Categories: Samskriti

കനകധാരാ സഹസ്രനാമസ്തോത്രം

Published by

ധര്‍മാശ്രിതാ ധര്‍മനിഷ്ഠാ ധര്‍മാധര്‍മപ്രബോധിനീ

ധര്‍മാദ്ധ്യക്ഷാ ശര്‍മദാത്രീ കര്‍മാദ്ധ്യക്ഷാ മഹാസ്മൃതിഃ

ധര്‍മാശ്രിതാ- ധര്‍മത്താല്‍ ആശ്രയിക്കപ്പെടുന്നവള്‍. ധര്‍മംരൂപം കൊള്ളുന്നത്‌ ദേവിയുടെ ഹിതത്തില്‍ നിന്നാണ്‌. ഇത്‌ ധര്‍മം ഇത്‌ അധര്‍മം എന്നുതീരുമാനിക്കാന്‍ സഹായിക്കുന്ന ശ്രുതികളും സ്മൃതികളും ദേവീഹിതമാണ്‌ നിര്‍ദ്ദേശിക്കുന്നത്‌.

ധര്‍മനിഷ്ഠാ- ധര്‍മത്തില്‍ ഉറച്ച്‌ നില്‍ക്കുന്നവള്‍. താന്‍ തന്നെ ഉണ്ടാക്കിയധര്‍മനിയമങ്ങളെ ലംഘിക്കാതെ അവയില്‍ ഉറച്ച്‌ നില്‍ക്കുന്നവള്‍. ഒരു നല്ല ഭരണാധികാരിയുടെ ലക്ഷണമാണ്‌ ധര്‍മനിഷ്ഠ. ലോകസിംഹാസനത്തിന്‌ ഈശ്വരിയായ ആദിലക്ഷ്മിനിയമം നടപ്പിലാക്കുന്നതോടൊപ്പം അത്‌ പൂര്‍ണമായി അനുസരിക്കുകയും ചെയ്യുന്നു.

ധര്‍മാധര്‍മപ്രബോധിനീ- ധര്‍മത്തെയും അധര്‍മത്തെയും വേര്‍തിരിച്ച്‌ അറിയിക്കുന്നവള്‍. സമൂഹത്തിലും വ്യക്തികളിലും ധര്‍മത്തെയും അധര്‍മത്തെയും കുറിച്ച്‌ വ്യക്തമായ ബോധം ഉണ്ടാക്കുന്നതിന്‌ വേണ്ടി ദേവി പലമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ദേവിയുടെ പ്രേരണകൊണ്ടുണ്ടായ വേദങ്ങളും ശാസ്തത്രങ്ങളും പുരാണേതിഹാസങ്ങളും പലതരത്തില്‍ ധര്‍മം വ്യാഖ്യാനിക്കുന്നു. മഹാന്മാരായ ഋഷിമാരും യോഗിമാരും ആചാര്യന്മാരും ലോകത്തിന്റെ എല്ലാഭാഗത്തും ധര്‍മാധര്‍മങ്ങളെ തിരിച്ചറിയാനും ധര്‍മം ആചരിക്കാനും പഠിപ്പിക്കുന്നു. ഭരണാധികാരികളിലൂടെ ധര്‍മാധിഷ്ഠിതമായ നിയമങ്ങളുണ്ടാക്കി നടപ്പിലാക്കുന്നു. ഭരണാധികാരികള്‍ അധര്‍മികളെ ശിക്ഷിച്ച്‌ മറ്റുള്ളവര്‍ക്ക്‌ ധര്‍മബോധം ഉണ്ടാക്കുന്നു.

സര്‍വോപരി ഓരോരുത്തരുടെ ഹൃദയത്തില്‍ അന്തര്യാമിയായി കുടികൊണ്ട്‌ ഓരോ പ്രവൃത്തിചെയ്യുമ്പോഴും ഇത്‌ ധര്‍മം ഇത്‌ അധര്‍മം എന്ന്‌ നിരന്തരമായി ദേവി ഓരോരുത്തരെയും ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അഹങ്കാരം കൊണ്ട്‌ ബാധിര്യം ബാധിച്ച നാം അത്‌ മിക്കപ്പോഴും ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാലും അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. അന്തര്യാമിയായ മഹാദേവിയെ അനുസരിക്കാന്‍ സാധിച്ചാല്‍ പിന്നെ ദുഃഖമില്ല, പരാജയവുമില്ല.

ധര്‍മാദ്ധ്യക്ഷാ- ധര്‍മത്തിന്‌ മേല്‍ നോട്ടം വഹിച്ച്‌ അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നവള്‍. ധര്‍മത്തിന്‌ സാക്ഷിയായി വര്‍ത്തിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.മുന്‍ നാമത്തിന്റെ വ്യാഖ്യാനവുമായി ചേര്‍ത്ത്‌ മനസിലാക്കുക.

ശര്‍മദാത്രീ- ശര്‍മം തരുന്നവള്‍. ശര്‍മം എന്ന പദത്തിന്‌ സന്തോഷം, ആനന്ദം, ക്ഷേമം, സുഖം, സംരക്ഷണം, അഭയം എന്നീ ബന്ധപ്പെട്ട അര്‍ത്ഥങ്ങളുണ്ട്‌. ഇവയെല്ലാം തന്റെ ഭക്തര്‍ക്ക്‌ കൊടുക്കുന്നവള്‍.

കര്‍മാദ്ധ്യാക്ഷാ- കര്‍മഗതിയെ നിയന്ത്രിക്കുന്നവള്‍. കര്‍മഫലം അനുഭവിച്ചുതന്നെ തീരണമെന്നത്‌ ദേവിതന്നെ ഉണ്ടാക്കിയ സനാതനനിയമമാണ്‌. പക്ഷേ പുണ്യാചരണം കൊണ്ട്‌ പാപത്തെ ക്രമമായി നശിപ്പിക്കാമെന്നതും സനാതനസത്യമാണ്‌. അജ്ഞാനം കൊണ്ടോ അഹങ്കാരം കൊണ്ടോ മനുഷ്യര്‍ അധര്‍മം ചെയ്ത്പോകും. അങ്ങനെയുള്ളവരെ രക്ഷിക്കുന്നതിന്‌ കരുണാമയിയായദേവി അവരെ പുണ്യകര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും. ഇങ്ങനെ അവരുടെ പാപങ്ങള നശിപ്പിച്ചുനേര്‍വഴിക്കുനയിക്കും. കര്‍മങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ കര്‍മാദ്ധ്യക്ഷ.

മഹാസ്മൃതി- മഹത്തായ സ്മൃതിയായി വര്‍ത്തിക്കുന്നവള്‍. സ്മൃതി ഓര്‍മയാണ്‌. പ്രപഞ്ചഘടങ്ങളായ വസ്തുക്കള്‍, ജീവികള്‍, പ്രതിഭാസങ്ങള്‍ എന്നിവയുടെ സ്വഭാവം എന്താണെന്ന്‌ ഓര്‍ത്തുവയ്‌ക്കുന്ന ഒരു സ്മൃതി പ്രവര്‍ത്തിക്കുന്നുണ്ട്‌. സൂര്യനും ചന്ദ്രനും ഗ്രഹനക്ഷത്രാദികളും ഏതേതുപാതയില്‍ എത്രവേഗത്തില്‍ ചുറ്റിത്തിരിയണം. ഭൂമിയില്‍ സൂര്യപ്രകാശം എപ്പോള്‍ എവിടെയൊക്കെ പതിക്കണം. കാറ്റ്‌ എങ്ങോട്ട്‌ എങ്ങനെ വീശണം, മഴ ഏത്കാലത്തുചെയ്യണം. ഓരോ മരവും ചെടിയും ഏത്‌ നിറമുള്ള ഇലയും പൂവും ഉള്ളതാകണം, അവയുടെ കായും കിഴങ്ങും മറ്റും എന്ത്‌ രുചിയുള്ളതാകണം എന്നിങ്ങനെ കോടിക്കണിനുള്ളകാര്യങ്ങള്‍ ഓര്‍ത്തുവച്ച്‌ നടപ്പിലാക്കുന്ന മഹാസ്മൃതി മഹാലക്ഷ്മിയാണ്‌. അല്‍പപ്രജ്ഞരായ നമുക്ക്‌ ആ ദേവിയെ നമുക്ക്‌ നമസ്ക്കരിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by