കൈവിരലുകള്‍കൊണ്ട് സംഗീതത്തിന്റെ ആദ്യാക്ഷരം കുറിച്ച് ലോകത്ത് നടന സൗന്ദര്യത്തിന്റെ വര്‍ണവിസ്മയം തീര്‍ത്ത ആ കലാകാരന് മനുഷ്യ ഹൃദയങ്ങളിലേക്ക് ഒതുങ്ങിയിട്ട് രണ്ട് വര്‍ഷം. യുവതലമുറകളെ ചടുലനൃത്തച്ചുവടുകള്‍കൊണ്ട് തന്റെ തടവറയില്‍ പൂട്ടിയിട്ട് ആഹ്ലാദിപ്പിച്ച ചാന്ദ്രനടത്തക്കാരന്‍ മൈക്കിള്‍ ജാക്സണ്.
1958ല്‍ ഇന്ത്യോനേഷ്യയിലെ ഗാരി എന്ന വ്യവസായ നഗരത്തിലായിരുന്നു ഈ കലാകരന്റെ ജനനം. പിന്നണി വാദ്യോപകരണം വായിച്ചുകൊണ്ട് സംഗീതത്തിന്റെ തിരുമുറ്റത്തേക്ക് ജാക്സണ് കടന്നു വരുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും അഞ്ച് വയസ് . എട്ടാംവയസില്‍ ദിജാക്സണ്‍ 5 ന്റെ മുന്നണി ഗായകനായി മധ്യ പാശ്ചാത്യ രാജ്യങ്ങളെ സംഗീതത്തിന്റെ പാലാഴിയില്‍ ആറാടിച്ച മൈക്കിള്‍ജാക്സണിലെ കലാകാരനെ ലോകം കണ്ടറിഞ്ഞു. സംവണ്‍ ഇന്‍ ദ ഡാര്‍ക്ക് എന്ന ആല്‍ബത്തിലൂടെ കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് നേടിയ ജാക്സണ് പിന്നീട് ബാലപീഡനത്തിന്റെ അപവാദവും ഏറ്റുവാങ്ങേണ്ടിവന്നു. 13 വയസുകാരനെ പീഡിപ്പിച്ചു എന്ന വിവാദം അദ്ദേഹത്തിന്റെ കലാജീവിതം അവസാനിച്ചു എന്ന കുപ്രചരണങ്ങളിലേക്ക് വരെ നീണ്ടു. വിവാദങ്ങളുടെ മുള്‍മുനയില്‍നിന്ന 82ല്‍ തന്നെയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സംഗീത സൃഷ്ടി ത്രില്ലര്‍ ഉണ്ടായതും. വിവാദങ്ങളുടെ മുള്‍മുനകളൊടിച്ചുകൊണ്ട് ത്രില്ലര്‍ റെക്കോര്‍ഡുകളുടെ ലോകത്തേക്ക് ഉയര്ത്തപ്പെട്ടപ്പോള് അതിനൊപ്പം ജാക്സണും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. 109 ദശലക്ഷം കോപ്പികള്‍ വിറ്റഴിച്ച ത്രില്ലര്‍ തുടര്‍ച്ചയായ 80 ആഴ്ചകളില്‍ ബില്‍ ബോര്‍ഡ് 200 റേറ്റിങ്ങില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഒന്നായി തുടര്‍ന്ന് ചരിത്രം സൃഷ്ടിച്ചു.
ഉരുക്കു കമ്പനിയിലെ ജീവനക്കാരനായ ജോസഫ് വാള്‍ട്ടര്‍ ആണ് മൈക്കിള്‍ ജാക്സണ്‍ന്റെ അച്ഛന്. തൊഴിലിന്റെ സ്വഭാവം പോലെതന്നെ ഉരുക്കിന്റെ ഹൃദയമായിരുന്നു പിതാവിന്റേതെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. ഈ കഠിനഹൃദയത്തിന്റെ സംരക്ഷണത്തില്‍ വളരേണ്ടിവന്നതാകാം കലാകാരനൊപ്പം ജാക്സണില്‍ വിവാദങ്ങളുടെ തീക്കനലുകളും സൃഷ്ടിക്കപ്പെടാന്‍ കാരണം. ബാലപീഡനങ്ങളിലൂടെ വിവാദങ്ങളില്‍ നിറഞ്ഞപ്പോള്‍ അതില്‍നിന്നുമൊളിച്ചോടാന്‍ ലഹരിയില്‍ അഭയം പ്രാപിച്ച അദ്ദേഹത്തിന് പിന്നീടത് സ്വയം തീര്‍ത്ത ചിതയായിമാറി.
സംഗീതത്തിന്റെ ഈ കളിക്കൂട്ടുകാരന് ബ്രുണോസുല്‍ത്താന്റെ ജന്മദിനത്തിലും ലോകത്തിനായി സംഗീത വിരുന്നൊരുക്കിയിട്ടുണ്ട്. 1996ല്‍ മുംബൈയില്‍ നൃത്തമവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഭാരത മണ്ണിലും എത്തി. സംഗീതത്തിന്റെ ലോകത്ത് സിംഹാസനമിട്ടിരുന്ന കലാകാരനെ മയക്കുമരുന്നിന്റെ രൂപത്തില്‍ വിപത്തുകള്‍ തേടിയെത്തി. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിനും ഭൗതിക ജീവിതത്തിനും അന്ത്യം കുറിച്ചതും ഈ വിപത്തുതന്നെ. നിഗൂഢതകള്‍ ബാക്കിവെച്ച് മനുഷ്യ ഹൃദയങ്ങളിലേക്കൊതുങ്ങിയ ഈ കലാകാരന്റെ ബാക്കിയായ സ്വപ്നമായിരുന്നു തന്റെ പ്രിയപ്പെട്ട ചാന്ദ്രനടത്തം (മൂണ്‍വാക്ക്) ചന്ദ്രനില്‍ നടത്തണമെന്നത്. ആഗ്രഹങ്ങളോട് നാസ മുഖം തിരിച്ചപ്പോള്‍ റഷ്യയുടെ സഹായത്തിനായി ശ്രമിക്കുന്ന കാലത്താണ് സ്വപ്നങ്ങള്‍ അവശേഷിപ്പിച്ച് അദ്ദേഹം മനുഷ്യനേത്രങ്ങള്‍ക്ക് കാണാനാകാത്ത സംഗീതത്തിന്റെ ലോകത്ത് ചാന്ദ്രനടത്തം തുടരാനായി പോയത്.
വി.പ്രവീണ്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: