തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കാനായി കേന്ദ്ര നിയമം ആവശ്യമില്ലെന്നും സാമൂഹ്യ നീതി അടിസ്ഥാനമാക്കിയുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് ആരെങ്കിലും തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി കിട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും എം.എ ബേബിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളും സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു കോളേജ് പോലും ധാരണയ്ക്ക് തയാറല്ലെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതയ്ക്കുകയാണെന്നും ബേബി പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി കേന്ദ്ര നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു. അമ്പത് ശതമാനം സീറ്റ് വിട്ടു നല്‍കാത്തെ ഇന്റര്‍ചര്‍ച്ച് നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര നിയമം വേണ്ടെന്നും സാമൂഹ്യ നീതി അടിസ്ഥാനമാക്കിയുള്ള സ്വാശ്രയ നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ സ്വാശ്രയ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് പ്രതിപക്ഷവുമായി കൂട്ടായ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം ഭരിക്കുന്ന പരിയാരം കോളേജ് അമ്പത് ശതമാനം സിറ്റ് വിട്ടു നല്കാന് മടിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിയാരം ഭരണസമിതിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉറപ്പ് നല്കി. ഇതിനിടെ എഴുന്നേറ്റ് നിന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പരിയാരത്തെ പ്രവേശനത്തിന് ആരെങ്കിലും തുട്ട് വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: