Categories: World

മനുഷ്യക്കടത്ത്‌: നിരീക്ഷിക്കേണ്ട പട്ടികയില്‍നിന്ന്‌ ഇന്ത്യയെ അമേരിക്ക ഒഴിവാക്കി

Published by

വാഷിംഗ്ടണ്‍: മനുഷ്യക്കടത്തു തടയാന്‍ ഇന്ത്യ കൈക്കൊണ്ട നടപടികളെത്തുടര്‍ന്ന്‌ നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍നിന്ന്‌ ഇന്ത്യയെ ഒഴിവാക്കി. ഇത്‌ ആറുകൊല്ലങ്ങള്‍ക്കുശേഷമാണ്‌ പട്ടികയില്‍നിന്ന്‌ രാജ്യം ഒഴിവാക്കപ്പെടുന്നത്‌.കഴിഞ്ഞ ആറുവര്‍ഷമായി നിരീക്ഷണത്തിലായിരുന്ന ഇന്ത്യയെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ അമേരിക്കന്‍ വിദേശകാര്യവകുപ്പാണ്‌ പട്ടികയിലുള്ള രാജ്യങ്ങളോടൊപ്പം ചേര്‍ത്തത്‌. മനുഷ്യക്കടത്ത്‌ വളരെയധികം നടത്തുന്ന രാഷ്‌ട്രങ്ങളെ അല്ലെങ്കില്‍ കടത്ത്‌ വര്‍ധിക്കുകയും അതിനെതിരെ നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്‌ട്രങ്ങളെയാണ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌.

മനുഷ്യക്കടത്തിന്‌ വിധേയരായവരെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ കുറഞ്ഞ നിലവാരമെങ്കിലും പുലര്‍ത്തുകയും അത്‌ പൂര്‍ണമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്‌ ടൈപ്പ്‌ രണ്ട്‌ പട്ടികയിലുള്ളത്‌.

ഇന്ത്യ ഈ നിയമത്തിന്റെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ നിലവാരം പൂര്‍ണമായി പുലര്‍ത്തുന്നില്ലെങ്കിലും അതിനായി വളരെയധികം പരിശ്രമിക്കുന്നുണ്ട്‌, ഇന്ത്യയെ രണ്ടാം നമ്പര്‍ പട്ടികയിലാക്കാനുള്ള ന്യായീകരണമായി വിദേശകാര്യവകുപ്പ്‌ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.മനുഷ്യക്കടത്ത്‌ തടയാനുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ 184 രാഷ്‌ട്രങ്ങളേയും റിപ്പോര്‍ട്ടില്‍ വിവിധ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഇവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കപ്പെട്ടേക്കാം.

ഈ കാലഘട്ടത്തില്‍ കൂടുതല്‍ മനുഷ്യജീവികള്‍ ചൂഷണത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്നു. എല്ലാ രാഷ്‌ട്രങ്ങള്‍ക്കും കൂടുതല്‍ ചെയ്യാന്‍ കഴിയും. അവരത്‌ ചെയ്തേ മതിയാവൂ, അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ റിപ്പോര്‍ട്ട്‌ പ്രകാശിപ്പിക്കവെ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by