഷന് 0.5-ഒരു ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച ബ്യൂറോക്രാറ്റുകളായ കമ്മറ്റി അംഗങ്ങള്‍ തങ്ങളുടെ വരുമാനം പ്രതിമാസം 2500 രൂപയായി വെട്ടിച്ചുരുക്കാന്‍ തയ്യാറാകുമോ?
മഹിളാ പ്രധാന് ഏജന്റുമാര്‍ ശേഖരിക്കുന്ന പണത്തിന്റെ 80% സംസ്ഥാന സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. ഇത് 50 ശതമാനമായി വെട്ടിക്കുറച്ച് ബാക്കി മുഴുവന്‍ കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കാനും പ്രസ്തുതകമ്മറ്റി ശുപാര്‍ശ ചെയ്യുന്നു. അതായത് സംസ്ഥാനത്ത്നിന്നും പണം പിഴിഞ്ഞെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൊള്ളയടിക്കാന്‍ നല്‍കണമെന്ന് സാരം. 2 ജി സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ് ഫ്ലാറ്റ്, കല്‍ക്കരി ഖാനനം, വിമാനം വാങ്ങല്‍ തുടങ്ങിയ നിരവധി കുംഭകോണങ്ങളിലൂടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന കേന്ദ്രത്തിലെ ഭരണാധിപന്മാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും സാധാരണക്കാരെ വീണ്ടും കൊള്ളയടിച്ച് ദരിദ്രനാരാണന്മാരാക്കാന്‍ അനുദിനം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്.
ഇക്കഴിഞ്ഞ 13 മാസത്തിനുള്ളില്‍ ഏഴ് പ്രാവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടിയത്. ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന് അഭിമാനിക്കുന്ന ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക് 8 ശതമാനത്തിന് ചുറ്റുമായി വട്ടം തിരിയുകയാണ്. നാണയപ്പെരുപ്പം 9.06 ശതമാനമായി വര്‍ധിച്ചു. 2010-11 ല്‍നേരിട്ടുള്ള വിദേശനിക്ഷേപം 28.5% ആയി കുറഞ്ഞു. സെന്‍സെക്സ് 18,000 നും താഴേയ്ക്ക് പതിക്കുന്നു. റിസര്‍വ് ബാങ്ക് 15 മാസത്തിനിടെ 10പ്രാവശ്യം റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇന്നിത് യഥാക്രമം 7.5%, 6.5% ആണ്. പഴവര്‍ഗങ്ങള്‍ക്ക് 30% വില വര്‍ധിച്ചു. ഭക്ഷ്യവില സൂചിക 9.01 ശതമാനമായി. പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിലപ്പെരുപ്പം 12.86% ആണ്. 2010 ജൂലൈ-2011 മെയ് കാലയളവില്‍ 47 ബാങ്കുകള്‍ വായ്പാ പലിശ മൂന്ന് ശതമാനം കൂട്ടിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. 2014 ല്‍ നടക്കുന്ന ദേശീയ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന്‍ വേണ്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി ദേശീയ ഖജനാവ് കാലിയാക്കുന്നു. സൗജന്യ റേഷന്‍ വിതരണം, സാമ്പത്തിക സഹായങ്ങള്‍, ഇളവുകള്‍ പ്രഖ്യാപിക്കാനാണ് നീക്കം നടത്തുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നിഷ്ക്രിയമായിരിക്കുകയാണ്. സാധാരണക്കാരുടെ വരുമാന സ്രോതസ്സുകള്‍ കൊട്ടി അടച്ച് കുത്തകകള്‍ക്ക് സ്വര്‍ണ്ണത്തളികയില്‍ ദാനം ചെയ്യുന്ന കേന്ദ്രനയം തിരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: